19 April Friday

ചെളിക്കണ്ടത്തിൽ കളിയും നാട്ടിയും ജോർ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

അരവത്ത് നാട്ടി മഹോത്സവത്തിൽ ജനറൽ വിഭാഗത്തിൽ നടത്തിയ 100 മീറ്റർ ഓട്ടത്തിൽനിന്ന് ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ

ഉദുമ

ചേറിലാണ്‌ ചോറെന്ന പഴമൊഴി അന്വർഥമാക്കി അരവത്ത്‌ നാട്ടി ഉത്സവം. മഴയൊന്ന്‌ മാറി നിന്നെങ്കിലും ചളിക്കണ്ടത്തിൽ നാട്ടി നടാൻ കുട്ടികളും അമ്മമാരും യുവാക്കളും അടക്കം നാട്ടുകാർ എല്ലാവരുമെത്തി.
പുലരി അരവത്ത്‌,  പള്ളിക്കര  പഞ്ചായത്ത്‌, കൃഷിഭവൻ, കുടുംബശ്രീ, യുവജനക്ഷേമ ബോർഡ്‌ എന്നിവയുടെ സഹകരണത്തോടെയാണ്‌ അരവത്ത്‌ വയലിൽ  നാട്ടി ഉത്സവം നടത്തിയത്‌. ഏഴുവർഷം മുമ്പ്‌ പുലരി അരവത്തിന്റെ പ്രവർത്തകർ അവതരിപ്പിച്ച  ആശയമാണ്‌ നാട്ടി കാർഷിക പാഠശാലയും നാട്ടി ഉത്സവവും. കോവിഡിൽ മുടങ്ങിയെങ്കിലും ഇത്തവണ ഗംഭീരമായി നടന്നു.   ചളിക്കണ്ടത്തിലെ വിവിധ മത്സരങ്ങൾക്ക്‌ മുന്നോടിയായി  ബേക്കൽ  ഡിവൈഎസ്‌പി  സി കെ സുനിൽ കുമാർ പച്ചക്കൊടി കാട്ടി. ഓട്ടം,  വടംവലി, ഷട്ടിൽ, മുട്ടയേറ്‌, വോളിബോൾ, കമ്പവലി   തുടങ്ങിയ മത്സരങ്ങൾ നടന്നു.  കൂട്ടക്കനി യുപി സ്‌കൂൾ,  തച്ചങ്ങാട്‌ ഗവ. ഹൈസ്‌കൂൾ, ബേക്കൽ ജിഎഫ്‌എച്ച്‌എസ്‌, സെന്റ്‌ മേരിസ്‌ പള്ളിക്കര, പരവനടുക്കം ആലിയ സ്‌കൂൾ,  ചെമ്മനാട്‌ ജമായത്ത്‌ ഹയർസെക്കൻഡറി,  ഉദുമ. ഗവ. കോളേജ്‌, പയ്യന്നൂർ ശങ്കരാചാര്യ തുടങ്ങി സ്ഥാപനങ്ങളിലെ വിദ്യാർഥികളും കണ്ടത്തിലിറങ്ങി. 
നാട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം  കുമാരൻ അധ്യക്ഷനായി.  ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ലക്ഷ്‌മി, എ മണികണ്‌ഠൻ, പി ആർ പുഷ്‌പലത,  ആർ വീണാറാണി, സുരേന്ദ്രൻ,  കെ വേണുഗോപാലൻ എന്നിവർ സംസാരിച്ചു. എ കെ ജയപ്രകാശ്‌ സ്വാഗതം പറഞ്ഞു.  
തനത് കാർഷിക ജൈവ വൈ വിധ്യം സംരക്ഷിക്കുന്ന കർഷകർക്കുള്ള വിത്താൾ പുരസ്‌കാരവും കൈമാറി.  അമ്പലത്തറയിൽ കപില ഗോശാല നടത്തുന്ന പി കെ ലാലും നെൽവിത്ത്‌സംരക്ഷകനായ  നെട്ടണിഗെ സത്യനാരായണ ബലേരിയും അവാർഡ്‌ ഏറ്റുവാങ്ങി.  ദേശീയ ഔഷധ സസ്യ ബോർഡിനായി അരവത്ത്‌ പുലരി പ്രവർത്തകർ ചെയ്യുന്ന ഔഷധ സസ്യ പ്രൊജക്ടും പള്ളിക്കര പഞ്ചായത്തിന്റെ ചക്ക മഹോത്സവവും പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കുമാരൻ ഉദ്‌ഘാടനം ചെയ്‌തു. സ്ഥിരം സമിതി ചെയർമാൻ വി സൂരജ്‌ അധ്യക്ഷനായി. എം ബിന്ദു സ്വാഗതം പറഞ്ഞു. 
പരിപാടിക്കെത്തിയവർക്കെല്ലാം 101 തരം ചമ്മന്തി ഉപയോഗിച്ച്‌ കഞ്ഞിയും വിളമ്പി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top