പയ്യന്നൂർ
പയ്യന്നൂരിന്റെ രുചിപ്പെരുമ ലോകത്തിന് പരിചയപ്പെടുത്തിയ അന്നൂരിലെ കെ യു ദാമോദര പൊതുവാൾ എഴുപതിന്റെ നിറവിൽ. പാചക കലയിൽ നാല് പതിറ്റാണ്ടിന്റെ പാരമ്പ്യരമുണ്ട് ദാമോദര പൊതുവാൾക്ക്.
കാരയിൽ കണ്ടമ്പത്ത് കണ്ണ പൊതുവാളുടെയും ഉത്തമന്തിൽ പോത്രം അമ്മയുടെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസ ശേഷം മംഗളൂരുവിൽ ഹോട്ടൽ തൊഴിലാളിയായി ജീവിതം തുടങ്ങി. അന്നൂരിലെ പാചക വിദഗ്ധൻ കരിപ്പത്ത് കമ്മാര പൊതുവാളുടെ സഹായിയായി പ്രവർത്തിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. കഠിനാധ്വാനവും അർപ്പണബോധവും കൈപ്പുണ്യവും കുറഞ്ഞ കാലംകൊണ്ട് രുചിക്കൂട്ടുകളുടെ ലോകത്തെ പ്രധാനികളിൽ ഒരാളാക്കി.
വിവാഹസദ്യകൾക്കു പുറമെ സ്‌കൂൾ കലോത്സവം, യുവജനോത്സവം, കേരളോത്സവം, ക്ഷേത്രോത്സവം, രാഷ്‌ട്രീയ –- സാംസ്‌കാരിക സംഘടനകളുടെ സമ്മേളനം എന്നിവിടങ്ങളിലെല്ലാം സദ്യയൊരുക്കാൻ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യാമായി പൊതുവാൾ മാറി. കേരളത്തിലും ബംഗളൂരു, മുംബൈ, ചെന്നൈ, ഡൽഹി നഗരങ്ങളിലും ദുബായ്, അബുദാബി, സിംഗപ്പുർ, കോലാലംപുർ തുടങ്ങി വിദേശത്തും രുചിപ്പെരുമയുമായി ദാമോദര പൊതുവാളെത്തി.
പരമ്പരാഗത രീതിയിലാണ് ഇന്നും പാചകം. 2009 ൽ പാചക മികവിന് കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാരവും 2018ൽ സംസ്ഥാന സർക്കാരിന്റെ പാചകരംഗത്തെ ആദ്യ ഫെലോഷിപ്പും നേടി. പാചകരത്നം ഉൾപ്പെടെ കീർത്തി മുദ്രകളും പുരസ്‌കാരങ്ങളും നിരവധി.
എഴുപതാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ബുധനാഴ്‌ച ദാമോദര പൊതുവാളെ വീട്ടിലെത്തി ആദരിക്കും. പകൽ മൂന്നിന് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനംചെയ്യും. മുൻ മന്ത്രി ഇ പി ജയരാജൻ, ടി ഐ മധുസൂദനൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും. സാഹിത്യകാരൻ സി വി ബാലകൃഷ്‌ണൻ പ്രഭാഷണം നടത്തും. സോപാന സംഗീതം, തൃത്തായമ്പക, സുഗമ സംഗീതം എന്നിവയും അവതരിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..