25 April Thursday
ബിജെപി പഞ്ചായത്തുകളിൽ വികസനമുരടിപ്പ്‌

കേരളപദ്ധതികളോട്‌ അയിത്തം, കേന്ദ്രഫണ്ട്‌ വാക്കിൽമാത്രം

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020
കാസർകോട്‌
സമാനതകളില്ലാത്ത വികസനമുരടിപ്പാണ്‌ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളിൽ. കേന്ദ്രഫണ്ട്‌ കൊണ്ടുവരുമെന്ന്‌ പ്രഖ്യാപിച്ച്‌ അധികാരമേറ്റവർ ഒരുരൂപയുടെ പദ്ധതി പോലും നടപ്പാക്കിയില്ല. സംസ്ഥാനസർക്കാരിന്റെ ജനപക്ഷപദ്ധതികളോട്‌ മുഖം തിരിക്കുകയും  ചെയ്തു. ഈ ഇരട്ടത്താപ്പിന്റെ കെടുതിയനുഭവിക്കുന്നത്‌ ജനങ്ങളും.
ജില്ലയിൽ മധൂർ, ബെള്ളൂർ പഞ്ചായത്തുകളിലാണ്‌ ബിജെപിക്ക്‌ ഭരണമുള്ളത്‌. എൻമകജെ പഞ്ചായത്തിൽ പ്രസിഡന്റ്‌ രൂപവാണി ആർ ഭട്ടിനെതിരെ യുഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസത്തിൽ ഭരണം നഷ്ടമായി. കാറഡുക്കയിലും സമാനരീതിയിലാണ്‌ ബിജെപി അധികാരത്തിൽനിന്നും പുറത്തായത്‌. ഇരുപഞ്ചായത്തുകളും വികസനമുരടിപ്പിന്റെ കെടുതി പേറുകയാണ്‌. 
പറയാനില്ല ബെള്ളൂരിലെ കാര്യം 
കേന്ദ്രഫണ്ട്‌ ഒഴുക്കുമെന്ന്‌ വീമ്പടിച്ചാണ്‌  വടക്കൻ മേഖലയായ ബെള്ളൂരിൽ ബിജെപി അധികാരത്തിലേറിയത്‌. പ്രാന്തവൽക്കരിക്കപ്പെട്ടവരും സാധാരണക്കാരുമാണ്‌ അധികവും. ഭാഷാന്യൂനപക്ഷമേഖലയുമാണ്‌. ബിജെപിയോട്‌ അനുഭാവം പുലർത്തുന്നവർ പോലും പഞ്ചായത്ത്‌ ഭരണത്തിന്റെ അനാസ്ഥയിൽ രോഷം കൊള്ളുന്നു. സമീപപഞ്ചായത്തുകളിൽ എൽഡിഎഫ്‌ സർക്കാരിന്റെ സഹായത്തോടെ വികസനം കുതിക്കുമ്പോൾ ബെള്ളൂരിൽ സ്ഥിതി മറിച്ചാണ്‌. പാവപ്പെട്ടവർക്ക്‌  പ്രയോജനപ്പെടുന്ന ലൈഫ്‌ പദ്ധതിയോടും അവഗണനയായിരുന്നു. സർക്കാരിന്റെ മറ്റുമിഷനുകളും കണ്ടില്ലെന്ന്‌ നടിച്ചു. എൻഡോസൾഫാൻ രോഗികൾക്കായി ലക്ഷങ്ങൾ ചെലവിട്ട്‌ നിർമിച്ച ബഡ്‌സ്‌ സ്‌കൂൾ തുറന്നില്ല. ലക്ഷക്കണക്കിന്‌ രൂപയുടെ സാധനസാമഗ്രികൾ നശിക്കുന്നു.  നിയമനങ്ങളിലെ ക്രമക്കേട്‌ സംബന്ധിച്ച കേസ്‌ ഹൈക്കോടതിയിലാണ്‌. ഒമ്പത്‌ കോടി ചെലവിട്ട്‌ നിർമിച്ച ജലപദ്ധതിയിൽനിന്ന്‌ നാട്ടുകാർക്ക്‌ തുള്ളി വെള്ളം ലഭിച്ചിട്ടില്ല. പഞ്ചായത്തിലെ താൽക്കാലികനിയമനങ്ങളും കോടതി കയറി. സ്വന്തക്കാർക്ക്‌ മാത്രമാണ്‌ നിയമനം. തൊഴിലുറപ്പ്‌ പദ്ധതിയും സമാനമാണ്‌. കിന്നിംഗാറിൽ പഞ്ചായത്ത്‌ നിർമിച്ച സ്‌റ്റേഡിയം പവലിയനും ശൗചാലവും ബിജെപിക്കാർ തല്ലിത്തകർത്തു. പദ്ധതിവിഹിതം 50 ശതമാനം മാത്രം ചെലവാക്കിയ പഞ്ചായത്ത്‌ എന്ന നാണക്കേടാണ്‌ എം ലത പ്രസിഡന്റായ ഭരണസമിതി അഭിമുഖീകരിക്കുന്നത്‌. 
മഹാമോശം മധൂരിന്റെ സ്ഥിതി
കെടുകാര്യസ്ഥതയുടെ കൂത്തരങ്ങാണ്‌ മധൂർ പഞ്ചായത്ത്‌.  രാഷ്ട്രീയവിവേചനത്തോടെയാണ്‌ പദ്ധതികൾ നടപ്പാക്കുന്നത്‌.  ലൈഫ്‌ പദ്ധതി കാര്യക്ഷമമല്ല. സംസ്ഥാനസർക്കാരിന്റെ പദ്ധതികളെ  മോഡിയുടെ സമ്മാനം എന്ന വ്യാജപ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നു‌.  കൊറോണക്കാലത്ത്‌ കുടുംബശ്രീ മുഖേനെ സർക്കാർ നടപ്പാക്കിയ സമാശ്വാസപദ്ധതിയും മധൂരിൽ പ്രാവർത്തികമായില്ല. കുടുംബശ്രീ അംഗങ്ങൾ പരാതി നൽകിയിട്ടും പണം വിതരണം ചെയ്തില്ല    റോഡ്‌, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലും പരാജയമാണ്‌. പട്ടികജാതി–-വർഗ കുടുംബങ്ങളും ദുരിതം തിന്ന്‌ കഴിയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top