29 March Friday
ശാരീരിക–-മാനസിക പീഡനം അനുഭവിച്ചെന്ന്‌

യൂത്ത് കോണ്‍​ഗ്രസ്‌ ജില്ലാ പ്രസിഡന്റിനെതിരെ വനിതാ നേതാവിന്റെ പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023


പാലക്കാട്
യൂത്ത് കോൺ​ഗ്രസ് പാലക്കാട്‌ ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിനെതിരെ ​ഗുരുതര ആരോപണവുമായി ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറി എൻ എസ് ശിൽപ്പ. ഫിറോസ്ബാബു മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ശിൽപ്പ കുറിച്ചത്.  ഇതുസംബന്ധിച്ചള്ള പരാതി ജില്ലയിലെ സംഘടനാച്ചുമതലയുള്ള ധനേഷ്‌ലാലിന്‌ കൈമാറി.  ജില്ലാ പഞ്ചായത്ത് മുൻ അംഗം കൂടിയാണ് ശിൽപ്പ. ഇത്രയും ദാർഷ്ട്യത്തോടെയും അഹങ്കാരത്തോടെയും പെരുമാറുന്ന ജില്ലാ പ്രസിഡന്റ് വേറെയുണ്ടാകില്ലെന്നാണ് ശിൽപ്പയുടെ കുറിപ്പ്. ഫിറോസ്ബാബുവിന്റെ വൃക്തിവൈരാ​ഗ്യമാണ് പലരെയും സംഘടനയിൽനിന്ന് പുറത്താക്കാൻ കാരണം. ജില്ലയിൽ യൂത്ത് കോൺ​ഗ്രസിനകത്ത് പരസ്‌പരം വൈരാ​ഗ്യവും വിരോധവും വളർത്താൻ നേതൃത്വം നൽകിയ ഫിറോസിനെ സ്ഥാനത്തുനിന്ന് നീക്കണം. ജില്ലാ കമ്മിറ്റി യോ​ഗത്തിൽ ഫിറോസിനെതിരെ സംസാരിച്ചതിനാൽ യോ​ഗങ്ങൾ അറിയിക്കുന്നില്ലെന്നും ‘ഭ്രഷ്‌ട്’ കൽപ്പിച്ചെന്നും യൂത്ത് ഡയറിയിൽനിന്ന് പേരും ചിത്രവും ഒഴിവാക്കിയെന്നും ശിൽപ്പ ആരോപിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി ബ്ലോക്ക്, മണ്ഡലം സമ്മേളനങ്ങളും ​ഗ്രൂപ്പ് തിരിഞ്ഞാണ് നടന്നതെന്നും ശിൽപ്പ പറയുന്നു. കുറിപ്പ് ശിൽപ്പ സംസ്ഥാന നേതൃത്വത്തിനും കൈമാറി.

ഏകപക്ഷീയമായി മണ്ഡലം കമ്മിറ്റികളെ പിരിച്ച് വിട്ടതിനുപിന്നാലെ യൂത്ത് കോൺ​ഗ്രസിൽ  നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 50ഓളം പേർ രാജിവച്ചു. ലക്കിടി പേരൂർ മണ്ഡലത്തിലെ യൂത്ത് കോൺ​ഗ്രസ് ജില്ലാ ഭാരവാഹിയായ പി എച്ച് ഷക്കീർ ഹുസൈൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ ടി ബി ഫൈറൂസ്, ബി വിഷ്ണു, സെക്രട്ടറി സൽമാൻ ഫാരിസ് മറ്റു പത്തോളം മണ്ഡലം ഭാരവാഹികൾ, 50ഓളം  പ്രവർത്തകരുമാണ് രാജി നൽകിയത്. വരും ദിവസങ്ങളിലും കൂടുതൽ പേർ രാജി വയ്‌ക്കുമെന്നാണ് സൂചന.

യൂത്ത് കോൺ​ഗ്രസ് ജില്ലാ സമ്മേളനത്തിൽ സഹകരിച്ചില്ലെന്ന കാരണത്താൽ വെള്ളിനേഴി, ഷൊർണൂർ, ലെക്കിടി പേരൂർ, പറളി, പാലക്കാട് നോർത്ത്, മേലാർകോട്, വടവന്നൂർ, അയിലൂർ എന്നീ മണ്ഡലം കമ്മിറ്റികളെയാണ്  പിരിച്ചുവിട്ടത്. ജനറൽ സെക്രട്ടറി എം ധനേഷ് ലാലാണ് പിരിച്ചുവിട്ട ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ താൽപ്പര്യ പ്രകാരമാണ് പിരിച്ച് വിട്ടതെന്നാണ് ആരോപണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top