23 April Tuesday
രാജ്യത്തെ ആദ്യ 10 സർവകലാശാലയുടെ പട്ടികയിൽ കുസാറ്റിനെ എത്തിക്കും: വിസി

കുസാറ്റ് മികവിന് വീണ്ടും അംഗീകാരം

കെ പി വേണുUpdated: Wednesday Apr 1, 2020


കളമശേരി
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല രണ്ടാം വട്ടവും ചാൻസലേഴ് സ് അവാർഡ് കരസ്ഥമാക്കുന്നത് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ. 800 മാർക്കിനുള്ള പ്രവർത്തന നേട്ടങ്ങളെക്കുറിച്ചുള്ള ചോദ്യാവലിയും 100 മാർക്കിനുള്ള പ്രോജക്ടും പരിഗണിച്ചാണ് അഞ്ചാമത് ചാൻസലേഴ്സ് അവാർഡ് കുസാറ്റിന് സ്വന്തമായത്.
റിസർച്ച് പ്രസിദ്ധീകരണങ്ങൾ, ഗവേഷണ ബിരുദങ്ങൾ, പ്ലേസ്‌മെന്റ്, പേറ്റന്റ്, റിസർച്ച് പ്രോജക്ടുകൾ എന്നിവയുടെ എണ്ണം, സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനം, സർവകലാശാലയുടെ ഹരിത സങ്കൽപ്പം, ഭരണനിർവഹണം തുടങ്ങിയവയാണ്‌ ചോദ്യാവലിയിലുള്ളത്.

അവാർഡ് നിർണയ സമിതിക്കുമുമ്പാകെ നാല് പ്രോജക്ട്‌ നൽകി.  അവസാനവട്ടം ലേസർ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രോജക്ടിന് അംഗീകാരം ലഭിക്കുകയായിരുന്നു.  കുസാറ്റിൽ 28 ഡിപ്പാർട്‌മെന്റും 20 സെന്ററുമുണ്ട്. ഇതിൽ ഒരു നാഷണൽ സെന്ററും മൂന്ന് ഇന്റർ യൂണിവേഴ്സിറ്റി സെന്ററുകളുമുണ്ട്. ഇതിൽ എംഎച്ച്ആർഡി ഗ്രാന്റ് ലഭിക്കുന്ന ഐപിആർ സെന്റർ രാജ്യത്ത് ശ്രദ്ധേയമാണ്.

വിദ്യാർഥികളിൽ  നാലായിരത്തോളം പേർ വിവിധ ബിടെക് ബ്രാഞ്ചുകളിലെ പഠിതാക്കളാണ്. അവശേഷിക്കുന്ന 4203 പേരിൽ രണ്ടായിരത്തോളം പേർ ഗവേഷകരും ബാക്കിയുള്ളവർ വിവിധ ബിരുദാനന്തര ബിരുദ വിദ്യാർഥികളുമാണ്. 2017ൽ കുസാറ്റിന്‌ ലഭിച്ച ചാൻസലേഴ്‌സ്‌ അവാർഡു തുകയായ അഞ്ചു കോടിയിൽ രണ്ടു കോടി ചെലവഴിച്ച്‌  ലേഡീസ് ഹോസ്റ്റൽ നിർമിച്ചു. 2.5 കോടി ചെലവഴിച്ച് ഉയർന്ന റാങ്കിങ്ങുള്ള വിദേശ സർവകലാശാലയിലെ പ്രൊഫസർമാർ ക്യാമ്പസിൽ താമസിച്ച് അധ്യാപകരും വിദ്യാർഥികളുമായി ആശയവിനിമയം നടത്തുന്ന പദ്ധതി ആവിഷ്കരിച്ചു. 50 ലക്ഷം രൂപ മിടുക്കരായ യുവ അധ്യാപകർക്കും ഗവേഷകർക്കും അവാർഡ് നൽകാനും മാറ്റിവച്ചു. ഇത്തവണ ലഭിച്ച അവാർഡ്‌  കുസാറ്റ് ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സമിതി (ഐക്യുഎസി)യുടെ  പ്രോജക്ട് യാഥാർഥ്യമാക്കാൻ വിനിയോഗിക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ഐക്യുഎസി ഡയറക്ടർ ഡോ. കെ ഗിരീഷ് കുമാർ പറഞ്ഞു.

രാജ്യത്തെ ആദ്യ 10 സർവകലാശാലയുടെ പട്ടികയിൽ കുസാറ്റിനെ എത്തിക്കും: വിസി
കളമശേരി
കുസാറ്റിന്റെ വിഭവശേഷി അധ്യാപന ഗവേഷണ മേഖലയിലും സാമൂഹ്യ രംഗത്തും ഒരുപോലെ ഫലപ്രദമായി വിനിയോഗിക്കാനുള്ള അവസരമായാണ്  അഞ്ചുകോടി രൂപയുടെ ചാൻസലേഴസ്‌ അവാർഡ്‌ നേട്ടത്തെ കാണുന്നതെന്ന് കൊച്ചിൻ ശാസ്‌ത്ര സാങ്കേതിക സർവകലാശാല  വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനൻ പറഞ്ഞു.  8000 വിദ്യാർഥികൾ, മുന്നൂറിലേറെ അധ്യാപകർ, എഴുനൂറ്റമ്പതോളം അനധ്യാപക ജീവനക്കാർ എന്നിവരുടെ പ്രവർത്തനശേഷി വിനിയോഗിച്ചതിനുള്ള അംഗീകാരമാണ് രണ്ടാമതും ലഭിച്ച ചാൻസലേഴ്സ് അവാർഡ്‌. കുസാറ്റിന് ദേശീയ റാങ്കിങ്ങിൽ 65–--ാം സ്ഥാനമാണ്. ആദ്യത്തെ 10 സർവകലാശാലയുടെ പട്ടികയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേട്ടം ഊർജം പകരും. നിലവിൽ അന്തർദേശീയ തലത്തിൽ ടൈംസ് റാങ്കിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുക എന്ന ലക്ഷ്യവുമായി സർവകലാശാലയുടെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം രൂപീകരിച്ചു.

37 വിദേശ സർവകലാശാലയുമായി ധാരണപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. കുസാറ്റിലെ ഇരുപതോളം വിദ്യാർഥികൾ  വിദേശ സർവകലാശാലകളിൽ ഇന്റേൺഷിപ് പൂർത്തീകരിച്ചു. വിദേശത്തുനിന്നും വിദ്യാർഥികൾ ഇന്റേൺഷിപ്പിനായി വരുന്നുണ്ട്. വിദേശ സർവകലാശാലകളുമായുള്ള ഗവേഷണ സഹകരണം, അധ്യാപക - വിദ്യാർഥി വിനിമയം എന്നിവ കൊച്ചി സർവകലാശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഗുണകരമാകും.

ഇന്റ്‌ഗ്രേറ്റഡ് ലൈഫ് സയൻസ് പ്രോഗ്രാം, ഫോറൻസിക് സയൻസ്, ഡാറ്റ സയൻസ് എന്നീ വിഷയങ്ങളിൽ എംഎസ്‌സി, ജപ്പാനിലെ ഷിമാനെ സർവകലാശാലയുമായി സഹകരിച്ച എന്റർപ്രണർഷിപ്പ് ആൻഡ്‌ ഇന്നവേഷൻ ഡിപ്ലോമ എന്നീ പുതിയ കോഴ്‌സുകൾ തുടങ്ങാനും   ധാരണയായിട്ടുണ്ട്. സ്റ്റാർട്ടപ്‌, ഇന്നവേഷൻ എന്ന മേഖലകളിൽ കൂടുതൽ ശ്രദ്ധയൂന്നുന്നതിനായി ഇന്നവേഷൻ ഹബ്ബ് തുടങ്ങും.

വ്യാവസായിക മേഖലയുമായി സഹകരിച്ച് പുതിയ കോഴ്‌സുകൾ തുടങ്ങും. പഠനം പൂർത്തീകരിച്ച അറുന്നൂറോളം വിദ്യാർഥികൾക്ക് പ്ലേസ്‌മെന്റ് സെൽ വഴി കഴിഞ്ഞവർഷം  തൊഴിൽ ലഭ്യമാക്കാൻ സാധിച്ചു.  പ്രാദേശിക പ്രശ്നങ്ങളിലിടപ്പെട്ട് പ്രവർത്തിക്കാൻ കമ്യൂണിറ്റി ലാബുകൾ സ്ഥാപിക്കും. പൂർവ വിദ്യാർഥി സംഘടന ശക്തിപ്പെടുത്തി അവരുടെ സേവനവും സർവകലാശാല വഴി പൊതുസമൂഹത്തിന് ലഭ്യമാക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top