23 September Saturday
ദുബായിൽനിന്ന്‌ വിളിച്ചുവരുത്തി കൊന്ന സംഭവം

2 കാറടക്കം 3 പേർ കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

കള്ളക്കടത്തുസംഘം ഗുരുതരമായി പരിക്കേൽപിച്ച സിദ്ദീഖിനെ ബന്തിയോട്ടെ ആശുപത്രി വരാന്തയിൽ കിടത്തിയ നിലയിൽ. സിസിടിവി ദൃശ്യം

കാസർകോട്‌ 
ദുബായിൽനിന്ന്‌ വിളിച്ചുവരുത്തിയ യുവാവിനെ പൈവളിഗെയിൽ ബന്ദിയാക്കി കള്ളക്കടത്ത്‌ സംഘം ക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന്‌ പേർ പൊലീസ്‌ കസ്‌റ്റഡിയിൽ. രണ്ട്‌ കാറും കസ്‌റ്റഡിയിലെടുത്തു. സംഭവവുമായി നേരിട്ട്‌ ബന്ധമില്ലാത്തവരാണ്‌ കസ്‌റ്റഡിയിലായവർ. ഇവരെ ചോദ്യം ചെയ്‌ത്‌ വരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട്‌ പങ്കെടുത്തവരെ പൊലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. വേഗത്തിൽ അറസ്‌റ്റുണ്ടാകുമെന്നാണ്‌ സൂചന. കൊല്ലപ്പെട്ട  പുത്തിഗെ മുഗുറോഡിലെ അബ്ദുൾ റഹ്‌മാന്റെ മകൻ അബൂബക്കർ സിദ്ദീഖി (32)ന്റെ മൃതദേഹം ബന്തിയോട്ടെ സ്വകാര്യാശുപത്രയിൽ ഉപേക്ഷിച്ച്‌ പോയവർ സഞ്ചരിച്ച കാറാണ്‌ ഉള്ളാൽ തൊക്കോട്ട്‌ ഉപേക്ഷിച്ച നിലയിൽ തിങ്കളാഴ്‌ച പുലർച്ചെ കണ്ടെത്തിയത്‌. പ്രതികളുടേതെന്ന്‌ സംശയിക്കുന്ന മറ്റൊരു കാർ മംഗളൂരുവിനടുത്ത സൂറത്ത്‌കലിലും കണ്ടെത്തി. 
അന്വേഷിക്കാൻ 
പ്രത്യേകസംഘം 
ജില്ലാ പൊലീസ്‌ മേധാവി ഡോ. വൈഭവ്‌ സക്‌സേനയുടെ മേൽനോട്ടത്തിൽ കാസർകോട്‌ ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പി പ്രമോദ്‌, എസ്‌ഐ വി കെ അഷറഫ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. 
കള്ളക്കടത്ത്‌ സംഘത്തിന്റെ മർദനത്തിൽ പരിക്കേറ്റ്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദീഖിന്റെ ജ്യേഷ്‌ഠൻ അൻവർ, സുഹൃത്ത്‌ അൻസാർ എന്നിവർ ആശുപത്രി വിട്ടു. ഇവരുടെ മൊഴി പൊലീസ്‌ രേഖപ്പെടുത്തി. സിദ്ദീഖിന്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.  മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം നടത്തിയശേഷം മുഗു ജുമാമസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.           
കൊന്നത്‌ ക്രൂരമായി മർദിച്ച്‌
സിദ്ദീഖിനെ അതിക്രൂരമായാണ്‌ കള്ളക്കടത്ത്‌ സംഘം മർദിച്ചതെന്ന്‌ വ്യക്തമാകുന്നു. ശരീരത്തിലാകെ മാരകമായി മുറിവുകളുണ്ട്‌. കെട്ടിയിട്ട്‌  മർദിച്ചതായാണ്‌ സൂചന. നെഞ്ചിലും പുറത്തും മർദനമേറ്റ പരിക്കുകളുണ്ട്‌. ചവിട്ടിയും വടിയിൽ അടിച്ചുമാണ്‌ മർദിച്ചത്‌. കാലുകൾ നീരുവന്ന്‌ വീർത്തിട്ടുണ്ട്‌. ചെവിയിൽ നിന്ന്‌ രക്തം ഒലിച്ചിറങ്ങിയിട്ടുണ്ട്‌. അനക്കമില്ലാതായതോടെ കള്ളക്കടത്ത്‌ സംഘത്തിലുള്ളവർ വെള്ള കാറിൽ ബന്തിയോട്ടെ സ്വകാര്യാശുപത്രിയിൽ ഞായർ രാത്രി 7.30 ഓടെ എത്തിക്കുകയായിരുന്നു. കാറിൽനിന്ന്‌ ജീവനക്കാർ ഇയാളെ ആശുപത്രിലേക്ക്‌ മാറ്റുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്‌. മരിച്ചുവെന്ന്‌ ഉറപ്പായതോടെ കള്ളക്കടത്ത്‌ സംഘത്തിലുള്ളവർ കാറിൽ കടന്നുകളഞ്ഞു. 
ആന്തരികായവങ്ങൾക്കുണ്ടായ സാരമായി പരിക്കാണ്‌ മരണകാരണമെന്ന്‌ സൂചനയുണ്ട്‌. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌ ലഭിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ വെളിവാകും. കള്ളക്കടത്ത്‌ സംഘത്തിന്റെ മർദനത്തിൽ പരിക്കേറ്റ അൻവർ, അൻസാർ എന്നിവർ ആദ്യം ബന്തിയോടും പിന്നീട്‌ മംഗളൂരുവിലും ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.          
ഡോളർ 
ഇവിടെയെത്തിയപ്പോൾ കടലാസ്‌
കൊല്ലപ്പെട്ട സിദ്ദീഖിന്റെ ജ്യേഷ്‌ഠൻ മുഗുറോഡിലെ അൻവറിനെയും സുഹൃത്ത്‌  മുഗുവിലെ അൻസാറിനെയും വെള്ളിയാഴ്‌ചയാണ്‌  കള്ളക്കടത്ത്‌ സംഘം പൈവളിഗെയിൽ ബന്ദികളാക്കിയത്‌. ദുബായിലുള്ള അനുജൻ സിദ്ദീഖിന്റെ നിർദേശപ്രകാരം കള്ളക്കടത്ത്‌ സംഘം അൻവറിന്റെ കൈവശം ഒരു പൊതി ഏൽപ്പിച്ചുവെന്നാണ്‌ വിവരം. ഇതിനകത്ത്‌ ഡോളറായിരുന്നുവത്രെ. ദുബായിലേക്ക്‌ പോകുകയായിരുന്ന സുഹൃത്ത്‌ അൻസാറിന്‌ കൈമാറിയ പൊതി അയാൾ അവിടെയെത്തി സിദ്ദീഖിന്‌ കൈമാറി. സിദ്ദീഖ്‌ അത്‌ ദുബായിലെ ബന്ധപ്പെട്ട കേന്ദ്രത്തിൽ എത്തിച്ചു. ഇതിനുള്ള പ്രതിഫലം അൻസാറും സിദ്ദീഖും കൈപ്പറ്റി. ഏറ്റുവാങ്ങിയവർ പൊതി തുറന്നുനോക്കിയപ്പോൾ വെറും കടലാസാണ്‌ കണ്ടെത്തിയതെന്ന്‌ അറിയുന്നു. അൻസാർ നാട്ടിൽ തിരിച്ചെത്തിയപ്പോൾ കള്ളക്കടത്ത്‌സംഘം ഇയാളെയും അൻവറിനെയും പൈവളിഗെയിലെ കേന്ദ്രത്തിലേക്ക്‌ വിളിച്ചുവരുത്തി ബന്ദികളാക്കി ക്രൂരമായി മർദിച്ചു. പിന്നീട്‌ സിദ്ദീഖിനെ ദുബായിൽനിന്ന്‌ വളിച്ചുവരുത്തി. മംഗളൂരു വിമാനത്താവളം വഴി ഞായർ രാവിലെ വീട്ടിലെത്തിയ  സിദ്ദീഖ്‌ കള്ളക്കടത്ത്‌ സംഘത്തിന്റെ പൈവളിഗെയിലെ കേന്ദ്രത്തിലേക്ക്‌ പോവുകയായിരുന്നു. തുടർന്നാണ്‌ മർദനവും കൊലയും. സിദ്ദീഖും അൻസാറും ദുബായിൽനിന്ന്‌ സാധന, സാമഗ്രികൾ കടത്തുന്ന കാരിയർമാരാണന്നാണ്‌ പൊലീസ്‌ നൽകുന്ന സൂചന. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top