19 April Friday

രാഷ്ട്രീയപ്രേരിത ഹർജി ; വിധിയിൽ നിരാശരായി 
മാധ്യമങ്ങളും പ്രതിപക്ഷവും

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023



തിരുവനന്തപുരം
മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്‌ രാഷ്ട്രീയപ്രേരിതമായി നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന അഭിപ്രായം തിരിച്ചടിക്കുന്നത്‌ പ്രതിപക്ഷത്തെ. കേസിന്റെ നിലനിൽപ്പ്‌ സംബന്ധിച്ച ഭിന്നാഭിപ്രായമാണ്‌ ലോകായുക്തയുടെ പൂർണബെഞ്ചിന്‌ കൈമാറിയതിലേക്ക്‌ നയിച്ചത്‌. ഇത്‌ വ്യക്തമായിട്ടും പ്രതിപക്ഷവും ബിജെപിയും ഒരുപോലെ ആക്ഷേപം തുടരുകയാണ്‌.

ഏതാനും മാധ്യമങ്ങൾ കുറേ ദിവസമായി ഉത്തരവ്‌ മുഖ്യമന്ത്രിക്ക്‌ നിർണായകമാകുമെന്ന്‌ പറഞ്ഞ്‌ പ്രതിപക്ഷത്തിന്‌ പ്രതീക്ഷ നൽകിയിരുന്നു. വെള്ളിയാഴ്‌ച രാവിലെമുതൽ ഹർജിക്കാരനെയും സ്ഥിരം ചർച്ചക്കാരെയും അണിനിരത്തി ചാനലുകൾ ആഘോഷം തുടങ്ങി. ‘ഇനിയെന്ത്‌’ എന്നായിരുന്നു ഒരു ചാനലിന്റെ തലക്കെട്ട്‌.

കേസ്‌ പൂർണബെഞ്ചിന്‌ വിട്ടത്‌ മുഖ്യമന്ത്രിക്ക്‌ എതിരാണെന്ന്‌ വരുത്തിത്തീർക്കാനായിരുന്നു മാധ്യമങ്ങൾ ആദ്യം ശ്രമിച്ചത്‌. നിയമവിദഗ്‌ധർ ഇത്‌ ചൂണ്ടിക്കാണിച്ചതോടെ ‘താൽക്കാലിക ആശ്വാസ’ത്തിലേക്ക്‌ ഉൾവലിഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ കാത്തിരുന്ന പ്രതിപക്ഷ നേതാക്കളുടെ പ്രതികരണങ്ങളിലും നിരാശ നിഴലിച്ചു. ലോകായുക്തയെ വെല്ലുവിളിക്കും വിധത്തിലായിരുന്നു പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ വാർത്താസമ്മേളനം. ലോകായുക്തയെ ഭീഷണിപ്പെടുത്തി വാങ്ങിയ വിചിത്ര വിധിയെന്ന സതീശന്റെ പരാമർശം നിയമവ്യവസ്ഥയെ അവഹേളിക്കുന്നതാണ്‌. സമ്മർദത്തിന്‌ വഴങ്ങുന്നവരെന്ന പരോക്ഷ പരാമർശമാണ്‌ സതീശൻ നടത്തിയത്‌. മുഖ്യമന്ത്രി കുറ്റക്കാരനെന്ന്‌ വ്യക്തമാക്കിയെന്നും ഒരാൾ സാങ്കേതിക പ്രശ്‌നമുന്നയിച്ചു എന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ വിടുവായത്തം. ഉത്തരവിലില്ലാത്തവിധം വ്യാഖ്യാനിക്കുന്നതിലൂടെ സുരേന്ദ്രനും നിയമസംവിധാനത്തെ അവഹേളിച്ചു.

കേസ്‌ അപ്രസക്തം, കാലഹരണപ്പെട്ടത്‌ : ഡോ. സെബാസ്‌റ്റ്യൻ പോൾ
ആർക്കെതിരെയാണ്‌ ആരോപണമെന്നോ, എന്താണ്‌ ആരോപണമെന്നോ വ്യക്തതയില്ലാത്ത കേസാണ്‌ ലോകായുക്തയുടെ പരിഗണനയിലുള്ളതെന്ന്‌ നിയമവിദഗ്‌ധൻ ഡോ. സെബാസ്‌റ്റ്യൻ പോൾ പറഞ്ഞു. 2021ൽ പിണറായി വിജയൻ കാലാവധി പൂർത്തിയാക്കി പദവി ഒഴിഞ്ഞതോടെ അപ്രസക്തമാകുകയോ കാലഹരണപ്പെടുകയോ ചെയ്‌ത ഹർജിയാണിത്‌.

വിധി പറയുന്ന ദിവസം സ്വന്തം അധികാരത്തെക്കുറിച്ച്‌ ന്യായാധിപന്‌ സംശയമുണ്ടായ വിചിത്രമായ അവസ്ഥയാണുള്ളത്‌. ആർക്ക്‌, ആരോട്‌, എന്തിനെക്കുറിച്ചാണ്‌ വിയോജിപ്പ്‌ എന്നതിലും വ്യക്തതയില്ല. ക്യാബിനറ്റ്‌ സമ്പ്രദായത്തിൽ മന്ത്രിസഭയ്‌ക്ക്‌ കൂട്ടുത്തരവാദിത്വം ഉണ്ടായിരിക്കെ, അപ്രകാരമെടുക്കുന്ന തീരുമാനങ്ങൾ ലോകായുക്തയ്‌ക്ക്‌ പരിശോധിക്കാൻ കഴിയുമോ? കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയാൽത്തന്നെ അന്നുള്ളവർ ഇന്ന്‌ മന്ത്രിമാരല്ലാത്തതിനാൽ പദവിയിൽനിന്ന്‌ നീക്കം ചെയ്യുന്നതെങ്ങനെ?

അപ്രസക്തമായത്‌ തള്ളുന്നതിനുപകരം നീട്ടിക്കൊണ്ടുപോയി സമയം പാഴാക്കുന്നതിനും സ്വന്തം വിശ്വാസ്യത നഷ്‌ടപ്പെടുത്താനുമേ ലോകായുക്തയുടെ ഉത്തരവ്‌ കാരണമാകൂ. കോടതിക്ക്‌ നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകൾ പുറപ്പെടുവിക്കാറില്ല എന്നതുപോലെ പ്രധാനപ്പെട്ടതാണ്‌ ഉത്തരവ്‌ പുറപ്പെടുവിക്കാൻ കഴിയാത്ത കേസുകൾ കേൾക്കാതിരിക്കുക എന്നതും –-സെബാസ്‌റ്റ്യൻപോൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top