29 March Friday

ചിലങ്കകള്‍ നിശബ്ദമായി; നാടിന്റെ കണ്ണീരായി ആതിര

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

ആതിര

കൊളത്തൂർ>  എത്രവേദികൾ ബാക്കിയാക്കിയാണ്‌ ആതിര മടങ്ങിയത്‌. എത്ര തട്ടകത്തിലെ നൃത്തച്ചുവടുകൾ അനാഥമാക്കിയാണ്‌ അവൾ എല്ലാവരിലും വേദനയായത്‌. ബാലസംഘം കൂട്ടുകാരി കൊളത്തൂരിലെ ആതിര അശോക് (21) നാടിന്റെ കണ്ണീർത്തുള്ളിയായി മടങ്ങി. 

 അർബുദ ബാധിതയായി ഏറെക്കാലം ചികിത്സയിലായിരുന്നു. നിലവിൽ എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്റാണ്.  മുൻ ഏരിയാ പ്രസിഡന്റ്, മുൻ ജില്ലാ കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ കൊളത്തൂർ ഈസ്റ്റ് മേഖല കമ്മറ്റിയംഗം, അഞ്ചാംമെയിൽ യൂണിറ്റ് സെക്രട്ടറി, സിപിഐ എം ബറോട്ടി ബ്രാഞ്ചാംഗം എന്നീ ചുമതലകളുണ്ടായിരുന്നു. ആതിരയില്ലാത്ത  വേനൽതുമ്പി കലാജാഥയും ബേഡകത്തുകാർക്ക്‌ ഓർമയുണ്ടാകില്ല. രോഗക്കിടക്കയിൽ ബിരുദം പൂർത്തിയാക്കിയ ആതിര, മികച്ച നർത്തകി കൂടിയാണ്‌. 
 
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ആതിരക്ക്  കാൽമുട്ട് വേദന ഉണ്ടായിരുന്നു.  കഴിഞ്ഞ ഏപ്രിലിലാണ് പരിയാരം  മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ അർബുദം സ്ഥിരീകരിച്ചത്‌.  കോഴിക്കോട് എംവിആർ മെഡിക്കൽ കോളേജിലും കാസർകോട് നായനാർ സഹകരണ ആശുപത്രിയിലും ചികിത്സ തടുർന്നു. സിപിഐ എം ഇടപെട്ട്‌ ചികിത്സാ സഹായകമ്മിറ്റിയുണ്ടാക്കി പ്രയത്നിച്ചെങ്കിലും  അവളെ ജീവിതത്തിലേക്ക്‌ തിരിച്ചു നടത്താനായില്ല.
 
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി കെ രാജൻ, സാബു എബ്രഹാം,  ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ പത്മാവതി, സിജി മാത്യു, കെ മണികണ്ഠൻ, സി ജെ സജിത്ത്,  ഏരിയാ സെക്രട്ടറി സി ബാലൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത്, ബാലസംഘം സംസ്ഥാന പ്രസിഡന്റ് കെ വി ശിൽപ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു, പ്രസിഡന്റ്‌ അഭിരാം, ബാലസംഘം ജില്ലാ സെക്രട്ടറി ഋഷിത പവിത്രൻ, പ്രസിഡന്റ്‌ വിഖ്യാത് രാജ്, ഷാലു മാത്യു എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.ബറോട്ടിയിൽ നടന്ന അനുശോചന യോഗത്തിൽ ഇ പത്മാവതി, സി ബാലൻ, പി കെ നിഷാന്ത്, എം അനന്തൻ, രാധാകൃഷ്ണൻ ചാളക്കാട്, എ നാരായണൻ, ഋഷിത, ആൽബിൻ, അനീഷ് എന്നിവർ സംസാരിച്ചു. സി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top