കാസർകോട്
സ്ത്രീ ശാക്തീകരണത്തിന്റെ പര്യായമായി മാറിയ കുടുംബശ്രീ അംഗങ്ങൾ മനോഹരമായ ബാല്യകാലം പുനഃസൃഷ്ടിച്ച് പുതിയ അറിവുകൾ നേടാൻ സ്‌കൂളിലേക്ക് തിരികെയെത്തുന്നു. വർഷങ്ങൾക്ക് മുമ്പ് പടിയിറങ്ങിയ സ്‌കൂൾ മുറ്റത്തേക്ക് അയൽക്കൂട്ടം വനിതകൾ ഒന്നുമുതൽ ഡിസംബർ 10 വരെയാണ് എത്തുക. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുള്ള ‘തിരികെ സ്കൂളിൽ' സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായാണ് വനിതകൾ വീണ്ടും സ്‌കൂളുകളിലേക്കെത്തുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയകാല സാധ്യതകൾക്കനുസൃതമായി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ അയൽക്കൂട്ടങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിനെന്ന് കുടുംബശ്രീ മിഷൻ ജില്ലാ കോ–ഓഡിനേറ്റർ ടി ടി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാതോർക്കാം പുതിയ പാഠങ്ങൾക്ക്
പുസ്‌തകസഞ്ചിയും ഗൃഹാതുര ഓർമകളുമായി ജില്ലയിൽ രണ്ടുലക്ഷം കുടുംബശ്രീ അംഗങ്ങളാണ് തിരികെ സ്‌കൂളിലേക്കെത്തുക. അയൽപക്ക വിദ്യാലയങ്ങളാണ് ആതിഥേയരാവുക. രാവിലെ 9.30ന് സ്‌കൂൾ അസംബ്ലിയോടെ പഠനോത്സവം തുടങ്ങും. ഓരോ സിഡിഎസിന് കീഴിലുമുള്ള വിദ്യാലയങ്ങളിലാകും ക്ലാസുകൾ. അയൽക്കൂട്ടങ്ങളിലെ സൂക്ഷ്മസാമ്പത്തിക ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, ഡിജിറ്റൽ സാങ്കേതിക വിദ്യയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയർത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും ലക്ഷ്യമിടുന്നു. 9. 30 മുതൽ 9.45 വരെ അസംബ്ലി. ഇതിൽ കുടുംബശ്രീയുടെ മുദ്രാഗീതം ആലപിക്കും. സംഘാടനശക്തി അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിൻറെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്‌മ –-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങൾ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങൾ. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം. 4.30 വരെയാണ് ക്ലാസ്. പരിശീലനം ലഭിച്ച 630 റിസോഴ്സ് പേഴ്സൺമാരാണ് അധ്യാപകരാവുക. ഉച്ചയ്ക്ക് മുമ്പ് 15 മിനിട്ട് ഇടവേളയുണ്ട്. ഒന്നുമുതൽ ഒന്നേമുക്കാൽവരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. കൂടാതെ ഈ സമയത്ത് കലാപരിപാടികളുമുണ്ടാകും. ഓരോ പീരിയഡ് കഴിയുമ്പോഴും ബെല്ലടിക്കും. താൽപര്യമുള്ള അയൽക്കൂട്ടങ്ങൾക്ക് യൂണിഫോമും ധരിക്കാം. ഉച്ചഭക്ഷണം , കുടിവെള്ളം, ലഘുപലഹാരങ്ങൾ, സ്‌കൂൾ ബാഗ്, സ്‌മാർട് ഫോൺ, ഇയർ ഫോൺ എന്നിവ അയൽക്കൂട്ട അംഗങ്ങളായ വിദ്യാർഥിനികൾ തന്നെയാണ് കൊണ്ടുവരേണ്ടത്.ക്യാമ്പയിന്റെ ഭാഗമായി ശനി വൈകിട്ട് നാലിന് പ്രത്യേക അയൽക്കൂട്ടം ചേരും. കുടുംബശ്രീ മിഷൻ ജില്ലാ അസി. കോർഡിനേറ്റർമാരായ ഡി ഹരിദാസ്, സി എച്ച് ഇഖ്‌ബാൽ, ഡിപിഎം ഇ ഷിബി, ആയിഷ ഇബ്രാഹിം, എം ഷീബ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..