കാഞ്ഞങ്ങാട്
ജപ്തി ചെയ്ത കാഞ്ഞങ്ങാട് ആർഡിഒയുടെ മഹീന്ദ്ര സ്കോർപ്പിയോ ഇന്ന് വീണ്ടും കോടതി കയറും. ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കേസിലാണ് സ്കോർപ്പിയോ ജപ്‌തിചെയ്‌തത്. മോട്ടോർ വാഹന വകുപ്പ് ആറുലക്ഷം രൂപയാണ് ഈ വാഹനത്തിന് കണക്കാക്കുന്നത്.
നഷ്ടപരിഹാരത്തുക ഈടാക്കാൻ വാഹനം ലേലത്തിന് വെക്കാനുള്ള നടപടി ക്രമങ്ങളാണ് ബുധനാഴ്ച പരിഗണിക്കുക. വാഹനം വിൽപ്പന നടത്താതിരിക്കാൻ തടസഹരജി നൽകാൻ സർക്കാറിന് അവസരം ലഭിച്ചേക്കും.
ഈ കേസിൽ നേരത്തെ ആരോഗ്യവകുപ്പിന്റെ ജീപ്പ് ജപ്തി ചെയ്തിരുന്നു. എന്നാൽ കട്ടപ്പുറത്തായ ജീപ്പ് വേണ്ടെന്ന ഹർജിക്കാരിയുടെ വാദം അംഗീകരിച്ചാണ് മറ്റൊരു സർക്കാർ വാഹനമായ ആർഡിഒയുടെ ജീപ്പ് ജപ്തി ചെയ്യാൻ ഹൊസ്ദുർഗ് സബ് ജഡ്ജ് എം സി ബിജു ഉത്തരവിട്ടത്. ചെറുവത്തൂർ കാടങ്കോട്ടെ മല്ലക്കര കമലാക്ഷിയാണ് ഹർജിക്കാരി.
1995 ലാണ് കമലാക്ഷിയുടെ ഇടതുകണ്ണിന് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് ഈ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കാഴ്ച നഷ്ടപ്പെട്ടത് ശസ്ത്രക്രിയയിലെ പിഴവാണെന്ന് കാണിച്ച് കമലാക്ഷി ഹൊസ്ദുർഗ് സബ് കോടതിയിൽ കേസ് കൊടുത്തു. 1999 ൽ ഫയൽ ചെയ്ത കേസിൽ 2018 ലായിരുന്നു വിധി. 2.30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു കോടതി ഉത്തരവിട്ടത്.
ഒരു വർഷം കഴിഞ്ഞും വിധി നടപ്പാക്കിയില്ലെന്നു കാണിച്ച് 2019 ൽ കമലാക്ഷി വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ജില്ലാ ആശുപത്രിയിലെ വാൻ ആണ് ഹൊസ്ദുർഗ് സബ് കോടതിയിൽ ഈടായി നൽകിയിരുന്നത്. അപ്പീൽ കഴിഞ്ഞവർഷം ഹൈക്കോടതി തള്ളി. പലിശയടക്കം നഷ്ടപരിഹാരത്തുക എട്ടുലക്ഷത്തോളം രൂപ കമലാക്ഷിക്ക് നൽകണം. പഴയ വാനിന് 30,000 രൂപയും ഇപ്പോഴത്തെ വാഹനത്തിന് ആറുലക്ഷവുമാണ് കണക്കാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..