29 March Friday

കണ്ടു, ഭൂമിയുടെ ഈ അവകാശികളുടെ സങ്കടവും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


കൊച്ചി
തെരുവിൽ അലയുന്ന നായകൾക്കും പൂച്ചകൾക്കും ഭക്ഷണമെത്തിച്ച്‌ ജില്ലാ ഭരണനേതൃത്വം. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വൺനെസ്, ധ്യാൻ ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ പ്രവർത്തകരാണ്  സന്നദ്ധ പ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. പട്ടിണിയിലായ മൃഗങ്ങളെക്കുറിച്ചും കരുതൽ വേണമെന്ന്‌ മുഖ്യമന്ത്രി സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

വൺനെസ് സംഘടനയിലെ 22 വളന്റിയർമാർ കൊച്ചി നഗരത്തിലും പുറത്തുമായി 12 വാഹനങ്ങളിൽ തെരുവുമൃഗങ്ങൾക്ക്‌ ഭക്ഷണം എത്തിക്കും. രാവിലെ ഒമ്പതുമുതൽ 12 വരെയും വൈകിട്ട്‌ അഞ്ചുമുതൽ രാത്രി എട്ടുവരെയുമാണ് ഭക്ഷണവിതരണത്തിന് അനുമതി. ദിവസേന 15 കിലോഗ്രാം അരിയുടെ ഭക്ഷണമാണ് മൃഗങ്ങൾക്കായി  തയ്യാറാക്കുന്നത്. ചോറിനു പുറമെ ബിസ്‌കറ്റുകളും മൃഗങ്ങൾക്കുള്ള ആഹാരവും മെനുവിലുണ്ട്‌.

രോഗം ബാധിച്ച മൃഗങ്ങൾക്കായി ധ്യാൻ ഫൗണ്ടേഷൻ താവളങ്ങളും ഒരുക്കി. പ്രതിരോധ കുത്തിവയ്‌പുകൾ എടുത്തശേഷം ദത്ത് നൽകുകയും ചെയ്യും. എറണാകുളം ബോട്ട് ജെട്ടിക്കു സമീപം തെരുവിൽ അലഞ്ഞുനടന്ന മൃഗങ്ങൾക്ക്‌ ഭക്ഷണസാധനങ്ങൾ  നൽകി.

തെരുവിൽ കഴിയുന്ന മൃഗങ്ങളുടെ ഭക്ഷണസൗകര്യമുൾപ്പെടെ ഒരുക്കാൻ മൃഗസംരക്ഷണ വകുപ്പ്‌ ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചു. തെരുവുമൃഗങ്ങളെക്കുറിച്ചും അവയ്‌ക്ക് ഭക്ഷണമെത്തിക്കുന്നതിലെ തടസ്സങ്ങളും 9995511742 എന്ന നമ്പറിൽ അറിയിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top