28 March Thursday

നിസ്സാമുദ്ദിനിലെത്തിയ 11 പത്തനംതിട്ടക്കാരെ തിരിച്ചറിഞ്ഞു ; മലപ്പുറത്ത്‌ 14 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


പത്തനംതിട്ട
നിസ്സാമുദ്ദീൻ ദർഗയിലെ തബ്‌‌ലീഗ്‌ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ പത്തനംതിട്ട സ്വദേശികളായ 11 പേരെ തിരിച്ചറിഞ്ഞു. കൂടുതൽ ആളുകളുണ്ടോയെന്ന്‌ സ്‌പെഷ്യൽ ബ്രാഞ്ച്‌ അന്വേഷിക്കുന്നുണ്ട്‌.  ഇവരിൽ  ഏഴുപേർ നാട്ടിൽ ഹോം ക്വാറന്റൈനിൽ കഴിയുകയാണ്‌.  രണ്ടു പേരുടെ സാമ്പിൾ ചൊവ്വാഴ്‌ച ശേഖരിച്ചു. മറ്റുള്ളവരുടെ ഇന്ന്‌ ശേഖരിക്കും. ഇവരിൽ ഒരാൾ പന്തളം സ്വദേശിയും മറ്റുള്ളവർ പത്തനംതിട്ട നിവാസികളുമാണ്‌.

എന്നാൽ, മാർച്ച്‌ മാസം ഏഴു പേരും അതിന്‌ മുമ്പ്‌ പത്തോളം പേരും നിസ്സാമുദ്ദീന്‌ പോയിരുന്നതായി പത്തനംതിട്ട ജമാഅത്ത്‌ പ്രസിഡന്റ്  എച്ച് ഷാജഹാൻ പറഞ്ഞു.
നിസ്സാമുദ്ദീനിലെത്തിയ പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജ്‌ റിട്ട. പ്രൊഫ  വെട്ടിപ്രം മേപ്പുറത്ത് ഫാത്തിമ മൻസിലിൽ ഡോ. എം സലീം.  ഈ മാസം 24ന്‌ മരിച്ചു.  നിസാമുദീൻ ബംഗ്ലാവലി മസ്‌ജിദിലായിരുന്നു നിര്യാണം.  അടുത്ത ദിവസം നിസാമുദ്ദീൻ മർക്കസിൽ  സംസ്‌കരിച്ചു. സലീമിന്റെ മരണം  ഹൃദയാഘാതം മൂലമായിരുന്നെന്നാണ്‌ അന്ന്‌ ബന്ധുക്കൾ പറഞ്ഞത്‌. മൃതദ്ദേഹം പോസ്‌റ്റ്‌മോർട്ടം നടത്തിയതായി സൂചനകളില്ല.

സലീമിന്റെ മരുമകൻ ബാലരാമപുരം സ്വദേശി അറബിക്‌ കോളേജ് അധ്യാപകനും സുഹൃത്ത് ആനപ്പാറ സ്വദേശി റിട്ട. അധ്യാപകനും സലീമിനോടൊപ്പം ഉണ്ടായിരുന്നു. മറ്റൊരാർ കൂടി നിസ്സാമുദ്ദീനിൽ ഉണ്ടെന്നറിയുന്നു.സംസ്ഥാനത്തുനിന്ന്‌  ഇതേ രീതിയിൽ 24 പേർ  നിസാമുദ്ദീനിൽ എത്തിയിരുന്നതായി കലക്ടർ പി ബി നൂഹ്‌ പറഞ്ഞു. കുടുതൽ ആളുകൾ ഉണ്ടോയെന്ന്‌ അന്വേഷണം നടക്കുന്നുണ്ട്‌.

മലപ്പുറത്ത്‌  14 പേർ നിരീക്ഷണത്തിൽ
നിസാമുദ്ദീനിൽ സമ്മേളനത്തിൽ പങ്കെടുത്ത മലപ്പുറം സ്വദേശികളായ നാല്‌ പേർ ഡൽഹിയിൽ ചികിത്സയിലാണെന്ന്‌ ഡിഎംഒ കെ സക്കീന അറിയിച്ചു. മാർച്ച്‌ ആദ്യംമുതൽ സമ്മേളനത്തിനായി ഡൽഹിയിൽ പോയ 14 പേർ മലപ്പുറത്ത്‌ നിരീക്ഷണത്തിലാണ്‌. ഇതിൽ 12 പേർ വീടുകളിലും രണ്ട്‌ പേർ ഐസൊലേഷൻ വാർഡിലുമാണ്‌. വീടുകളിൽ നിരീക്ഷണത്തിന്‌ തയ്യാറാകാത്തതിനെ തുടർന്നാണ്‌ രണ്ട്‌ പേരെ ഐസൊലേഷൻ വാർഡിലാക്കിയത്‌.

ഇടുക്കിയിൽ 6 പേർ
ഇടുക്കി ജില്ലയിൽ നിന്നുപോയ നാലുപേർ വീടുകളിലും രണ്ടുപേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്‌. തൊടുപുഴ കീരികോട‌്, കുമ്മംകല്ല്, നെടുങ്കണ്ടം, വണ്ടിപ്പെരിയാർ, എറണാകുളം ജില്ലയിലെ മടക്കത്താനം എന്നിവിടങ്ങളിലുള്ളവരാണ‌് ഇവർ. രണ്ടുപേർ തൊടുപുഴ ജില്ലാ ആശുപത്രിയിലാണുള്ളത്. ഇവർക്ക‌് രോഗലക്ഷണങ്ങളില്ലെന്നാണ‌് ആശുപത്രി അധികൃതർ അറിയിച്ചത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top