20 April Saturday

യക്ഷഗാന ബൊമ്മകളും ലോക് ഡൗണിൽ

സതീഷ് ഗോപിUpdated: Tuesday Mar 31, 2020
കാസർകോട്
പറന്നുവരുന്ന തേരിലെ പയറ്റും യുദ്ധഭൂമിയിലെ പോരാട്ടവുമായി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിലൂടെ ഈ യക്ഷഗാന ബൊമ്മകൾ വിസ്മയിപ്പിക്കും. കോവിഡ് കളം പിടിച്ചില്ലായിരുന്നില്ലെങ്കിൽ കടലുകൾക്കപ്പുറത്ത് വിഹരിക്കേണ്ടവരാണ്. പുലിക്കുന്നിലെ " ബൊമ്മ മന’യിൽ ലോക് ഡൗണിലാണ് ലോകം ചുറ്റിയ ശ്രീ ഗോപാലകൃഷ്ണ ബൊമ്മയാട്ട സംഘത്തിലെ " റിയാലിറ്റി ഷോ 'ക്കാർ.
മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള കെ വി രമേശനാണ് യക്ഷഗാന ബൊമ്മ സംഘത്തിന്റെ നായകൻ. യക്ഷഗാന വേഷമിട്ട പാവകളാണ് പിൻപാട്ടിനും സംഭാഷണത്തിനുമൊപ്പിച്ച് അരങ്ങിൽ ആടിത്തിമിർക്കുന്നത്. പാലക്കാട്ടെ പുലവരുടെ കൂത്തുമാടങ്ങളിലെ പാവക്കൂത്തിനോട് യക്ഷഗാന ബൊമ്മയാട്ടത്തിന് സാമ്യമുണ്ട്. പാവകളുടെ സന്ധിയിൽ ഘടിപ്പിച്ച ചരടുകളിൽ വിരൽ കോർത്താണ് ചലനം സാധ്യമാക്കുന്നത്.  ചൈന, അമേരിക്ക, ഫ്രാൻസ്, പാകിസ്ഥാൻ, ചെക്കസ്ലോവാക്യ തുടങ്ങിയ  രാജ്യങ്ങളിലും ഗൾഫ്‌ മേഖലയിലും ഇന്ത്യൻ സംസ്ഥാനങ്ങളിലും പല തവണ സംഘം പര്യടനം നടത്തിയിട്ടുണ്ട്. മധ്യവേനൽ കാലത്ത് വിമാനം കയറാനിരിക്കെയാണ് വൈറസ് വഴിമുടക്കിയത്.
യക്ഷഗാനപ്രേമിയായ അച്ഛനാണ് രമേശിന്റെ ആദ്യ പരിശീലകനും ബൊമ്മയാട്ടത്തിലെ ഗുരുവും. കാസർകോട് ഗവ. കോളേജിൽനിന്ന് ജിയോളജിയിൽ ബിരുദം നേടിയ രമേശ് വിവാഹം വേണ്ടെന്ന് വച്ചാണ് പാവകളിയുടെ പ്രാണേതാവായത്. ഒരു ബൊമ്മ യുണ്ടാക്കാൻ മാത്രം 15000 രൂപ ചെലവുണ്ട്. അനുബന്ധ ചെലവ് വേറെയും. 15 പേരുണ്ട് സംഘത്തിൽ. പുതിയ കുട്ടികളെ പരിശീലിപ്പിച്ച് യക്ഷഗാന പാരമ്പര്യവും ബൊമ്മയാട്ടപ്പെരുമയും സംരക്ഷിക്കാൻ പ്രയത്നിക്കുകയാണ് രമേശ്. പുലിക്കുന്നിൽ ഒരു കോടിയോളം രൂപ ചെലവിട്ട് " ബൊമ്മ മനെ " അഥവാ പാവകളുടെ വീട് എന്ന സംരംഭം തുടങ്ങിയിട്ടുണ്ട്. സഹോദരങ്ങളും കലാകാരന്മാരുമായ ഡോ. ഓം പ്രകാശ്‌, എൻജിനീയർ ശ്രീവത്സ എന്നിവരും തുണനിൽക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് കലാ ഗവേഷകർ ഇവിടെയെത്താറുണ്ട്.   ചെക്കസ്ലോവാക്യയിൽനിന്ന് ദ ബെസ്റ്റ് ട്രഡീഷണൽ പപ്പറ്റ്  പെർഫോർമർ ഉൾപ്പടെ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
മഹാമാരിയുടെ ഭീതിയൊഴിഞ്ഞാൽ ഗരുഡ ഗർവ ഭംഗവും ശ്രീദേവി മഹാത്മ്യവും നരകാസുരവധവുമൊക്കെയായി അരങ്ങ് കീഴടക്കാൻ അണിഞ്ഞൊരുങ്ങുകയാണ് ബൊമ്മ മനയിലെ പാവക്കൂട്ടം .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top