18 December Thursday
ഇന്ന് ലോക വിനോദസഞ്ചാര ദിനം

ബേക്കൽ വിവാഹ പാർട്ടികളുടെ ‘സ്വർഗം’

കെ വി രഞ്‌ജിത്‌Updated: Wednesday Sep 27, 2023

ബേക്കൽ ബീച്ചിലെ ലളിത്‌ റിസോർട്ടിന്റെ വിവാഹവേദി

 
കാസർകോട്
സൂര്യാസ്തമയത്തിന്റെ ചെഞ്ചുവപ്പ്, തിരയടിയുടെ ആവേശം, തെങ്ങിൻ തോപ്പിന്റെ മനോഹാരിത... തീർന്നില്ല, രാജ്യത്തെ മറ്റു കേന്ദ്രങ്ങളേക്കാൾ ചെലവും കുറവ്. എല്ലാംകൊണ്ടും വിവാഹങ്ങൾ മനോഹരമാക്കി ആഘോഷിക്കാനുള്ള   വിനോദ സഞ്ചാരകേന്ദ്രമായി ബേക്കൽ മാറുന്നു. കേരളത്തിലെ  ഏറ്റവും മികച്ച വിവാഹ വേദികളിലൊന്നായ ബേക്കൽ ബീച്ചിലും പരിസരത്തും  കോവിഡിനുശേഷം നടന്നത് 208 ആഡംബര വിവാഹങ്ങൾ.  സംസ്ഥാനത്ത്‌ കൂടുതൽ വിവാഹങ്ങൾക്ക് വേദിയൊരുക്കിയ വിനോദസഞ്ചാര കേന്ദ്രമായും ബേക്കലും പരിസരവും മാറി. പഞ്ചനക്ഷത്ര ഹോട്ടലുകളായ   ബേക്കലിലെ ലളിത് –23,  താജ് വിവാന്റ–9,  നീലേശ്വരം ബീച്ചിലെ   മലബാർ ഓഷ്യൻ ഫ്രണ്ട്–48 ആഢംബര  വിവാഹങ്ങളാണ് 2022–23 വർഷത്തിൽ നടന്നത്. ഇതിനുപുറമെ പടന്നക്കാട് ബേക്കൽ ക്ലബ്–96, തെക്കേക്കാട്  ഒയിസ്റ്റർ ഒപേര –12 വിവാഹവും നടന്നു.  ജില്ലയിലെ 70 കിലോമീറ്റർ കടൽത്തീരത്തുമാത്രം  പത്തോളം  ബീച്ചുണ്ട്. 
‘ഡെസ്റ്റിനേഷൻ 
വെഡ്ഡിങ്’  ട്രെൻഡ്
വരന്റെയും വധുവിന്റെയും കുടുംബങ്ങൾ ഒരുസ്ഥലത്തേക്ക് യാത്രചെയ്ത് അവിടുത്തെ പ്രകൃതിഭംഗി ആസ്വദിച്ച് വിവാഹവും നടത്തി തിരിച്ചെത്തുന്ന യൂറോപ്യൻ രീതിയായ ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്’ കേരളത്തിൽ കൂടുതലായും ബേക്കലിലാണ്.   ക്ഷണിക്കപ്പെടുന്ന അതിഥികൾക്കായി മൂന്നുമുതൽ അഞ്ചുദിവസംവരെ നീളുന്ന പരിപാടികളാണ് ഇവിടുത്തെ പഞ്ചനക്ഷത്ര,  ചതുർനക്ഷത്ര  ഹോട്ടലുകളിൽ.  ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ആഭ്യന്തര സഞ്ചാരികളാണ് പ്രധാനമായും  വിവാഹത്തിനായി ബേക്കലിനെ തെരഞ്ഞെടുക്കുന്നതെന്ന് ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത് പറഞ്ഞു. ഇത്തരം വിവാഹങ്ങൾക്കെത്തുന്നവരിൽ 67 ശതമാനവും ഇതരസംസ്ഥാനക്കാരാണ്‌. സംസ്ഥാന ടൂറിസം വകുപ്പ് വിമാനത്താവളങ്ങളിലും സമൂഹമാധ്യമങ്ങൾ വഴിയും കേരളത്തിലെ വിവാഹ ഡെസ്റ്റിനേഷനുകൾ പരിചയപ്പെടുത്തിയതും ബേക്കലിനും ജില്ലയ്ക്കും സഹായമായതായും ഷിജിൻ പറഞ്ഞു.  
കാലം മാറി, 
കല്യാണവും മാറി  
 മനോഹര സ്ഥലങ്ങൾ, അന്താരാഷ്ട്ര നിലവാരമുള്ള ഹോട്ടലുകൾ, താമസഭക്ഷണ സൗകര്യങ്ങൾ തുടങ്ങിയവയും ആഭ്യന്തര സഞ്ചാരികളെ ബേക്കലിലേക്ക് ആകർഷിക്കുന്നു. മംഗളൂരു, കണ്ണൂർ വിമാനത്താവളങ്ങളുടെ അടുത്തായതിനാലും ഇതരസംസ്ഥാന വിവാഹ പാർട്ടികൾ കൂടുതലായെത്തി.  തെങ്ങിൻതോപ്പും വയലേലകളും പുഴയോരവും കടൽത്തീരവുമെല്ലാം വിവാഹവേദികളായി  ഒരുക്കാൻ എളുപ്പമായതും സൗകര്യമായി.  കുട്ടികൾക്ക് ഓടിക്കളിക്കാൻ  സൗകര്യം, ഫോട്ടോഗ്രഫി അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിലാക്കാനുള്ള സൗകര്യം  എന്നിവയൊക്കെ   ബേക്കലിന്റെ പ്രത്യേകതയാണ്. വിവാഹങ്ങൾക്കുശേഷം ആഴ്‌ചകൾ താമസിച്ചാണ്‌ വധൂവരൻമാരും സംഘവും മടങ്ങുന്നത്‌ എന്നതിനാൽ മികച്ച വരുമാനമാണ്‌ ലഭിക്കുന്നത്‌. മെഗാഹിറ്റുകളായ ഹിന്ദി, തെലുങ്ക്‌ സിനിമകളിലെ രാജകൊട്ടാരങ്ങളുടെ മാതൃകയിലാണ് കല്യാണ വേദികൾ ഒരുക്കുന്നത്. ഗാനമേളയും നൃത്തവും മെഹ്ഫിലും ചേർന്ന് ഒരാഴ്ചനീളുന്ന ചടങ്ങുകൾ.  നൂതനമായ ടൂറിസം സർക്യൂട്ടുകൾ  അവതരിപ്പിച്ച് സഞ്ചാരികൾക്ക് ഗ്രാമീണജീവിതവും സംസ്‌കാരവും പരിചയപ്പെടുത്തുന്നുമുണ്ട്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top