25 April Thursday

പ്രതിരോധിക്കാനുറച്ച്‌ കാസർകോട്‌

മുഹമ്മദ്‌ ഹാഷിംUpdated: Sunday Mar 29, 2020
കാസർകോട്‌
കാസർകോട്‌ ജില്ലയിൽ കോവിഡ്‌ –- 19 ബാധിതർ വർധിക്കുമ്പോൾ  പ്രതിരോധിക്കാനുറച്ച്‌ ജനങ്ങളും ജില്ലാ ഭരണകൂടവും. ആദ്യഘട്ടത്തിൽ കോവിഡ്‌ ബാധിച്ച്‌ ചൈനയിൽനിന്നെത്തിയ വിദ്യാർഥിയെ പരിപൂർണമായി സുഖപ്പെടുത്തി വീട്ടിലെത്തിച്ച ഖ്യാതിയുള്ള ജില്ലയിലെ ആരോഗ്യവിഭാഗം നിലവിലുള്ള അതിഗുരുതര സ്ഥിതിയും മറികടക്കുമെന്ന ആത്മവിശ്വാസത്തിലാണ്‌. സമൂഹവ്യാപനത്തിന്‌ വഴിയൊരുക്കാതെ പ്രതിരോധത്തിനായി മികച്ച പ്രവർത്തനമാണ്‌ ജില്ലാ ഭരണസംവിധാനം നടത്തുന്നത്‌. 
ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടും വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ആദ്യഘട്ടത്തിൽ വലിയ പ്രയാസമുണ്ടാക്കിയിരുന്നു. ജില്ലക്ക്‌ പുറത്തുനിന്നെത്തിയ മുതിർന്ന ഐപിഎസ്‌  ഉദ്യോഗസ്ഥരുടെ കൂടി നേതൃത്വത്തിൽ പൊലീസ്‌ ശക്തമായ നടപടികൾ സ്വീകരിച്ചതോടെ ഇവരും വീട്ടിനകത്ത്‌ കഴിയാൻ തയ്യാറായി. അവശ്യസാധനങ്ങൾ വാങ്ങാനുള്ള പകൽ 11 മുതൽ വൈകിട്ട് അഞ്ചുവരെയുള്ള സമയത്തല്ലാതെ ആരെയും റോഡിൽ കാണാനില്ല. കർഫ്യൂവിന്‌ സമാനമായ അവസ്ഥ. 
ജില്ലയിൽ വെള്ളിയാഴ്‌ചവരെ കോവിഡ്‌ ബാധിച്ചത്‌ 81 പേർക്കാണ്‌. ഭൂരിഭാഗം പേരും ദുബായിൽനിന്നെത്തിയവരാണ്‌. സമ്പർക്കത്തിൽ രോഗം ബാധിച്ചത്‌ വെള്ളിയാഴച വരെ 15 പേർക്ക്‌ മാത്രം. ഇതിൽ 13 പേർ ദുബായിൽനിന്നെത്തിയ കളനാടുള്ള രോഗിയുടെ ബന്ധുക്കളാണ്‌. ഇയാളിൽനിന്ന്‌ ഭാര്യക്ക്‌ പകർന്ന വൈറസ്‌ ഭാര്യയുടെ ബന്ധുകൾക്കും ലഭിച്ചു. ഇതിൽ കുട്ടികളുമുണ്ട്‌. ഇയാൾക്കൊപ്പം മംഗളൂരു വിമാനത്താവളത്തിൽനിന്ന്‌ കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുവിനും രോഗം ബാധിച്ചു. ദുബായ്‌ നായിഫിൽനിന്നെത്തിയവർക്കാണ്‌ കൂടുതലായും രോഗം ബാധിച്ചത്‌. ശനിയാഴ്‌ച വരെ 6511 പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌. 127 പേർ ആശുപത്രിയിലും 6384 പേർ വീട്ടിലുമാണ്‌. 
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, പടന്നക്കാട് കേന്ദ്ര സർവകലാശാല ക്യാമ്പസ് പ്രവർത്തിച്ചിരുന്ന പഴയ ആശുപത്രി കെട്ടിടം, ഉക്കിനടുക്ക മെഡിക്കൽ കോളേജ് കെട്ടിടം, മറ്റ്‌ സർക്കാർ ആശുപത്രികൾക്കുപുറമെ സ്വകാര്യ ആശുപത്രികൾ, 66 സ്‌കൂളുകളും കോളേജുകളും കെയർസെന്റുകളാക്കി. പെരിയയിലെ  കേരള കേന്ദ്ര സർവകലാശാലയിൽ  സാമ്പിൾ പരിശോധനാ കേന്ദ്രം തുടങ്ങും. എംപിമാരുടെയും എംഎൽഎമാരുടെ ഫണ്ടുകൾ ഉപയോഗിച്ച്‌ ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും  കൂടുതൽ വെന്റിലേറ്ററുകൾ സജ്ജീകരിക്കും. പോർട്ടബിൾ എക്‌സ്‌റേ യൂണിറ്റുകളും തുടങ്ങും. 
ഐജി വിജയ്‌ സാഖറെയുടെ നേതൃത്വത്തിൽ 1500 പൊലീസുകാരെ വിന്യസിച്ചാണ്‌ ജില്ലയിൽ നിയമപരിപാലനം. ഉത്തമേഖലാ ഐജി അശോക്‌യാദവ്‌, ഡിഐജി സേതുരാമൻ, ജില്ലാ പൊലീസ്‌ മേധാവി പി എസ്‌ സാബു, എസ്‌പിമാരായ സാബു മാത്യു, ഡി ശിൽപ എന്നിവരടങ്ങുന്ന വലിയ ഉദ്യോസ്ഥരും  മുന്നിലുണ്ട്‌. അതിഥി തൊഴിലാളികൾക്കായി ജില്ലയിൽ സാമൂഹ അടുക്കളകൾ തുറന്നിട്ടുണ്ട്‌. അവശ്യയാത്രകാർക്ക്‌  വേഗത്തിൽ പാസ്‌ ലഭ്യമാക്കാൻ പ്രത്യേക സെൽ തുറന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top