29 March Friday
വിതരണം ഇന്നുമുതൽ . 5 പേരിൽ കൂടുതൽ ക്യൂവിൽ നിൽക്കരുത്‌

സൗജന്യ റേഷൻ വിതരണത്തിന്‌ ക്രമീകരണം ; വിതരണം സുരക്ഷാ മുൻകരുതലുകൾ പാലിച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


കോവിഡ്‌–- 19 നിയന്ത്രണത്തെതുടർന്ന്‌  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇന്നുമുതൽ. ഒരേസമയം അഞ്ചിൽ കൂടുതൽ പേർ ക്യൂവിലോ കടയ്‌ക്കു മുന്നിലോ  പാടില്ല. റേഷൻ വാങ്ങുന്നതിന്‌ കാർഡിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരണം ഏർപ്പെടുത്തി. അഞ്ച്‌ ദിവസത്തിനുള്ളിൽ എല്ലാവർക്കും റേഷൻ നൽകും.  ഞായറാഴ്‌ചയും റേഷൻ കട പ്രവർത്തിക്കും. ഈ ദിവസങ്ങളിൽ  വാങ്ങാൻ കഴിയാത്തവർക്ക്‌ പിന്നീട്‌ വാങ്ങാം.  ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്‌ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാണ്‌ റേഷൻ വിതരണം.


 

കടകളിൽ എത്തുന്നവർ അവിടെയുള്ള സോപ്പും വെള്ളം ഉപയോഗിച്ച്‌ കൈകഴുകണം. പനിയോ ജലദോഷമോ ഉള്ളവർ കടകളിൽ വരരുതെന്നും നിർദേശമുണ്ട്‌. നേരിട്ടെത്താൻ കഴിയാത്തവർക്കുള്ള റേഷൻ തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്‌ത സന്നദ്ധ പ്രവർത്തകർ  വീടുകളിലെത്തിക്കും.  കാർഡില്ലാത്തവർ ആധാർ നമ്പരും ഫോൺ നമ്പരും അടങ്ങുന്ന സത്യവാങ്മൂലം റേഷൻ വ്യാപാരിക്ക്‌ നൽകണം. മറ്റൊരിടത്തും റേഷൻ കാർഡിൽ പേരില്ലാത്തവർക്കുമാത്രമാണ്‌ ഈ സൗകര്യം ലഭിക്കുക. 

കേന്ദ്ര സർക്കാർ മുൻഗണനാവിഭാഗത്തിന്‌  പ്രഖ്യാപിച്ച അഞ്ച്‌ കിലോ അരിയുടെ വിതരണവും ഏപ്രിലിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ 1000 രൂപ വില വരുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഏപ്രിൽ ആദ്യവാരം ആരംഭിക്കും.റേഷൻ കടകളിൽ തിരക്ക്‌ കൂട്ടാതിരിക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഭിക്കുന്ന റേഷൻ
■മഞ്ഞ (എഎവൈ) കാർഡ്‌–- 35 കിലോ 
■പിങ്ക്‌ (പിഎച്ച്‌എച്ച്‌) കാർഡ്‌ ഒരാൾക്ക്‌ അഞ്ച്‌ കിലോവീതം
■നീല, വെള്ള കാർഡുടമകൾക്ക്‌ 15 കിലോ

 

വിതരണം ഇങ്ങനെ
◆മഞ്ഞ (എഎവൈ), പിങ്ക്‌ (പിഎച്ച്‌എച്ച്‌ ) കാർഡുടമകൾ–- പകൽ ഒമ്പതുമുതൽ ഒന്നുവരെ
◆നീല (എൻപിഎസ്‌ ), വെള്ള (എൻപിഎൻഎസ്‌ ) കാർഡുടമകൾ–- പകൽ രണ്ടുമുതൽ അഞ്ചുവരെ


സൗജന്യ റേഷൻ വാങ്ങാം അവസാന നമ്പർ ക്രമത്തിൽ
●ബുധനാഴ്‌ച –- 0, 1 
●വ്യാഴാഴ്‌ച–-   2, 3
●വെള്ളിയാഴ്‌ച–- 4, 5 
●ശനിയാഴ്‌ച 6, 7
●ഞായറാഴ്‌ച–- 8, 9

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top