20 April Saturday
പ്രതിഷേധവുമായി ജീവനക്കാർ

കെഎസ്‌ആർടിസി ഹെഡ്‌ ക്വാർട്ടേഴ്‌സ്‌ കാഞ്ഞങ്ങാട്ടേക്ക്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

കാസർകോട്‌ കെഎസ്‌ആർടിസി ജില്ലാ ഹെഡ്‌ ക്വാർട്ടേഴ്‌സ്‌

കാസർകോട്‌
കെഎസ്‌ആർടിസി ജില്ലാ ഹെഡ്‌ ക്വാർട്ടേഴ്‌സ്‌ കാഞ്ഞങ്ങാട്‌ ചെമ്മട്ടംവയലിലേക്ക്‌ മാറ്റി മാനേജിങ്‌ ഡയറക്ടർ ഉത്തരവിറക്കി. പ്രതിഷേധവുമായി ജീവനക്കാർ.
മാസങ്ങൾക്ക്‌ മുമ്പേ ഇത്തരം നീക്കമുണ്ടായിരുന്നെങ്കിലും വ്യാഴാഴ്‌ചയാണ്‌ ഉത്തരവിറങ്ങിയത്‌. ഡിപ്പോ മാറ്റുന്നതിൽ ജനപ്രതിനിധികളടക്കം പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. 
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട അന്തർസംസ്ഥാന ടെർമിനലാണ്‌ ജില്ലാ ആസ്ഥാനത്തുള്ള കാസർകോട്‌ ബസ്‌ സ്‌റ്റേഷൻ. ജില്ലയിലെ ഏക ദേശസാൽകൃത സെക്ടറായ ചന്ദ്രഗിരി റൂട്ട്‌ പൂർണമായും കാസർകോട്‌ ഡിപ്പോയുടെ കീഴിലാണ്‌. എഴുന്നൂറോളം ജീവനക്കാരുള്ളതും സംസ്ഥാനത്ത്‌ ഏറ്റവുമധികം വരുമാനം ലഭിക്കുന്നതുമായ ഡിപ്പോ കാഞ്ഞങ്ങാടേക്ക്‌ മാറ്റുന്നതിലൂടെ വിദ്യാർഥികളെയും ഇതരസംസ്ഥാന യാത്രക്കാരെയും ഡിപ്പോയിലെ ജീവനക്കാരെയും പെൻഷൻകാരെയും ഏറെ ദുരിതത്തിലാക്കും. 
മൂവായിരത്തോളം വിദ്യാർഥി പാസും പൊതുജനങ്ങളുടെ അനുബന്ധ സേവനങ്ങളും ലഭിക്കുന്നത്‌ കാസർകോട്‌ ഡിപ്പോയിൽനിന്നാണ്‌. ഉദുമ, കാസർകോട്‌, മഞ്ചേശ്വരം മണ്ഡലങ്ങളിലുള്ളവരാണ്‌ പാസ്‌ നേടിയ വിദ്യാർഥികളിൽ 75 ശതമാനവും. ജില്ലാ ഹെഡ്‌ ക്വാർട്ടേഴ്‌സ്‌ കാഞ്ഞങ്ങാടേക്ക്‌ മാറ്റുന്നതോടെ ഈ വിദ്യാർഥികൾ ഓരോ തവണയും പാസിനായി കൂടുതൽ ദുരിതം അനുഭവിക്കേണ്ടിവരും. 

ഓഫീസ്‌ മാറ്റം 
ഉപേക്ഷിക്കണം : 
കെഎസ്‌ആർടിഇഎ

ഹെഡ്‌ ക്വാർട്ടേഴ്‌സ്‌ മാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന്‌  കെഎസ്‌ആർടി എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും വളരെ അകലെയുള്ള ചെമ്മട്ടംവയൽ ഡിപ്പോയിലേക്ക് ഹെഡ്ക്വാട്ടേഴ്സ് മാറ്റുന്നതും പ്രശ്‌നമാണ്‌.
കാസർകോട്ടെ ഓഫീസുകൾ മറ്റു വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നാണ്‌ അധികൃതർ അവകാശപ്പെടുന്നത്‌. എന്നാൽ വർഷങ്ങൾ പലതായിട്ടും പ്രധാന കെട്ടിടത്തിലെ കടമുറികൾ അനാഥമായി കിടക്കുകയാണ്‌. മാനേജുമെന്റിന്റെ കെടുകാര്യസ്ഥതയിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ തൊഴിലാളികളെ ബലിയാടാക്കുന്നത്‌ അംഗീകരിക്കില്ലെന്നും അസോസിയേഷൻ പ്രസ്‌താവനയിൽ പറഞ്ഞു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top