19 December Friday

ഒന്നിനും രണ്ടിനും 
ജില്ലയെ ക്ലീനാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
 കാസർകോട്‌
മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ ഒന്നിനും രണ്ടിനും ജില്ലയിൽ വിപുലമായി ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. 
പൊതുയിടങ്ങളിലെ മാലിന്യകൂമ്പാരം നീക്കം ചെയ്‌ത്‌  ഇവിടെ വൃത്തിയുള്ള സ്ഥലമായി  നിലനിർത്താനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.  തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനങ്ങൾ.  റിപ്പബ്ലിക്‌ ദിനത്തിൽ മുഴുവൻ പ്രദേശവും വൃത്തിയുള്ളതായി പ്രഖ്യാപിക്കാനുള്ള വിപുലമായ പ്രവർത്തനങ്ങളാണ്‌ സംഘടിപ്പിക്കുന്നത്‌. 
നാഷണൽ സർവീസ്‌ സ്‌കീമിന്റെ നേതൃത്വത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി ജില്ലയിൽ 150 സ്നേഹാരാമങ്ങൾ നിർമിക്കും. മാലിന്യ കൂമ്പാരങ്ങൾ കണ്ടെത്തി വൃത്തിയാക്കി പച്ചതുരുത്തുകളോ, പൂന്തോട്ടങ്ങളോ, ഇരിപ്പിടങ്ങളോ ആക്കി മാറ്റാനാണ്‌ എൻഎസ്‌എസ്സിന്റെ പരിശ്രമം. ഗാന്ധിജയന്തി നാളിൽ സ്നേഹാരാമം പ്രവർത്തനങ്ങൾക്ക്‌ തുടക്കമാകും. 
മുന്നൊരുക്ക പ്രവർത്തനത്തിന്റെ ഭാഗമായി യോഗങ്ങൾ ചേർന്നു. സെക്രട്ടറിമാരുടെ യോഗത്തിൽ  തദ്ദേശ ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ് സംസാരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റുമാർ, സ്ഥിരം സമിതി അധ്യക്ഷൻമാർ,  വിഇഒമാർ ഇവരുടെ യോഗവും ചേർന്നു. 
ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എ ലക്ഷ്മി അധ്യക്ഷയായി. നവകേരളം ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ കെ വി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. 
 
9 കിലോ പ്ലാസ്റ്റിക് പിടിച്ചു   
കാസർകോട്‌
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.  ഒറ്റദിവസം ജില്ലയിലൊട്ടാകെ 58 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 117.9കിലോ നിരോധിതപ്ലാസ്റ്റിക്  പിടിച്ചെടുത്തു. 3,97,500 രൂപ പിഴ ചുമത്തി. അതില്‍ 47,500 രൂപ പരിശോധന സമയത്തുതന്നെ ഈടാക്കി. 
മാലിന്യം വലിച്ചെറിയുക, കത്തിക്കുക, മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടുക എന്നിവയാണ്‌ പരിശോധിച്ചത്‌. ശാസ്ത്രീയമായ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിര്‍മ്മാണം, വിതരണം തുടങ്ങിയ നിയമലംഘനങ്ങളും  കണ്ടെത്തി. 
തദ്ദേശവകുപ്പ്  ജില്ലാ ഓഫീസില്‍നിന്നും അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെയും ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇത്തരം പരിശോധന തുടരുമെന്ന്‌ ജില്ലാ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
 
യൂത്ത്ടീം ഉടൻ സജ്ജമാകും
കാസർകോട്‌ 
മാലിന്യമുക്തം നവകേരളം കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് ടീം പ്രവർത്തന സജ്ജമാകുന്നു. പ്രാദേശിക തലം മുതൽ ജില്ലാതലം വരെയാണ്‌ യൂത്ത് ടീം രൂപീകരിക്കുന്നത്‌.  
പൊതു ഇടങ്ങളിലെയും പൊതുസ്ഥാപനങ്ങളിലെയും മാലിന്യം നീക്കൽ,  ഹരിത കർമ്മസേന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി 100 ശതമാനം യൂസർഫീ ലഭ്യമാക്കൽ, ജൈവ –-അജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സജീവമാക്കൽ, ഹരിതചട്ടപ്രകാരം ചടങ്ങുകൾ സംഘടിപ്പിക്കൽ, ഹരിതകലാലയം, ഹരിതവിദ്യാലയം, ഹരിതഓഫീസുകൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പിക്കാനാണ്‌ യൂത്തുടീം. 
പഞ്ചായത്തിൽനിന്നും അഞ്ചുവീതം അംഗങ്ങൾക്ക് ജില്ലാതലത്തിൽ പരിശീലനം നൽകും. തുടർന്ന് പഞ്ചായത്ത്, മുനിസിപ്പൽ തലത്തിൽ അമ്പതംഗ ടീമിനെ കണ്ടെത്തും. ഒക്‌ടോബർ 15നകം എല്ലാ വാർഡുകളിലും 50 അംഗങ്ങളുള്ള യൂത്ത് ടീം സജ്ജമാക്കും. വിവിധ യുവജന സംഘടനകൾ, കുടുംബശ്രീ, ഗ്രന്ഥശാല സംഘം, യുവജനക്ഷേമബോർഡ്, നെഹ്റു യുവകേന്ദ്രം എന്നിവരിൽനിന്നുമുള്ള പ്രതിനിധികളാണ് യൂത്ത് ടീമിലുണ്ടാവുക. 
വെള്ളി രാവിലെ മുതൽ ജില്ലാ ആസൂത്രണസമിതി ഹാളിൽ മഞ്ചേശ്വരം, കാസർകോട്‌, കാറഡുക്കബ്ലോക്കുകളിലെയും കാസർകോട്‌ നഗരസഭയിലേയും  ടീമിനാണ് പരിശീലനം. 
മറ്റു തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ളവർക്ക് 30ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിലും പരിശീലനം നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top