ബിരിക്കുളം
കിനാനൂർ–- കരിന്തളം പഞ്ചായത്തിലെ കൂടോൽ കടലാടിപ്പാറയിൽ ഇക്കോടൂറിസം സാധ്യതകളേറെ. സായാഹ്‌നങ്ങളിൽ നിരവധിപേരാണ് ഇവിടെയെത്തുന്നത്. സൂര്യാസ്തമയത്തിന്റെ മനോഹരകാഴ്ച ഇവിടെനിന്നും ദൃശ്യമാണ്. അതുകൊണ്ടുതന്നെയാണ് ആളുകൾ കൂട്ടമായെത്തുന്നത്. അപൂർവയിനം പൂമ്പാറ്റകളുടേയും, ഓർക്കിഡുകളുടേയും ഡ്രൊസേറ ഇൻഡിക്ക വിഭാഗത്തിൽ പെടുന്ന ഇരപിടിയൻ സസ്യമുൾപ്പെടെയുള്ള സസ്യ, ജന്തുജാലങ്ങളുടേയും ആവാസകേന്ദ്രം കൂടിയാണ് കടലാടിപ്പാറ. ഇവിടെ നിന്നുനോക്കിയാൽ കടൽ കാണാൻ കഴിയുന്നതുകൊണ്ടാണ് കടലാടിപ്പാറ എന്ന പേര് ലഭിച്ചത്. പട്ടാണിപാറ എന്നും ഇതിനു പേരുണ്ട്.
ഖനനഭീഷണി ഒഴിഞ്ഞതുമുതൽ കടലാടിപ്പാറയിൽ കുട്ടികളുടെ പാർക്ക് നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. കുട്ടികൾക്കുള്ള കളിസ്ഥലം, ഓപ്പൺ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ആംഫി തീയറ്റർ, നീന്തൽക്കുളം, ഭക്ഷണശാല, പച്ചക്കറിത്തോട്ടം, ആയുർവേദ കേന്ദ്രം എന്നിവ നിർമ്മിച്ച് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തിയാൽ പഞ്ചായത്തിനും മുതൽക്കൂട്ടാകും. കോട്ടേജുകൾ, നടപ്പാത, കലകൾ പരിചയപ്പെടുത്തുന്ന കിയോസ്കുകൾ എന്നിവയും ഇതിന്റെ ഭാഗമായി നിർമ്മിക്കാവുന്നവയാണ്. ജൈവകലവറയാണ് കടലാടിപ്പാറ.
ഭൂപ്രകൃതിയിൽ മാറ്റം വരുത്താതെ പ്രകൃതിസൗഹൃദ ടൂറിസംവില്ലേജാണ് സ്ഥാപിക്കേണ്ടത്.
ബയോഡൈവേഴ്സിറ്റി
പാർക്ക് ഒരുക്കും
കടലാടിപാറയിലെ ജൈവവൈവിധ്യത്തെകുറിച്ച് പഠിക്കാൻ ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്‌സിറ്റി മാനേജ്മെന്റ് കമ്മിറ്റിയെ അയക്കും. അപൂർവസസ്യങ്ങളെയും, ജീവജാലങ്ങളെയും കുറിച്ച്‌പഠിച്ച് സംരക്ഷണമൊരുക്കാനുള്ള പ്രവൃത്തികൾ ബിഎംസി ഏറ്റെടുക്കും. കെഡിപിയുമായി സഹകരിച്ച് ബയോഡൈവേഴ്സിറ്റി പാർക്ക് ഒരുക്കാൻ ജില്ലാ പഞ്ചായത്ത് ഇടപെടുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..