17 April Wednesday

അഞ്ചുമാസത്തെ പെൻഷൻകൂടി; 2833 കോടി അനുവദിച്ചു ; - വിതരണം ഈ ആഴ്‌ച തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020



സ്വന്തം ലേഖകൻ
അഞ്ചുമാസത്തെ ക്ഷേമ പെൻഷൻകൂടി വിതരണം ചെയ്യും. ഡിസംബർമുതൽ ഏപ്രിൽവരെയുള്ള പെൻഷൻ അനുവദിച്ച്‌ ധനവകുപ്പ്‌ ഉത്തരവിറക്കി. ഏപ്രിലിലെ പെൻഷൻ മുൻകൂറായാണ്‌ അനുവദിക്കുക.    1300 രൂപയാണ്‌ ഏപ്രിൽ മുതൽ പ്രതിമാസ പെൻഷൻ. ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ വിതരണം പൂർത്തിയാകുന്ന മുറയ്‌ക്ക്‌ ബാക്കി  ലഭ്യമാക്കും. ഇതോടെ കുറഞ്ഞത്‌ 8500 രൂപ ഓരോ കൈയിലുമെത്തും.

ആകെ 2833 കോടി രൂപ ഇതിനായി അനുവദിച്ചു. അഞ്ചുമാസത്തെ പെൻഷനായി 2730 കോടി രൂപയും   കുടിശ്ശികയ്‌ക്കായി 34 കോടി രൂപയുമുണ്ട്‌. ഡിസംബർ 15നുള്ളിൽ മസ്റ്റർ ചെയ്തവർക്കാണ്‌ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ അനുവദിച്ചത്‌. ഇപ്പോൾ ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തവർക്കുകൂടി കുടിശ്ശികയടക്കം പണം ലഭ്യമാക്കും. മസ്റ്റർ ചെയ്‌തെങ്കിലും വിവാഹം/ പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം സമർപ്പിക്കാത്തതിനാൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ ലഭിക്കാത്തവർക്ക്‌ കുടിശ്ശിക നൽകുന്നതിന് 68 കോടിയും പ്രത്യേകം നീക്കിവച്ചു. ഇപ്പോൾത്തന്നെ തുക നൽകും. ജൂണിനുള്ളിൽ  സാക്ഷ്യപത്രം ഹാജരാക്കിയാൽ മതിയാകും.

1350 കോടി രൂപ സഹകരണ ബാങ്കുകൾവഴിയാണ് വിതരണം ചെയ്യുക. 1483 കോടി രൂപ ഗുണഭോക്താക്കളുടെ  ബാങ്ക് അക്കൗണ്ടുകളിലേക്ക്‌ നിക്ഷേപിക്കും. ഏപ്രിൽ ഒമ്പതോടെ പണം അക്കൗണ്ടിലെത്തും. എന്നാൽ, സഹകരണ സംഘങ്ങൾവഴിയുള്ള വിതരണം ഈ വാരംതന്നെ തുടങ്ങും.

44 ലക്ഷം പേർക്കാണ് പെൻഷന്‌ അർഹത. 16 ക്ഷേമനിധികളിലെ ആറു ലക്ഷത്തോളം അംഗങ്ങൾക്ക് പെൻഷനായി സർക്കാരിൽനിന്ന്‌ 369 കോടി രൂപ അനുവദിക്കും.  ഇവയ്‌ക്കൊപ്പം, ഇപ്പോൾ വിതരണം ചെയ്‌ത തുകകൂടി ചേർത്താൽ 4706 കോടി രൂപയാണ് 54 ലക്ഷം പേരുടെ കൈകളിലെത്തിക്കുന്നത്‌. ഇത് കോവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ വരുമാനം ഉറപ്പാക്കൽ പദ്ധതിയാണെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top