25 April Thursday

പരപ്പച്ചാലിൽ 
കരുതൽ വേണം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
വെള്ളരിക്കുണ്ട്   
പരപ്പച്ചാൽ പാലത്തിന് സമീപത്തെ അപകടത്തുരുത്തിന്‌ ശാശ്വത പരിഹാരം വേണമെന്ന്‌ നാട്ടുകാർ. നീലേശ്വരം ഭീമനടി റോഡിൽ മുക്കടക്ക്‌ സമീപം പരപ്പച്ചാലിലാണ് ജനങ്ങളുടെ ജീവന് ഭീഷണിയായി അപകടം പെരുകുന്നത്. പാലത്തിന്റെ ഇരു ഭാഗത്തുമായി ചെങ്കുത്തായ ഇറക്കവും വളവുമാണ്.
റോഡ് മെക്കാഡം ചെയ്തതോടെ അപകടത്തിന്റെ തോതും കൂടി. പാലത്തോട് ചേർന്നുള്ള വീടുകളുടെ സുരക്ഷിതത്വവും ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം രാവിലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 
വൈകിട്ടും അപകടമുണ്ടായി.  റോഡരുകിൽ നിൽക്കുന്ന ആളിനടക്കം ഗുരുതര പരിക്കേൽക്കുന്ന അവസ്ഥ. ഇംഗ്ലീഷ് അക്ഷരം ഡബ്ലു ആകൃതിയിലുളള വളവാണ് ഇവിടെയുള്ളത്. 
അപകടാവസ്ഥ സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ വേലികളോ ഇവിടെയില്ല. പാലത്തിന് സമീപം മൂന്ന്‌ വീടുമുണ്ട്‌. അവരും ഭയപ്പാടിലാണ്‌.  പാലത്തിന്റെ ഇരു ഭാഗങ്ങളിലായുള്ള വളവിൽ ശക്തമായ ഇരുമ്പ് വേലികൾ തീർത്ത് ഇവരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്ന ആവശ്യമാണ്‌ ഉയരുന്നത്‌.
ഭീതി മാറാതെ അപകടം നേരിൽക്കണ്ട കുട്ടികൾ
വെള്ളരിക്കുണ്ട്  
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ തലനാരിഴക്കാണ്  രക്ഷപ്പെട്ടതെന്ന് പാലത്തിന് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ സനിൽ കുമാർ പറഞ്ഞു. ശനി രാവിലെ നിയന്ത്രണംവിട്ട് വന്ന സിമന്റ് ലോറി ഇവരുടെ വീടിനോട് ചേർന്നാണ്‌ തോട്ടിലേക്ക് മറിഞ്ഞത്. 
ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീജ മകൾക്കൊപ്പം എൽഎസ്എസ് പരീക്ഷക്ക്‌ പോകാൻ ഒരുങ്ങി മുറ്റത്തേക്ക്‌ ഇറങ്ങവെയാണ് ലോറി ഭീകര ശബ്ദത്തോടെ വീടിന്റെ മുറ്റത്തുകൂടെ പോയി തോട്ടിലേക്ക്‌ വീഴുന്നത്‌. പത്തുവയസുള്ള മകൾ  ഇപ്പോഴും അതിന്റെ ഭീതിയിൽ നിന്ന് മുക്തയായിട്ടില്ല. ഉറക്കത്തിൽ ഞെട്ടിയുണർന്ന് കരയുകയാണ് കുഞ്ഞ്. സനിൽകുമാറിന്റെ അമ്മ മീനാക്ഷിയും ഇതിനടുത്തായി ഇതേ ഭീഷണി നേരിടുന്നു. വാട്ടർ ടാങ്കും പച്ചക്കറി കൃഷിയും എല്ലാം തകർത്താണ് ലോറി വീണത്‌. വാഹനം മറിഞ്ഞ പാലത്തിന്റെ കൈവരി ഭാഗത്തെ താമസക്കാരനായ കെ എസ് രാഹുലിന്റെ കുഞ്ഞുകുട്ടികളായ സയാനും സമിത്തും ഇതേ അവസ്ഥയിലാണ്. അപകടം നേരിൽ കണ്ട ഇരുവരും ഇനിയും ഭയം മാറാതെ കരച്ചിലാണ്. 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top