19 April Friday

ജില്ലയും പ്രതിഷേധക്കണ്ണിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ സംയുക്ത തൊഴിലാളി–- കർഷക സംഘടനകൾ നടത്തിയ പൊതുയോഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള ഭാരത്‌ ബന്ദിന്റെ  ഭാഗമായി തിങ്കളാഴ്‌ച നടന്ന ഹർത്താൽ ജില്ലയിൽ പൂർണം. കർഷകർക്ക്‌ പിന്തുണയുമായി ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവർ പണിമുടക്കി ഹർത്താലിൽ അണിനിരന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും സമര ശൃംഖല തീർത്തു. 
കർഷകരും തൊഴിലാളികളും കർഷക തൊഴിലാളികളും മോട്ടോർ തൊഴിലാളികളും തൊഴിലുറപ്പ്‌ തൊഴിലാളികളും സ്‌കീം തൊഴിലാളികളും അണിനിരന്നു. കെഎസ്‌ആർടിസി ഉൾപ്പെടെ സ്വകാര്യ ബസുകളൊന്നും ഓടിയില്ല. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നു. ടാക്‌സികളും ഓട്ടോറിക്ഷകളും ഓടിയില്ല. അസംഘടിത മേഖലയിലെ തൊഴിലാളികൾ പണിമുടക്കിയതിനാൽ സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.   
സംയുക്ത തൊഴിലാളി, കർഷക സംഘടനകൾ ഐക്യദാർഢ്യ കൂട്ടായ്‌മ സംഘടിപ്പിച്ചു. കാസർകോട്‌ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനംചെയ്‌തു. മുത്തലിബ്‌ പാറക്കട്ട അധ്യക്ഷനായി.  കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, കെ ഭാസ്‌കരൻ, എ ഷാഹുൽഹമീദ്‌, ടി കൃഷ്‌ണൻ, കെ എ മുഹമ്മദ്‌ ഹനീഫ, മുഹമ്മദ്‌ ഹാഷിം, പി ജാനകി, സി എം എ ജലീൽ, മുഹമ്മദ്‌ സാലി, ഹനീഫ കടപ്പുറം, ബിജു ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. കരിവെള്ളൂർ വിജയൻ സ്വാഗതം പറഞ്ഞു. 
സിപിഐ എം ജില്ലാ സെക്രട്ടറി എം വി  ബാലകൃഷ്‌ണൻ ക്ലായിക്കോടും  കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ ചെറുവത്തൂരും എൽഡിഎഫ് ജില്ല കൺവീനർ കെ പി സതീഷ്ചന്ദ്രൻ നീലേശ്വരം കോൺവെന്റ്‌ ജംങ്ഷനിലും ഉദ്ഘാടനം ചെയ്‌തു. സി എച്ച് കുഞ്ഞമ്പു എംഎൽഎ പാലക്കുന്നിലും കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ ഉദുമയിലും കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരമൻ പള്ളിക്കരയിലും സിഐടിയു ജില്ലാ പ്രസിഡന്റ്‌ സാബു അബ്രഹാം കരിന്തളത്തും ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top