26 April Friday

സാനുമാഷ്‌ ‘മുത്തച്ഛനായി’, മുത്തുകൾപോലെ മറുപടിയും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


കൊച്ചി
"കഥയിലെ രാക്ഷസന്മാരൊക്കെ ശരിക്കും ജീവനുള്ളവരാണോ മാഷേ ?’–- മൂന്നാം ക്ലാസുകാരനായ വിരുതന്റെ ചോദ്യം. തലമുറകളുടെ അധ്യാപകനായ പ്രൊഫ. എം കെ സാനുവിന്റെ മറുപടിയിലും കുറുമ്പ്‌ നിറഞ്ഞു.  "പിന്നേ, ഉള്ളതാണ്. പക്ഷേ, അതു നമ്മളിൽത്തന്നെയാണെന്നു മാത്രം... ഉള്ളിലുള്ള ആ അംശത്തെ അടർത്തിയെടുത്താണ് കഥാകാരന്മാർ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്.’

കുട്ടികളുടെ അവധിക്കാല വിരസതയകറ്റാൻ സന്നദ്ധപ്രവർത്തകർ സംഘടിപ്പിച്ച "മുത്തച്ഛനും കുട്ടികളും’ എന്ന ഫോൺ ഇൻ പരിപാടിയുടെ ഭാഗമായാണ് കുട്ടികൾ സാനുമാഷിനെ വിളിച്ചത്.

തലമുറകളെ പഠിപ്പിച്ച അധ്യാപകനെ ഫോണിൽ കിട്ടിയപ്പോൾ മുതിർന്ന കുട്ടികൾ ഗൗരവമുള്ളവരായി. ഗദ്യകവിതയും പദ്യകവിതയും തമ്മിൽ എന്താണ് വ്യത്യാസം എന്നായി ഒരാൾ. പ്രായാധിക്യം മറന്ന് ക്ഷമയോടെ മാഷ് വിശദമായ മറുപടി നൽകി. കലക്ടറാകാൻ ഞാൻ എന്തു പഠിക്കണം എന്ന് ചോദിച്ചവരോട് പരന്ന വായന വേണമെന്ന് പറഞ്ഞു. അപ്രതീക്ഷിതമായി വീണുകിട്ടിയ അവധിദിനങ്ങൾ അതിനായി വിനിയോഗിക്കണമെന്നും പറഞ്ഞു. വിളിച്ചവരോടെല്ലാം മാനുഷികബന്ധങ്ങളെക്കുറിച്ചും സംസാരിച്ചു.

മഹാമാരി പടർന്നുപിടിക്കുന്ന കാലത്ത് പരസ്പര സഹകരണത്തിലൂടെ സാമൂഹ്യജീവിയായി മുന്നോട്ടുപോകണം. ശാരീരിക അകലം പാലിച്ച് മനസ്സുകളെ അടുപ്പിച്ചുനിർത്തണം. ഇണങ്ങി ജീവിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10 മുതൽ 11 വരെയാണ്‌ കുട്ടികളുടെ ഫോൺ വിളികൾക്ക്‌ മറുപടി നൽകിയത്‌. മൂന്നാംക്ലാസ്‌ മുതൽ പത്താംക്ലാസ് വരെയുള്ളവരാണ് ആദ്യദിനം വിളിച്ചത്. വരും ദിവസങ്ങളിലും മാഷുമായി കുട്ടികൾ ഫോണിൽ സംവദിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top