01 July Tuesday

ടൂറിസം വില്ലേജല്ല; കിടുവാണ്‌ അതൃകുഴി സ്‌കൂൾ

കെ സി ലൈജുമോൻUpdated: Monday May 29, 2023

അതൃകുഴി ഗവ. എൽപി സ്‌കൂളിൽ ചിത്രങ്ങളാൽ മനോഹരമാക്കിയ കെട്ടിടങ്ങളിലൊന്ന്

കാസർകോട്‌

ഒറ്റനോട്ടത്തിൽ ടൂറിസം വില്ലേജാണെന്ന്‌ തോന്നുമെങ്കിലും ഇതൊരു സർക്കാർ വിദ്യാലയമാണ്‌. എങ്ങും പച്ചപ്പ്‌ നിറഞ്ഞുനിൽക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേതുപോലെ പാർക്കുകൾ, ആകർഷണീയ ചിത്രങ്ങളോടെയുള്ള ചെറു കെട്ടിടങ്ങൾ, ട്രെയിൻ തൊട്ടടുത്ത്‌ നിൽക്കുന്നതായി തോന്നുംവിധമുള്ള ശുചിമുറികൾ, പുൽത്തകിടികൾ.... ഇത്തരത്തിൽ വിശേഷങ്ങൾ പലതുണ്ട്‌ അതൃകുഴി ഗവ. എൽപി സ്‌കൂളിന്‌.
കുട്ടികളെ ആകർഷിക്കുംവിധം പ്രവേശന കവാടം. ഇവിടം മുതൽ പ്രീ പ്രൈമറി ക്ലാസ് മുറി വരെ റോഡും ട്രാഫിക് സിഗ്നലുകളും സീബ്രാലൈനും.  കുട്ടികൾക്ക് പ്രകൃതിയോടുള്ള സ്നേഹവും കരുതലും തിരിച്ചറിയാനായി ഹരിതോദ്യാനം. ഇതിനുള്ളിൽ ചെറിയ കുളവും കുറുകെ വളഞ്ഞ പാലവും. മതിലിനോട്‌ ചേർന്ന ഭാഗത്ത് പൂമ്പാറ്റകളെയും വണ്ടുകളെയും ആകർഷിക്കുന്ന തരത്തിൽ വൻമരങ്ങളും കുറ്റിച്ചെടികളുമുള്ള ശലഭോദ്യാനം. മതിലിനോട് ചേർന്നുതന്നെ ശിശു സൗഹൃദ ടോയ്‌ലറ്റ്‌. ഇതിന്റെ ചുവരുകൾ ട്രെയിനിന്റെ ചിത്രംവരച്ച്‌ ശ്രദ്ധേയമാക്കി. ചുറ്റുമതിലുകളിലാകട്ടെ തീമാറ്റിക് ചിത്രങ്ങൾ. 
കുട്ടികളുടെ വൈജ്ഞാനിക ബുദ്ധിയെ പരിപോഷിപ്പിക്കുന്ന പഞ്ചേന്ദ്രിയ അനുഭവങ്ങൾ നൽകാൻ സെൻസറി ഏരിയ. കുട്ടികൾക്ക് തൊട്ടും അറിഞ്ഞും കണ്ടും അനുഭവിക്കുന്ന തരത്തിലാണിതുള്ളത്‌. ഡിജിറ്റൽ സാമഗ്രികളിലൂടെ കുട്ടികൾക്ക് അനുയോജ്യമായ ശേഷികൾ വികസിപ്പിക്കാനായി ഇ–- ഇടവും ഒരുക്കിയിട്ടുണ്ട്‌. ഭിന്നശേഷി കുട്ടികളുടെ ശേഷവികാസത്തിന് കൂടുതൽ പ്രയോജനപ്പെടുത്താവുന്ന വിധത്തിൽകൂടിയാണ്‌ ഇ–- ഇടമുള്ളത്‌.
1998ൽ ഡിപിഇപി പദ്ധതിക്ക് കീഴിൽ ആരംഭിച്ച സ്‌കൂളിൽ ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ മുന്നൂറോളം കുട്ടികൾ പഠിക്കുന്നു. പ്രവർത്തന മികവിന്‌ അംഗീകാരമായി മികച്ച പിടിഎയ്ക്കുളള സംസ്ഥാന അവാർഡ് ഉൾപ്പെടെ ലഭിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top