കാസർകോട്
ബദിയടുക്ക പള്ളത്തടുക്കയിൽ തിങ്കളാഴ്‌ച വൈകിട്ട് സ്‌കൂൾ ബസ്സിടിച്ച് മരിച്ച അഞ്ചുപേർക്കും നാടിന്റെ യാത്രാമൊഴി. മൊഗ്രാൽ പുത്തൂരിലെ രണ്ടുകിലോമീറ്റർ ചുറ്റളവിലാണ് മരിച്ച അഞ്ചുപേരുടേയും വീടുള്ളത്. അപകട വിവരമറിഞ്ഞപ്പോൾ മുതൽ ഈ വീടുകളിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. വിദേശത്തുണ്ടായിരുന്ന മക്കളും മരുമക്കളും അടുത്ത ബന്ധുക്കളുമടക്കമുള്ള പലരും ചൊവ്വാഴ്‌ച രാവിലെ നാട്ടിലെത്തി. തിങ്കൾ രാത്രിതന്നെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വീടുകളിലേക്ക് മൃതദേഹങ്ങൾ എത്തിച്ചു. ആയിരങ്ങൾ വീട്ടിലും പള്ളിപ്പറമ്പിലുമായെത്തി.
മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്തിമ (48), സഹോദരിയും കടവത്ത് ദിഡുപ്പയിലെ ഇസ്മായിൽ കൊപ്പളത്തിന്റെ ഭാര്യയുമായ ഉമ്മാലിമ്മ (55), മറ്റൊരു സഹോദരിയും നോർത്ത് ബെള്ളൂരിലെ അബ്ബാസിന്റെ ഭാര്യയുമായ നബീസ (50), ഇവരുടെ പിതൃസഹോദരൻ കടവത്ത് ദിഡുപ്പയിലെ പരേതനായ ഷെയ്‌ക് അലി ഹാജിയുടെ ഭാര്യ ബീഫാത്തിമ (65), ഓട്ടോഡ്രൈവറും തായലങ്ങാടി സ്വദേശിയും മൊഗ്രാൽ പുത്തൂർ മൊഗറിൽ താമസക്കാരനുമായ എ എസ് അബ്ദുൽറൗഫ് (58) എന്നിവരാണ് മരിച്ചത്.
റൗഫിന്റെ മൃതദേഹം തായലങ്ങാടി ഖിളർ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി. ബീഫാത്തിമയെ മൊഗർ ജുമാമസ്ജിദിലും ഉമ്മാലിമ്മയെ മൊഗ്രാൽപുത്തൂർ ടൗൺ ജുമാമസ്ജിദിലും നബീസയെ ബെള്ളൂർ ജുമാമസ്ജിദിലും ദിഡുപ്പയിലെ ബീഫാത്തിമയെ കോട്ടക്കുന്ന് ജുമാമസ്ജിദ് അങ്കണത്തിലും ഖബറടക്കി.
മരിച്ചവരുടെ വീടുകൾ സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ, എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ, ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് എന്നിവർ സന്ദർശിച്ചു.
സ്‌കൂൾ ബസ്
ഡ്രൈവർ
അറസ്‌റ്റിൽ
പള്ളത്തടുക്ക അപകടത്തിൽ സ്‌കൂൾ ബസോടിച്ച ഡ്രൈവർ നീർച്ചാർ കുംട്ടിക്കാന ദേവരമെട്ടുവിലെ എം ജോൺ ഡിസൂസ (56)യെ പൊലീസ് അറസ്റ്റുചെയ്തു. അശ്രദ്ധയോടെ ബസോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുത്തനെയുള്ള എസ് വളവിൽ അതിവേഗതയിലായിരുന്നു ബസ്സെന്നും നാട്ടുകാർ പറഞ്ഞു.
കെെ മെയ് മറന്ന് പൊലീസും
ആരോഗ്യ പ്രവർത്തകരും
ബദിയടുക്ക അപകടത്തിൽ നാട് നടുങ്ങിയപ്പോൾ പകച്ചുനിൽക്കാതെ ആരോഗ്യപ്രവർത്തകരും പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ഒന്നാകെ രംഗത്തിറങ്ങി. തിങ്കൾ വൈകിട്ട് ഏഴോടെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ രാത്രിതന്നെ പോസ്റ്റുമോർട്ടം ചെയ്യാൻ ഡോക്ടർമാർ തയ്യാറായി. ഇതിനായി പൊലീസും സർക്കാർ വകുപ്പുകളും ഏകോപിച്ച് പ്രവർത്തിച്ചു. കലക്ടർ കെ ഇമ്പശേഖർതന്നെ ആശുപത്രയിലെത്തി ആവശ്യമായ നിർദേശം നൽകി.
കേരളത്തിലെ അഞ്ച് മെഡിക്കൽ കോളേജിനുപുറമെ രാത്രികാല പോസ്റ്റുമോർട്ടം സൗകര്യമുള്ള ഏക ജനറൽ ആശുപത്രിയാണ് കാസർകോട്ടേത്.
പുലർച്ചെ മൂന്നോടെയാണ് ഓട്ടോഡ്രൈവർ അബ്ദുൾറൗഫിന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയാകുന്നത്. മൊഗ്രാൽപുത്തൂർ മൊഗറിലെ ബീഫാത്തിമ, സഹോദരിമാരായ കടവത്ത് ദിടുപ്പയിലെ ഉമ്മാലിമ്മ, ബെള്ളൂരിലെ നബീസ, ഇവരുടെ പിതാവിന്റെ അനുജന്റെ ഭാര്യ ബീഫാത്തിമ എന്നിവരുടെ മൃതദേഹങ്ങൾ അതിന് മുമ്പായി പോസ്‌റ്റുമോർട്ടം പൂർത്തിയാക്കി മാലിക് ദീനാർ മസ്ജിദിൽ കുളിപ്പിച്ച് അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയിരുന്നു.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദിന്റെ നിർദേശ പ്രകാരം ഫോറൻസിക് സർജൻ ഡോ. അംജിത് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രിയിൽ പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയത്.
കാസർകോട് ഡിവൈഎസ്‌പി പി കെ സുധാകരൻ, സിഐ പി അജിത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘവും ആശുപത്രിയിലെത്തി. ബദിയടുക്ക, വിദ്യാനഗർ, കാസർകോട് ടൗൺ, വനിതാ സ്റ്റേഷൻ എന്നിവിടങ്ങളിലെ പൊലീസുകാരടങ്ങിയ നാല് സംഘമാണ് ഇൻക്വസ്റ്റിന് നേതൃത്വം നൽകിയത്.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സിപിഐ എം ഏരിയാസെക്രട്ടറി കെ എം മുഹമ്മദ് ഹനീഫ എന്നിവരും ആശുപത്രിയിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..