28 March Thursday
സുള്ള്യയിൽ തടയണയുമായി കർണാടകം

കുടിവെള്ളം മുട്ടും

രജിത് കാടകംUpdated: Thursday Mar 30, 2023

കർണാടക സുള്ള്യയിൽ നിർമാണം അവസാന ഘട്ടത്തിലെത്തിയ തടയണ

സുള്ള്യ
പയസ്വിനി പുഴയിലെ സുള്ള്യയിൽ കർണാടക സർക്കാർ ഭീമൻ തടയണ നിർമിക്കുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലാണ് തടയണ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നത്. ജനുവരിയിലാരംഭിച്ച് മൂന്നുമാസത്തിനകം 80 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചു. നാലുമീറ്റർ ഉയരത്തിൽ കിലോമീറ്ററുകളോളം ജലംസംഭരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി.
പദ്ധതി പൂർത്തിയാകുന്നതോടെ മഴയിൽ ലഭിക്കുന്ന വെള്ളം പൂർണമായും സംഭരിക്കും. അതോടെ കേരളത്തിലേക്ക് ഒഴുകിവരുന്ന വെള്ളത്തിന്റെ അളവ് കുറയും. ഇതോടെ പഞ്ചിക്കൽ മുതൽ ചെമ്മനാട് വരെ കടുത്ത ജലക്ഷാമം നേരിടും. കനത്തചൂടിലും തടയണ നിർമിക്കുന്ന പ്രദേശത്ത് വെള്ളം ഒഴുകുന്നുണ്ട്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി സുള്ള്യ താലൂക്കിലെ ജലലഭ്യത ഉറപ്പിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതിയാണെങ്കിലും ഫലത്തിൽ തിരിച്ചടിയാവുന്നത് കാസർകോട് താലൂക്കിനാണ്. 
കേരളത്തിൽ കടുത്ത ജലക്ഷാമം അനുഭവിക്കുന്ന കാസർകോട് ഇതോടെ  പ്രയാസത്തിലാകും. ദേലംപാടി, കാറഡുക്ക, മുളിയാർ, ബേഡഡുക്ക, ചെമ്മനാട് ഉൾപ്പെടെയുള്ള പഞ്ചായത്തുകൾക്ക് ആദ്യഘട്ടത്തിൽതന്നെ വരൾച്ചയുടെ ചൂടറിയും. കേരള അതിർത്തിയിൽനിന്ന് പദ്ധതി പ്രദേശത്തേക്ക് 20 കിലോമീറ്റർ ദൂരമുണ്ടെങ്കിലും നീരൊഴുക്ക് കുറഞ്ഞാൽ കേരളത്തിന്റെ ബാവിക്കര തടയണയിൽവെള്ളമെത്തുന്നത് കുറയും. അതോടെ കാസർകോട് മുനിസിപ്പാലിറ്റി, ചെങ്കള പഞ്ചായത്ത് എന്നിവിടങ്ങളിൽ കുടിവെള്ളവും മുട്ടും. രണ്ട് സംസ്ഥാനങ്ങളും ചേർന്ന് ചർച്ച നടത്തിയാലേ പ്രശ്നത്തിന് പരിഹാരമുണ്ടാകൂവെന്ന് പ്രദേശവാസികൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top