20 April Saturday

ആർദ്രം അംഗീകാരം അഭിമാനം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

 കാസർകോട്‌

ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ആർദ്രകേരള പുരസ്‌കാരത്തിൽ ജില്ല തിളങ്ങി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരത്തിൽ പഞ്ചായത്തിൽ സംസ്ഥാനത്ത്‌ മൂന്നാം സ്ഥാനം കനാനൂർ കരിന്തളത്തിനാണ്‌. ആറ്‌ ലക്ഷം രൂപ ലഭിക്കും. ജില്ലയിൽ കയ്യൂർ ചീമേനിയാണ്‌ ഒന്നാമത്‌. അഞ്ച്‌ ലക്ഷം രൂപയാണ്‌ സമ്മാനം. ബളാൽ രണ്ടും (മൂന്ന്‌ ലക്ഷം), മടിക്കൈ മൂന്നും (രണ്ട്‌ ലക്ഷം) സ്ഥാനം നേടി. 
തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് മുൻഗണനാ പട്ടിക തയ്യാറാക്കി പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തത്‌. പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ, നൂതനമായ ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമാർജനം എന്നിവയും വിലയിരുത്തി. 
 
കണ്ടുപഠിക്കാം കിനാനൂർ– കരിന്തളത്തെ 
സ്വന്തം ലേഖകൻ
നീലേശ്വരം 
ആർദ്രകേരള പുരസ്‌കാരത്തിൽ സംസ്ഥനത്ത്‌  മൂന്നാം സ്ഥാനം നേടിയ കിനാനൂർ– - കരിന്തളം പഞ്ചായത്തിന്‌ ഇത്‌ അംഗീകാരങ്ങളുടെ തുടർച്ച. 2021 ൽ ജില്ലയിൽ ഒന്നും 2020ൽ രണ്ടും 2019 ൽ മൂന്നും സ്ഥാനം നേടി. കരിന്തളം കുടുംബാരോഗ്യ കേന്ദ്രവും കീഴിൽ നാല്‌ ഉപകേന്ദ്രങ്ങളുമുണ്ട്‌. കാട്ടിപ്പൊയിൽ, പരപ്പ ആയുർവേദാശുപത്രി, ചോയ്യങ്കോട്, തലയടുക്കം ഹോമിയോ ആശുപത്രി, കോളംകുളം ഹോമിയോ കേന്ദ്രം എന്നി പ്രവർത്തിക്കുന്നു.  പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രവി, സെക്രട്ടറി എൻ സി ലീനാമോൾ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജിഷ മുങ്ങത്ത്, ഡോ. രാജേഷ് കരിപ്പത്ത്, ഡോ. വിന്യ (ഹോമിയോ ) ഡോ. പത്മേഷണൻ, ഡോ. ദിവ്യ പ്രഭ (ആയുർവേദം ), ശാന്ത രജനീഷ് (പാലിയേറ്റീവ് കെയർ) ഐസിഡിഎസ് സുപ്പർവൈസർ പി സി സുമ, ഹരിത കർമ്മസേന ലീഡർ  ടി ആർ വിദ്യ, പി  മീനാക്ഷി, ഹെൽത്ത്  ഇൻസ്പെക്ടർ സുരേഷ് ബാബു, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ സതി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ പ്രവർത്തനമാണ് മികവിലേക്ക്‌ ഉയർത്തിയത്‌. നാലുവീതം ജെഎച്ച്ഐ, ജെപിഎച്ച്എൻ, 17 ആശാവർക്കർമാർ,  31 അങ്കണവാടി വർക്കർമാർ, 34 അംഗ ഹരിത കർമ്മസേന എന്നിവ പഞ്ചായത്തിലുണ്ട്‌. വാർഡുതല ആരോഗ്യ ഫെസിലിറ്റേഷൻ സെന്ററുകളും പ്രവർത്തിക്കുന്നു. മാലിന്യ ശേഖരണത്തിന്‌  17 വാർഡുകളിൽ 50 മിനി എംസിഎഫും കരിന്തളത്ത് ആർആർഎഫും പ്രവർത്തിക്കുന്നു. 
 
രണ്ടാമതും ബളാൽ 
വെള്ളരിക്കുണ്ട് 
ആർദ്ര കേരളം പുരസ്കാരം ജില്ലാതലത്തിൽ രണ്ടാംസ്ഥാനം ബളാൽ പഞ്ചായത്തിന്. രണ്ടാം തവണയാണ് അംഗീകാരം. വെള്ളരിക്കുണ്ട്, കൊന്നക്കാട് ആരോഗ്യ കേന്ദ്രങ്ങൾ, ബളാൽ ഹോമിയോ ആശുപത്രി, മാലോം ആയുർവേദ ഡിസ്പെൻസറി തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മികവായി. 
 
കയ്യൂരിന്റെ സ്‌നേഹ സ്‌പർശം  
ചീമേനി
ആര്‍ദ്രകേരളം പുരസ്‌കാരം നിറവിൽ കയ്യൂർ– ചീമേനി പഞ്ചായത്ത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള വയോജന ആരോഗ്യ പരിരക്ഷ സ്‌നേഹ സ്‌പർശം, കൗമാര കുട്ടികളുടെ ആരോഗ്യപരിരക്ഷ മുകുളം, അതിഥി തൊഴിലാളികളുടെ ഹമാരമെഹ്‌മാൻ പദ്ധതികൾ പുരസ്‌കാരത്തിന്‌ സഹായമായി. ആരോഗ്യ മേഖലയില്‍  75,42,219  രൂപയുടെ പദ്ധതിയാണ്‌ നടപ്പാക്കിയത്‌. കയ്യൂർ  കുടുംബാരോഗ്യം  കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 18 പദ്ധതികളിലൂടെ 50,42,219 രൂപ  ചെലവഴിച്ചു. ആയുർവേദ ആശുപത്രി വഴി 21,50,000 രൂപയും ഹോമിയോ ആശുപത്രി വഴി 3,50,000 രൂപയും ചെലവഴിച്ചു. പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനം എന്നിവയും ഊർജിതമാക്കി.
 
പകർച്ചവ്യാധികളെ തുരത്തി 
മടിക്കൈ പഞ്ചായത്ത് 
നീലേശ്വരം:
പകർച്ചവ്യാധികളെ തടഞ്ഞുനിർത്തിയ മടിക്കൈ പഞ്ചായത്തിന്‌ ആര്‍ദ്രകേരളം പുരസ്‌കാരത്തിൽ ജില്ലയിൽ മൂന്നാമത്‌. മടിക്കൈ കുടുംബാരോഗ്യ കേന്ദ്രത്തിന് മികച്ച മുന്നേറ്റമമുണ്ടായി. ആരോഗ്യ സൂചികകളിൽ ഐഎംആർ 6.6,  എംഎംആർ പൂജ്യവുമാണ്. ശരാശരി ആയുർ ദൈർഘ്യം 71.4. ദീർഘകാല രോഗികൾക്ക്‌ തുടർചികിത്സയടക്കമുള്ള പരിചരണവും ജീവിത ഗുണനിലവാരവും ഉറപ്പാക്കി. മടിക്കൈ ആയുർവേദാശുപത്രി  കഴിഞ്ഞ മുപ്പത് വർഷത്തെ സേവനത്തിലൂടെ ജില്ലയിൽ ഒന്നാമതായി. ജില്ലയിലെ മാതൃക ഹോമിയോ ഡിസ്പെൻസറികളിൽ ഒന്നാണ് മടിക്കൈ ഗവ. മാതൃകാ ഹോമിയോ സിസ്പെൻസറി എരിക്കുളം. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ,  ജീവനക്കാർ എന്നിവർ നടത്തിയ പ്രവർത്തനൾക്കുള്ള അംഏഗകാരമാണിതെന്ന്‌  പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് പ്രീത പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top