25 April Thursday

ജാഗ്രതയോടെ മികച്ച സഹായവും

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

കാസർകോട്‌ ജില്ലാ പഞ്ചായത്ത്‌ ഓഫീസിൽ ജില്ലാ ജാഗ്രതാ സമിതി സ
്ഥാപിച്ച പരാതിപ്പെട്ടി

 കാസർകോട്‌

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമം തടയാൻ ജില്ലാ ജാഗ്രതാ സമിതിയുടെ പ്രവർത്തനം കൂടുതൽ സജീവം. കോവിഡിന്‌ ശേഷം  മൂന്നുമാസം കഴിഞ്ഞപ്പോൾ തന്നെ  83 പേർക്ക് സൗജന്യ കൗൺസിലിങ് നൽകി. 12 പേർക്ക് സൗജന്യ നിയമ സഹായവും ഏർപ്പാടാക്കി.
 ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ വനിതാ ശിശുവികസന വകുപ്പിനാണ്‌ ചുമതല.  കൗൺസിലറും അഭിഭാഷകയും സമിതിക്കുണ്ട്‌. 
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി അധ്യക്ഷയായ ജില്ലാ ജാഗ്രതാ സമിതിക്ക്‌ നേരിട്ടും പരാതി എത്തിക്കാം. വാർഡ്‌, പഞ്ചായത്ത്‌, നഗരസഭാ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളാണ്‌ ജില്ലാ ജാഗ്രതാ സമിതി പൊതുവിൽ പരിഗണിക്കുന്നത്‌. അതേസമയം, ഓഫീസിൽ നേരിട്ടെത്തുന്ന പരാതി, സുഹൃത്തുക്കളോ ബന്ധുക്കളോ അറിയിക്കുന്നവ, ഫോണിൽ വിളിച്ചുപറയുന്നവ, മാധ്യമങ്ങളിൽ കാണുന്ന ഇടപെടാൻ കഴിയുന്നവ എന്നിവയിലും ജാഗ്രതാസമിതി ഇടപെടും. 
പരാതികൾ വേഗത്തിൽ പരിഹരിക്കാനാണ്‌ മുൻഗണന.  ഇവ രഹസ്യവുമായിരിക്കും. പരാതിയും അനുബന്ധ വിവരങ്ങളും അനുവാദമില്ലാതെ പുറത്തുവിടില്ല. അതേസമയം, പൊതുപ്രശ്‌നങ്ങളാണെങ്കിൽ ഗ്രാമസഭ പോലുള്ള സമിതികളിൽ ചർച്ചചെയ്യും.  
ഇതുവരെ എട്ടുകുടുംബത്തിന്‌ സൗജന്യ മെഡിക്കൽ സഹായം, ആറ്‌ കുടുംബത്തിന്‌ പൊലീസ് സഹായം എന്നിവയും സമിതി ഇടപെടലിൽ നടന്നു. 
ബോധവൽക്കരണ ക്ലാസും സമിതി നടത്തും. 202 പുരുഷന്മാരുൾപ്പെടെ 980 പേർ ഇതിനകം നടത്തിയ ക്ലാസിൽ പങ്കെടുത്തിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത്‌ ഓഫീസിലെ പരാതിപ്പെട്ടിയിൽ പരാതി നിക്ഷേപിക്കാം; കൂടാതെ ഫോണിലും അറിയിക്കാം: 04994 293060
 
പൊലീസ്‌ സഹായം പ്രധാനം
ജാഗ്രതാ സമിതിക്ക്‌ നിലവിൽ ജുഡീഷ്യൽ പദവിയില്ലെങ്കിലും പൊലീസിന്റെ പിന്തുണ വലിയ അളവിൽ ലഭിക്കുന്നുണ്ട്‌. കുടുംബ, പ്രാദേശിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ, പൊലീസ്‌ സ്‌റ്റേഷനുകളുടെ പിന്തുണ പ്രധാനപ്പെട്ടതാണ്‌. ക്രൈം ബ്രാഞ്ച്‌ ഡിവൈഎസ്‌പി സതീഷ്‌കുമാർ, വനിതാസെൽ സിഐ ചന്ദ്രിക തുടങ്ങിയവർ ജാഗ്രതാ സമിതി യോഗത്തിൽ പങ്കെടുക്കാറുണ്ട്‌. ഇതേ പോലുള്ള പിന്തുണ താഴേ തട്ടിലുള്ള പൊലീസിൽ നിന്നും ഉണ്ടാകണമെന്നാണ്‌ സമിതിയുടെ അഭിപ്രായം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top