20 April Saturday

കോവിഡിനെ പ്രതിരോധിക്കാൻ അശാസ്‌ത്രീയ മരുന്നുപയോഗം കൂടുന്നു

സ്വന്തം ലേഖികUpdated: Wednesday Apr 1, 2020


കോഴിക്കോട്‌
കോവിഡിനെ പ്രതിരോധിക്കാനെന്ന പേരിൽ അശാസ്‌ത്രീയമായി  ആന്റിബയോട്ടിക്‌–- ആന്റിവൈറൽ മരുന്നുകൾ ആളുകൾ വ്യാപകമായി ഉപയോഗിക്കുന്നു. ക്ലോറോ ക്വിനോൺ, അസിത്രോമൈസിൻ, ഒസൽറ്റാമിവിർ തുടങ്ങിയ മരുന്നുകളാണ്‌ മരുന്ന്‌ കടകളിൽനിന്ന്‌ കുറിപ്പടി പോലുമില്ലാതെ വിറ്റഴിയുന്നത്‌.

കോവിഡ്‌ 19 സംശയിക്കുന്നവർ, അവരെ പരിചരിച്ചവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക്‌ കഴിക്കാനായി ഈ മരുന്നുകൾ സർക്കാർ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയിരുന്നു. രോഗം വന്നാൽ ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയുടെ തീവ്രത കുറയ്‌ക്കാനുള്ള കരുതലായി മാത്രമാണ്‌ ഇത്‌ നൽകുന്നത്‌. ക്ലോറോ ക്വിനോൺ നൽകാൻ ഐസിഎംആറും (ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌)നിർദേശിച്ചിട്ടുണ്ട്‌. എന്നാൽ സോഷ്യൽ മീഡിയകളിൽ ഈ വാർത്ത പരന്നതോടെ രോഗത്തെ പ്രതിരോധിയ്ക്കാനെന്ന പേരിൽ പൊതുജനങ്ങൾ മരുന്ന്‌ കഴിക്കുകയാണ്‌. ഇത്‌ വലിയ അപകടം വരുത്തിവയ്‌ക്കുമെന്ന്‌ വിദഗ്‌ധർ പറയുന്നു.

മലേറിയ, സന്ധിവാതം എന്നീ രോഗങ്ങൾക്ക്‌ നൽകുന്നതാണ്‌  ക്ലോറോ ക്വിനോൺ. എച്ച്‌വൺ എൻവണിനെതിരെയുള്ള ഒസൽറ്റാമിവിർ, ആന്റിബയോട്ടിക്‌ ആയ അസിത്രോമൈസിൻ എന്നിവ വ്യാപകമായി വാങ്ങുന്നതിനാൽ  ഈ മരുന്നുകൾ കിട്ടാനില്ലാത്ത സാഹചര്യമുണ്ട്‌. ഈ മരുന്ന്‌ കഴിക്കേണ്ട രോഗികൾക്ക്‌ ഇവ ലഭ്യമാകാത്ത അവസ്ഥയാണ്‌ ഇതുവഴി ഉണ്ടാകുന്നത്‌.

കുറിപ്പില്ലാതെയും പഴയ കുറിപ്പുമായും മരുന്ന്‌ കടകളിൽ നിരവധിപേർ ഈ മരുന്നുകൾക്ക്‌ എത്തുന്നുണ്ടെന്ന്‌ ഫാർമസി കൗൺസിൽ വൈസ്‌ പ്രസിഡന്റ്‌ ടി സതീശൻ  പറഞ്ഞു. ക്ഷാമമുണ്ടാകുമെന്ന ഭീതിയിൽ കൂടുതൽ അളവിൽ  വാങ്ങിവയ്‌ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്‌ 19 സാധ്യത കൽപ്പിക്കുന്നവർക്ക്‌ രോഗ തീവ്രത ഒഴിവാക്കാനുള്ള കരുതലായി മാത്രമാണ്‌ ഈ മരുന്നുകൾ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയതെന്ന്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വൈസ്‌ പ്രസിഡന്റും ഇഎൻടി സർജനുമായ ഡോ. സുൽഫി നൂഹ്‌ പറഞ്ഞു. പൊതുജനങ്ങൾ ഇത്‌ ഉപയോഗിക്കേണ്ടതില്ല. ക്ലോറോ ക്വിനോൺ മരുന്ന്‌ അമിതമായി കഴിച്ചാൽ കാഴ്‌ച മങ്ങാനും ഹൃദയ സ്‌തംഭനം വരെയുണ്ടാകാനും സാധ്യതയുണ്ട്‌. രോഗം വരാതെ ഈ മരുന്ന്‌ കഴിച്ചാൽ പ്രതിരോധശേഷി കുറയുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top