രാവണേശ്വരം
രാവിലെ അഞ്ചിന് പത്രവിതരണക്കാരൻ പവിത്രനെ കാത്ത് വരാന്തയിൽ ഇരിക്കും. രാവിലെ തന്നെ ദേശാഭിമാനി വായിച്ചില്ലെങ്കിൽ ഒന്നും ശരിയാകില്ല. 86 വയസിലും ദേശാഭിമാനിയെ നെഞ്ചേറ്റുന്ന രാവണേശ്വരത്തെ കർഷകൻ കരിപ്പാടക്കൻ ചന്തുവേട്ടൻ പറയുന്നു.
മറ്റുപത്രങ്ങളും ടിവിക്കാരും പാർടിയെ കുറിച്ചും പിണറായി സർക്കാരിനെ കുറിച്ചും നട്ടാൽ മുളക്കാത്ത കളവാണ് പറയുന്നത്. വാർത്തകളിലെ വസ്തുത മനസിലാക്കാൻ ദേശാഭിമാനി തന്നെ വായിക്കണം. അഞ്ചാം ക്ലാസ് വിദ്യാഭ്യാസമുള്ള ചന്തുവേട്ടൻ കമ്മ്യൂണിസ്റ്റ് പാർടി സെൽ അംഗമായതോടെയാണ് പത്ര വാർത്ത പതിവാക്കിയത്. അതിപ്പോഴും തുടരുന്നു.
നാട്ടിലെ പൊതു കാര്യങ്ങളിലെല്ലാം ചന്തുവേട്ടന്റെ സാന്നിധ്യമുണ്ട്. രാവണേശ്വരം സാമൂഹ്യ വിനോദ കലാകായിക കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് മെമ്പറുമാണ്. 1980 മുതൽ ദേശാഭിമാനിയുടെ സ്ഥിരം വരിക്കാരനാണ്. പ്രധാന വാർത്തകളാണ് രാവിലെ വായിക്കുക. രാത്രി വിശദമായി നോക്കും. ഈ പ്രായത്തിലും കണ്ണടയുടെ സഹായവും വേണ്ട.
പത്രം മുടങ്ങാതിരിക്കാനാണ് വാർഷിക വരിക്കാരനായത്. അടുത്ത ദിവസം ഇതിന്റെ കാലാവധി തീരും. പത്രം പുതുക്കാൻ സഖാക്കൾ വരുമെന്ന് പറഞ്ഞിട്ടുണ്ട്. മികച്ച കർഷകനുള്ള അജാനൂർ പഞ്ചായത്തിന്റെ പുരസ്കാരം നേടിയ ചന്തുവേട്ടൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..