08 May Wednesday

കളിക്കാൻ കാര്യമൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

നടക്കാവിൽ എം ആർ സി കൃഷ്‌ണൻ നായർ ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമാണം പുരോഗമിക്കുന്നു

കാസർകോട്‌
ജില്ലയിൽ കായിക മേഖല അടിസ്ഥാന സൗകര്യ വികസനം അതിവേഗത്തിൽ മുന്നേറുന്നു. ഭാവിയിൽ ദേശീയ, അന്തർദേശീയ നിലവാരമുള്ള കായിക താരങ്ങളെ വളർത്തിയെടുക്കാനുള്ള സംരംഭങ്ങൾക്ക്‌ സംസ്ഥാന സർക്കാരും ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലും മുന്നിട്ടിറങ്ങും. 
ഫുട്‌ബോൾ, കബഡി, ബാസ്‌കറ്റ്‌ബോൾ, നീന്തൽ, അത്‌ലറ്റിക്‌സ്‌, വോളിബോൾ, ആയോധന കലകൾ തുടങ്ങിയ പരിശീലനം നൽകാനും പരിപോഷിപ്പിക്കാനുമായി സ്‌റ്റേഡിയം, പരിശീലന കേന്ദ്രം, ഹോസ്‌റ്റൽ തുടങ്ങി. ഇൻഡോർ  കോർട്ടുകൾ നിർമാണത്തിലാണ്‌. സ്‌പോർട്‌സ്‌ കൗൺസിലിന്‌ പുതിയ ഓഫീസ്‌ കെട്ടിടവും വരുന്നു. വിദ്യാനഗറിൽ ഒന്നര കോടി രൂപ ചെലവിട്ടുള്ള നീന്തൽകുളത്തിന്റെ നിർമാണം പുരോഗമിക്കുന്നു.  
കാസർകോട്‌  ഉദയഗിരിയിലുള്ള സ്‌പോർട്‌സ്‌ ഹോസ്‌റ്റലിൽ 65 കുട്ടികൾക്കുള്ള സൗകര്യമുണ്ട്‌. വിവിധ കായിക ഇനങ്ങളിൽ പരിശീലനം നേടുന്ന വിദ്യാർഥികൾ ഇവിടെ താമസിച്ച്‌ പഠിക്കുകയാണ്‌. ഒരു കോടി രൂപ ചെലവിട്ടാണ്‌ ബഹുനില കെട്ടിടം നവീകരിച്ചത്‌. രണ്ട്‌ ഏക്കറിലധികം സ്ഥലത്താണ്‌ ഹോസ്‌റ്റൽ പ്രവർത്തിക്കുന്നത്‌. 
നിലവിലുള്ള വോളിബോൾ കോർട്ട്‌ മൂന്ന്‌ ലക്ഷം രൂപ ചെലവിട്ട്‌ നവീകരിച്ചു. 
കാസർകോട്‌ വികസന പാക്കേജിൽ അനുവദിച്ച നാല്‌ കോടി രൂപ ചെലവിട്ട്‌ വോളിബോൾ, കബഡി ഇൻഡോർ കോർട്ടുകളുടെ  നിർമാണം തുടങ്ങി. 
സ്‌പോർട്‌സ്‌ കൗൺസിൽ ഓഫീസിനായുള്ള കെട്ടിടം 21 ലക്ഷം രൂപ ചെലവിട്ട്‌ നിർമാണം നടക്കുന്നു. 
നടക്കാവിൽ 28 കോടിയിൽ ഇൻഡോർ സ്‌റ്റേഡിയം
കിഫ്‌ബി സഹായത്തിൽ 28 കോടി രൂപ ചെലവിട്ടാണ്‌ നടക്കാവിൽ എം ആർ സി കൃഷ്‌ണൻ നായരുടെ പേരിൽ വിവിദുദ്ദേശ ഇൻഡോർ സ്‌റ്റേഡിയം നിർമിക്കുന്നത്‌. 
വോളി ബോൾ, ഫുട്‌ബോൾ, നീന്തൽ, ബാസ്‌കറ്റ്‌ബോൾ, ആയോധനകല തുടങ്ങിയവക്ക്‌ സൗകര്യമുണ്ടാകും.  നിർമാണം പകുതി കഴിഞ്ഞു. 
കോളിയടുക്കത്ത്‌ 13.50 കോടിയിൽ 
ജില്ലാ സ്‌റ്റേഡിയം
കോളിയടുക്കം രാജീവ്‌ ഗാന്ധി സ്‌റ്റേഡിയം ജില്ലാ സ്‌റ്റേഡിയമാകും. 13.50 കോടി രൂപയാണ്‌ പ്രതീക്ഷിക്കുന്ന ചെലവ്‌. കാസർകോട്‌ പാക്കേജിൽ അഞ്ച്‌ കോടി രൂപ ലഭിക്കും. ഫുട്‌ബോൾ,  വോളിബോൾ, അത്‌ലറ്റിക്‌സ്‌ എന്നിവയ്‌ക്കായി ഫ്‌ളഡ്‌ലൈറ്റ്‌ സ്‌റ്റേഡിയമാണ്‌ ഒരുക്കുക. 400 മീറ്റർ അത്‌ലറ്റിക്ക്‌ ട്രാക്ക്‌ നിർമിക്കും. നിലവിലിവിടെ പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്‌. 
കാസർകോട്‌ എച്ച്‌എഎൽ യൂണിറ്റ്‌ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്ന്‌ അനുവദിച്ച 50 ലക്ഷം രൂപ ചെലവിട്ടാണ്‌ വിദ്യർഥികൾക്ക്‌ താമസിച്ച്‌ പരിശീലനം നടത്താവുന്ന കേന്ദ്രം നിർമിച്ചിരിക്കുന്നത്‌. 16 കുട്ടികൾ പിശീലനത്തിനുണ്ട്‌. അഞ്ച്‌ വിശാല മുറികളും ഭക്ഷണ ഹാളും പൊതുശൗചാലയങ്ങളുമുണ്ട്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top