27 April Saturday

പട്ടികമേഖലയിൽ പട്ടയം വേഗത്തിലാക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

കാസർകോട്‌ ഭൂരഹിത ഭവനരഹിത പട്ടികവർഗക്കാരുടെ ഭൂപ്രശ്‌നം പരിഹരിക്കാൻ പട്ടയ വിതരണത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ ജില്ലാ വികസന സമിതി യോഗം. ഫെബ്രുവരി നാലിന് പട്ടികവർഗ പ്രമോട്ടർമാർ കോളനികളിൽ നിന്നും ഭൂരഹിതരുടെ അപേക്ഷ ശേഖരിച്ച് തഹസിൽദാർമാർക്ക് കൈമാറണമെന്ന്‌ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് നിർദേശം നൽകി. പട്ടയം ഇല്ലാത്ത 700 പേരുടെ വിവരം തഹസിൽദാർമാർക്ക് അയച്ചതായി കാസർകോട് പട്ടികവർഗ വികസന ഓഫീസർ അറിയിച്ചു. 309 പേരുടെ വിവരങ്ങൾ വെള്ളരിക്കുണ്ട് തഹസിൽദാർക്ക് നൽകിയെന്ന്‌ പരപ്പ ഓഫീസറും പറഞ്ഞു. കൃഷിവകുപ്പ് വിതരണം ചെയ്ത കാർഷികോപകരണങ്ങളുടെ സ്ഥിതി വിവരങ്ങൾ ലഭ്യമാക്കണമെന്ന് എംഎൽഎമാർ യോഗത്തിൽ നിർദ്ദേശിച്ചു. വളർത്തുമൃഗങ്ങളുടെ ചർമ മുഴ, പന്നിപ്പനി തുടങ്ങിയ രോഗങ്ങളിൽ ജാഗ്രത വേണം. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിർദ്ദേശിക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കണം. കുടിവെള്ള പദ്ധതികൾ അടിയന്തിരമായി നടപ്പിലാക്കുന്നതിന് സാങ്കേതികാനുമതി വൈകരുതെന്നും യോഗം നിർദ്ദേശിച്ചു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അധ്യക്ഷനായി. പ്ലാനിംഗ് ഓഫീസർ എ എസ് മായ റിപ്പോർട്ട് അവതരിപ്പിച്ചു. എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ, എൻ എ നെല്ലിക്കുന്ന്‌, എ കെ എം അഷറഫ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വത്സലൻ, എഡിഎം എ കെ രമേന്ദ്രൻ, ആർഡിഒ അതുൽ സ്വാമിനാഥ്, കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ പി രാജമോഹൻ, ഡെപ്യൂട്ടി കലക്ടർ എസ് ശശിധരൻ പിള്ള, ഡിവൈഎസ്‌പി പി കെ സുധാകരൻ എന്നിവർ സംസാരിച്ചു. 30 കെഎസ്‌ആർടിസി ഉടൻ കാസർകോട് മാർച്ചിൽ സംസ്ഥാനത്ത് 300 പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ കൂടി വരുന്നതോടെ ജില്ലയിൽ മുടങ്ങിയ എല്ലാ സർവീസുകളും പുന:രാരംഭിക്കാൻ കഴിയുമെന്ന് ഡിപ്പോ മാനേജർ പറഞ്ഞു. നിലവിലുള്ള സൂപ്പർഫാസ്റ്റ് ബസ്‌ ജില്ലയിലേക്ക് കിട്ടിയാൽ മുടങ്ങിയ 30 സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top