25 April Thursday

മണ്ണില്ലാതെ പച്ചക്കറിയും മീനും 
വിളയിച്ച് മാമച്ചൻ

ടി കെ നാരായണൻUpdated: Saturday Feb 27, 2021

കായമാക്കൽ മാമച്ചൻ മാത്യു

കാഞ്ഞങ്ങാട‌്  
ചിറ്റാരിക്കാലിലെ ആദ്യകാലകുടിയേറ്റ കുടുംബാംഗമായ കായമാക്കൽ മാമച്ചൻ മാത്യു ചില്ലറക്കാരനല്ല.   മണ്ണില്ലാതെ പച്ചക്കറിയും   മത്സ്യവും കൃഷി ചെയ്യും.  അക്വാപോണിക്സ് കൃഷിരീതി ഉപയോഗിച്ചാണ്‌ ഇത്‌.  ജലം സംഭരിക്കാവുന്ന ടാങ്ക്, ഗ്രോബെഡ്, ഫിഷ്ടാങ്ക് എന്നിവയെ  ബന്ധിപ്പിച്ചാണ്  കൃഷി. പരസ്പരം കുഴൽ കൊണ്ട് ബന്ധിപ്പിച്ച് ജലത്തിന്റെ ഒഴുക്ക് സുതാര്യമാക്കും. മത്സ്യം വളർത്താൻ വെള്ളം നിറച്ച ടാങ്കും പച്ചക്കറി വളർത്താൻ കരിങ്കൽ നിറച്ച  ട്രേകളുമാണ്  ഉപയോഗിക്കുന്നത്. ആറ്‌ മാസം കൊണ്ട് 15000 ലിറ്റർ വെളളത്തിൽ നിന്നും ഒന്നര ക്വിന്റൽ  മത്സ്യവും അത്രതന്നെ പച്ചക്കറിയും ചെറിയസ്ഥലത്ത്‌ ഉണ്ടാക്കുന്നു. 
രണ്ടു അക്വാപോണിക‌്സ‌് യൂണിറ്റുണ്ട‌്. ടാങ്കിനകത്ത് വളർത്തുന്ന മത്സ്യങ്ങളുടെ വിസർജനത്തിലൂടെ വെള്ളത്തിൽ അമോണിയ ഉണ്ടാകുന്നു. അമോണിയ കലർന്ന വെള്ളം പ്രത്യേക അറകളിലൂടെ പച്ചക്കറിത്തൈകളിൽ എത്തിച്ചാണ് കൃഷി. വായുസഞ്ചാരം കിട്ടുമ്പോൾ  നൈട്രോ ബാക്ടീരീയ അമോണിയയെ നൈട്രജനാക്കി മാറ്റുന്നു. ഇതുപയോഗിച്ച് പച്ചക്കറി നന്നായി വളരുകയും മികച്ച വിളവ് തരുകയും ചെയ്യും. അമോണിയ നീക്കംചെയ്ത വെള്ളം തിരികെ ടാങ്കിലേക്കും  തിരിച്ചുവിടാം.
ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ കായേമാക്കൽ മാത്യുവിന്റെ മകനായ മാമച്ചൻ പരമ്പരാഗതമായി കിട്ടിയ ഭൂമിയിലാണ്‌ വിജയഗാഥ രചിക്കുന്നത‌്.  എട്ടുവർഷമായി ഈ രംഗത്തുണ്ട‌്.കുൺകൃഷി കോഴി, താറാവ‌്, തെങ്ങും കവുങ്ങും, കാപ്പിയും കുരുമുളകും, അടക്കയും കശുമാവുമൊക്കെ കൃഷിയിടത്തിലുണ്ട്‌.  90 പിന്നിട്ട അമ്മ റോസാമ്മയും   ഭാര്യ ലാലിയും പിന്തുണയുമായുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top