അഞ്ചര
ലക്ഷം
പോയി
മേൽപ്പറമ്പ്
ഗൂഗിൾ മാപ്പ് റിവ്യൂ ചെയ്യുന്ന ഓൺലൈൻ പാർടൈംജോലിയുടെ പേരിൽ യുവതിയുടെ അഞ്ചരലക്ഷം രൂപ അജ്ഞാതസംഘം തട്ടിയെടുത്തു. കളനാട് ചെമ്പരിക്ക കുഞ്ഞിവീട്ടിൽ പി ശിവദർശന(25)യുടെ പണമാണ് നഷ്ടമായത്. ആഗസ്‌ത് 16നും 18നും ഇടയിലുള്ള ദിവസങ്ങളിൽ ശിവദർശനയുടെ വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവയിലേക്ക് ബന്ധപ്പെട്ടാണ് പണം തട്ടിയത്.
പാർടൈം ജോലിക്കുള്ള മുൻകൂർ നികുതിയാണെന്ന് പറഞ്ഞ് പ്രതികളുടെ അക്കൗണ്ടുകളിലേക്കും യുപിഐ ഐഡികളിലേക്കും 5,31,070 രൂപ അയപ്പിക്കുകയായിരുന്നു. ഈതുകയും പ്രതിഫലവും നൽകാതെ പണംതട്ടി എന്നപരാതിയിൽ മേൽപ്പറമ്പ് പൊലീസാണ് കേസെടുത്തത്.
ഫേസ്‌ബുക്കിൽ ജോലി വാഗ്ദാനം
സ്വന്തം ലേഖകൻ
മുള്ളേരിയ
കപ്പലിൽ ജോലിവാഗ്ദാനം ചെയ്തുള്ള ഓൺലൈൻ പരസ്യത്തിൽ വിശ്വസിച്ച് അപേക്ഷ നൽകിയ യുവാവിന്റെ ഒരുലക്ഷം രൂപ തട്ടി. ദേലമ്പാടി മയ്യളയിലെ റഷീദ് മൻസിലിലെ മുഹമ്മദ് റഷീദിന്റെ പണമാണ് നഷ്ടമായത്. 2023 മാർച്ചിൽ ഷിപ്പിങ് കമ്പനിയിൽ ഓർഡിനറി സീമാൻ ജോലിവാഗ്ദാനം ചെയ്തുള്ള പരസ്യം മുഹമ്മദ് റഷീദിന്റെ ഫേസ്ബുക്ക് പേജിൽ വന്നിരുന്നു. ഇതിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അപേക്ഷ വാട്‌സ്ആപ്പ് വഴി നൽകണമെന്നാണ് നിർദേശം.
വാട്‌സ്ആപ്പിൽ അപേക്ഷ നൽകിയതും മുഹമ്മദ് റഷീദിന് വാട്‌സ്ആപ്പിലേക്ക് അപ്പോയ്‌മെന്റ് ഓർഡർ ലഭിച്ചു. തുടർനടപടികൾക്ക് പണം അയച്ചുകൊടുക്കാൻ രണ്ട് അക്കൗണ്ട് നമ്പറുകളും വാട്‌സ്ആപ്പിൽ വന്നു. ആദ്യം ഒരുഅക്കൗണ്ട് നമ്പറിലേക്ക് ഗൂഗിൾപേ വഴി 50,000 രൂപയും മറ്റൊരു അക്കൗണ്ടിലേക്ക് ഫോൺപേ വഴി 50,000 രൂപയും അയച്ചു. പിന്നീട് ജോലി സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. ഇതോടെ താൻ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ യുവാവ് ആദൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണമാരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..