28 March Thursday

കൂടുന്നു പരിശോധനയും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020
കാസർകോട്‌
കോവിഡ്‌ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ പരിശോധന വർധിപ്പിച്ചു. രോഗ നിർണയത്തിനായി ജില്ലയിൽ ഇതുവരെ 21,305 ആർടിപിസിആർ പരിശോധനയും 5298 ആന്റിജൻ പരിശോധനയും നടത്തി.  ഈ മാസം 23 മുതൽ 26 വരെ 1740 ആർടിപിസിആർ പരിശോധനയും 2658 ആന്റിജൻ പരിശോധനയും നടത്തി. 23ന്  476, 445, 24ന്, 479, 828, 25ന് 383,985, 26ന് 402, 400 എന്നിങ്ങനെയാണ്  പരിശോധന നടത്തിയത്‌. 
ആന്റിജൻ ഫലം വേഗത്തിൽ 
രോഗനിർണയം എളുപ്പത്തിൽ സാധ്യമാക്കുന്ന പരിശോധന മാർഗമാണിത്‌. ആർടിപിസിആർ പരിശോധനയിൽ ഫലം ലഭിക്കാൻ ഒരു ദിവസമെങ്കിലുമെടുക്കും. ആന്റിജനിൽ പരാമാവധി 30 മിനിറ്ററിൽ ഫലമറിയാം. വേഗത്തിൽ രോഗികളെ കണ്ടെത്താനും ചികിത്സ നൽകാനും സഹായിക്കുന്നു. റാപ്പിഡ് ടെസ്‌റ്റ്‌ എന്ന പേരിലും ഇതറിയപ്പെടുന്നു. 
കോറോണ വൈറസിന്റെ പ്രോട്ടീൻ എന്ന പുറംഭാഗമാണ് ആന്റിജൻ പരിശോധന. ആർടിപിസിആർ പരിശോധന വൈറസിന്റെ ന്യൂക്ലിക്ക് ആസിഡ് എന്ന ഉൾഭാഗമാണ്. ആന്റിജന്‌ മൂക്കിലെയും ആർടി പിസിആറിന്‌ തെണ്ടയിലെയും സ്രവമാണ് ശേഖരിക്കുന്നത്‌. 
അരമണിക്കൂറിനുള്ളിൽ ഫലം അറിയുന്നതിനാൽ രോഗിയെ  വേഗത്തിൽ കോവിഡ് ചികിത്സാലയങ്ങളിലേക്ക് മാറ്റാം. ഇത്  രോഗിയിൽ നിന്ന്‌ കൂടുതൽ പേരിലേക്ക് രോഗം  പകരാനുള്ള സാഹചര്യം ഒഴിവാക്കുന്നു.
നെഗറ്റീവായാലും ഹോം ക്വാറന്റൈൻ നല്ലത്‌
കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആദ്യദിവസങ്ങളിൽ നടത്തുന്ന ആന്റിജൻ ഫലം നെഗറ്റീവ് ആകാൻ സാധ്യതയുണ്ട്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് അഞ്ചാം ദിവസം മുതലാണ് സ്രവം എടുക്കുന്നതെങ്കിൽ പരിശോധനഫലം കൃത്യമായിരിക്കും. ആന്റിജനിൽ ഫലം നെഗറ്റീവാകുന്ന ചില കേസുകളിൽ യാത്രാ ചരിത്രം, ആരോഗ്യനില എന്നിവ പരിഗണിച്ച് ആർടിപിസിആർ പരിശോധന നടത്താൻ നിർദേശിക്കാറുണ്ട്. ആന്റിജൻ ഫലം നെഗറ്റീവായാലും 14 ദിസവം ഹോം ക്വാറന്റൈയിനിൽ കഴിയാനാണ്  നിർദേശം.  രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ആർടിപിസിആർ  പരിശോധനക്ക്‌ വിധേയമാകണം.
ദിവസവും 
400 ആന്റിജൻ പരിശോധന
ജില്ലയിൽ ദിവസേന ശരാശരി 400 ആന്റിജൻ പരിശോധന നടത്തുന്നുണ്ടെന്ന് ചുമതല വഹിക്കുന്ന ഡോ. ജോൺ പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങൾ, രണ്ട് മൊബൈൽ യൂണിറ്റുകൾ,  പ്രത്യേകം  സജ്ജമാക്കുന്ന ക്യാമ്പുകൾ വഴിയാണ്‌ പരിശോധന. കോവിഡ് രോഗികളുടെ പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവർ, ക്ലസ്‌റ്റുകളിലുള്ളവർ, പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ജോലികളിൽ ഏർപ്പെടുന്നവർ എന്നിവരുടെ സ്രവം പരിശോധനക്ക്‌ ശേഖരിക്കും. കാഞ്ഞങ്ങാട് ജില്ലാആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികളായ തൃക്കരിപ്പൂർ, നീലേശ്വരം, പനത്തടി, മംഗൽപാടി എന്നിവിടങ്ങളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളായ ചെറുത്തൂർ, പെരിയ, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക എന്നിവിടങ്ങളിലും ഉദുമ എഫ്എച്ച്സിയിലും  പരിശോധനയുണ്ട്‌. ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നവർക്ക് മാത്രമാണ്‌ പരിശോധന.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top