17 August Wednesday

കർണാടകത്തിൽ വീണ്ടും യാത്രാനിയന്ത്രണം

അനീഷ്‌ ബാലൻUpdated: Tuesday Nov 30, 2021

കോവിഡ്‌ നോഡൽ ഓഫീസർ ഡോ. അശോക്‌ തലപ്പാടിയിലെ ആർടിപിസിആർ പരിശോധനാകേന്ദ്രത്തിൽ 
സ്ഥിതിഗതികൾ വിലയിരുത്തുന്നു

മംഗളൂരു

കേരളത്തിൽനിന്ന്‌ എത്തുന്നവർക്ക്‌  വീണ്ടും കർണാടകത്തിൽ കർശന പരിശോധന ഏർപ്പെടുത്തി. ഒരു മാസമായി അതിർത്തിയിൽ അയഞ്ഞ പരിശോധനയായിരുന്നു. തിങ്കളാഴ്ച എത്തിയവരിൽ സാമ്പിൾ നൽകാൻ വിസമ്മതിച്ച, കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഇല്ലാത്തവരെ തിരിച്ചയച്ചു. അതിർത്തിയിലും റെയിൽവേ സ്‌റ്റേഷനുകളിലും യാത്രക്കാരെ പരിശോധനക്ക്‌ വിധേയമാക്കിയതോടെ യാത്ര മണിക്കൂറുകൾ വൈകി. തലപ്പാടിയിൽ കടുത്ത വെയിലിൽ നൂറുകണക്കിനാളുകളാണ്‌ വരിനിന്ന്‌ പരിശോധനക്ക്‌ വിധേയമായത്‌. ആശുപത്രികളിലേക്ക്‌  പോകുന്നവരും വിദ്യാർഥികളും കടുത്ത ദുരിതത്തിലായി. 
   റോഡുവഴി വരുന്നവരെ തലപ്പാടി ഉൾപ്പെടെയുള്ള ചെക്ക്‌പോസ്‌റ്റിലും തീവണ്ടിമാർഗം വരുന്നവരെ മംഗളൂരു സെൻട്രൽ, ജങ്‌ഷൻ സ്‌റ്റേഷനുകളിലും പരിശോധിച്ചു. എല്ലായിടത്തും പൊലീസ്‌, ആരോഗ്യവകുപ്പ്‌ ജീവനക്കാരെ വ്യന്യസിച്ചു. തലപ്പാടിയിലും മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലും ആരോഗ്യ വകുപ്പ്‌ കോവിഡ് പരിശോധനാ സംവിധാനം പുനരാരംഭിച്ചു. 72 മണിക്കൂറിനിടെയുള്ള  കോവിഡ്‌ നെഗറ്റീവ്‌  സർട്ടിഫിക്കറ്റ്‌ ഹാജരാക്കാത്തവരുടെ സാമ്പിൾ ശേഖരിച്ചശേഷമാണ് കർണാടകത്തിലേക്ക്‌ കടത്തിവിടുന്നത്.  അല്ലാത്തവരെ തിരിച്ചയച്ചു. ദിവസേന യാത്ര ചെയ്യുന്നവർ 14 ദിവസത്തിലൊരിക്കൽ കോവിഡ്‌ നെഗറ്റീവ്‌ റിപ്പോർട്ട്‌ ഹാജരാക്കണം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് കേരളത്തിൽനിന്നുള്ളവർ  വന്നെത്തുന്ന  ഉഡുപ്പി, ബൈന്ദൂർ റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കടുത്തു. 
   കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും എത്തുന്നവർക്കാണ് കർണാടക വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ചികിത്സാ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ശ്രമിക്കുമെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമീഷണർ ഡോ. കെ വി രാജേന്ദ്ര വ്യക്തമാക്കി. 
  കേരളത്തിൽനിന്ന്‌ നവംബർ 12നുശേഷം എത്തിയ  വിദ്യാർഥികളുടെ വിവരങ്ങൾ നൽകാൻ ജില്ലയിലെ കോളേജുകളോട്‌ ജില്ലാ ഭരണകേന്ദ്രം ആവശ്യപ്പെട്ടു. 
മാക്കൂട്ടം ചുരം പാതയിൽ ഇളവ്‌ 
ഇരിട്ടി
മാക്കൂട്ടം- ചുരം പാതയിൽ യാത്രക്കാർക്ക്‌ നിബന്ധനകളിൽ നേരിയ ഇളവ്‌. വിദ്യാർഥികൾക്കും  വ്യാപാരികൾക്കും രണ്ടാഴ്‌ചക്കകം എടുത്ത ആർടിപിസിആർ രേഖ മതിയെന്നാണ്‌ പുതിയ നിർദ്ദേശം. 72 മണിക്കൂറിനകമുള്ള പിസിആർ രേഖ വേണമെന്ന നിബന്ധനയിലാണ്‌ ഇളവ്‌. ചുരം പാതയിൽ പൊതുഗതാഗതം ആരംഭിക്കുന്നതിലും വൈകാതെ തീരുമാനമുണ്ടായേക്കും.
അടച്ചുപൂട്ടലെന്ന്‌ വ്യാജ പ്രചാരണം
മംഗളൂരു
കർണാടകത്തിൽ വീണ്ടും അടച്ചുപൂട്ടൽ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന്‌ സംസ്ഥാന സർക്കാർ. അത്തരം സാഹചര്യമോ, നിർദേശമോ ഇല്ല. പരിഭ്രാന്തരാകേണ്ടതില്ലെന്ന്‌ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആരോഗ്യമന്ത്രി ഡോ. കെ സുധാകറും പറഞ്ഞു. ബംഗളൂരുവിൽ കോവിഡ്‌ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരന്മാരിലൊരാൾക്ക്‌ ഡെൽറ്റ വകഭേദമല്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ്‌ വ്യാജപ്രചാരണം ശക്തമായത്‌. കർശന നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top