18 April Thursday

ആദ്യത്തെ തൂൺ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കാസർകോട്‌
ദേശീയപാത വികസനത്തിൽ സുപ്രധാനമായ കാസർകോട്‌ മേൽപ്പാലത്തിന്റെ ആദ്യത്തെ തൂൺ പൂർത്തിയായി. കറന്തക്കാട്‌ നിന്നാരംഭിക്കുന്ന ആദ്യത്തെ തൂണിന്റെ കോൺക്രീറ്റ്‌ വ്യാഴാഴ്‌ച കഴിഞ്ഞു. 1.130 കിലോമീറ്ററുള്ള ആറുവരി പാലത്തിനായി 30 തൂണുകളാണ്‌ നിർമിക്കുന്നത്‌. ഒറ്റ തൂണുകളിലാണ്‌ മേൽപ്പാലം  നിർമിക്കുക. തൂണുകളുടെ കുഴിയെടുക്കൽ പൂർത്തിയായി. കറന്തക്കാട്‌ അഗ്‌നി രക്ഷാസേന നിലയത്തിന്‌ മുന്നിൽനിന്നാരംഭിച്ച്‌ പുതിയ ബസ്‌ സ്‌റ്റാൻഡിനരികിലുള്ള പുതിയ നാഷണൽ ഇലക്‌ട്രോണിക്‌സ്‌ കെട്ടിടത്തിന്‌ മുന്നിൽവരെ നീളുന്നതാണ്‌  മേൽപ്പാലം. കറന്തക്കാട്‌ പഴയ പോസ്‌റ്റോഫീസ്‌ കെട്ടിടംവരെയും നാഷണൽ ഇലക്‌ട്രോണിക്‌സ്‌ കെട്ടിടത്തിന്‌ മുന്നിൽനിന്ന്‌ നുള്ളിപ്പാടി പള്ളി പരിസരംവരെയും 150 മീറ്റർ വീതമുള്ള അനുബന്ധ റോഡുകളും മേൽപ്പാലത്തിനുണ്ടാകും.  അടുത്തവർഷം നവംബറിൽ മേലപ്പാലം തുറന്നുകൊടുക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പാലം കടന്നുപോകുന്ന സ്ഥലത്തുള്ള പഴയ മലബാർ ഗോൾഡ്‌, സ്‌പീഡ്‌വേ ഹോട്ടലിന്‌ എതിർവശത്തുള്ള നേരത്തെ ഡോക്ടറുടെ ക്ലിനിക്കായിരുന്ന കെട്ടിടം എന്നിവ പൊളിച്ചുമാറ്റാത്തതാണ്‌ നിർമാണത്തിന്‌ തടസ്സമുണ്ടാക്കുന്നു. ഗാതാഗതക്കുരുക്കുമുണ്ടാക്കുന്നു. ഇവ പൊളിച്ചുമാറ്റിയാലേ സർവീസ്‌ റോഡുകൾ നിർമിക്കാനാകൂ.
 
തലപ്പാടിയിൽനിന്ന്‌ 3 കിലോമീറ്റർ ആദ്യം
തലപ്പാടിയിൽ നിന്ന്‌ മൂന്ന്‌ കിലോമീറ്റർ ആറുവരിയും രണ്ടുവരി വീതമുള്ള സർവീസ്‌ റോഡുകളും ആദ്യം പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. തലപ്പാടിമുതൽ കുഞ്ചത്തൂർവരെയുള്ള ഒന്നര കിലോമീറ്റർ രണ്ടുവരി റോഡാണ്‌ നിലവിൽ തുറന്ന്‌ കൊടുത്തത്‌. ബാക്കിയുള്ള നാല്‌ വരിയുടെ പ്രവൃത്തി നടക്കുന്നു. രണ്ട്‌ കിലോ മീറ്റർ റോഡ്‌ ആറുവരിയിൽ നവംബർ അവസാനത്തോടെ പൂർത്തിയാകും.  മഞ്ചേശ്വരം, പൊസോട്ട, ഉപ്പള, കുമ്പള, മൊഗ്രാൽ പാലങ്ങളുടെ തൂണുകളായി. ഷിറിയ പുഴയിൽ പൈലിങ് നടക്കുന്നു. ഉപ്പള ടൗണിൽ 200 മീറ്റർ നീളത്തിൽ ആകാശപാത നിർമിക്കാൻ അനുമതിയായിട്ടുണ്ട്‌. മഞ്ചേശ്വരം, ആരിക്കാടി, മൊഗ്രാൽ, ചൗക്കി, വിദ്യാനഗർ ബിസി റോഡ്‌ അടിപ്പാതകളുടെ നിർമാണം പുരോഗമിക്കുന്നു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top