25 April Thursday

കേന്ദ്ര സര്‍വകലാശാല സ്ഥാപക ദിനാഘോഷം മാർച്ച് 2ന്

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
കാസർകോട്‌
 കേന്ദ്ര സർവകലാശാലയുടെ 12ാമത് സ്ഥാപക ദിനാഘോഷം മാർച്ച് രണ്ടിന് നടക്കും. സർവകലാശാലയിലെ ചന്ദ്രഗിരി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ പകൽ 11ന്‌  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്ഥാപകദിന പ്രഭാഷണം നടത്തും.   ക്യാമ്പസിൽ പണികഴിപ്പിച്ച  ഗസ്റ്റ് ഹൗസ് ‘നീലഗിരി’യുടെ ഉദ്ഘാടനവും നിർവഹിക്കും.  കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വിശിഷ്ടാതിഥിയാകും. വൈകിട്ട് കലാ, സാംസ്‌കാരിക പരിപാടികൾ നടക്കുമെന്ന്‌ അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
13 കോടി രൂപ ചെലവിലാണ്‌ രണ്ട് നിലകളിലായി ഗസ്‌റ്റ്‌ ഹൗസ്‌ പണിതത്‌. ഇപ്പോൾ കാഞ്ഞങ്ങാട് വാടക കെട്ടിടത്തിലാണ് അതിഥി മന്ദിരം പ്രവർത്തിക്കുന്നത്‌‌.  സർവകലാശാല സെൻട്രൽ ലൈബ്രറി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഹെൽത്ത് സെന്റർ, സോളാർ പ്ലാന്റ്, ക്വാർട്ടേഴ്‌സുകൾ, വിദ്യാർഥികൾക്കുള്ള പൊതു അടുക്കള തുടങ്ങിയവയുടെ നിർമാണം പുരോഗമിക്കുകയാണ്. ഖേലോ ഇന്ത്യാ പദ്ധതിയിൽ 50 കോടി രൂപയുടെ അന്താരാഷ്ട്ര നിലവാരമുള്ള സ്പോർട്സ് കോംപ്ലക്സും നിർമിക്കും. കരിച്ചേരി പുഴയിൽനിന്ന്‌ സർവകലാശാലയിലേക്ക് ജലമെത്തിക്കുന്ന വാട്ടർ സപ്ലൈ സ്‌കീം നിർമാണം അവസാന ഘട്ടത്തിലാണ്.  മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽകലാമിന്റെയും മെട്രോമാൻ ഇ ശ്രീധരന്റെയും പേരിൽ പുതിയ രണ്ട്‌ സെന്ററുകൾ ആരംഭിച്ചതായും അറിയിച്ചു. അക്കാദമിക്‌ ഡീൻ ഡോ. കെ പി സുരേഷ്‌, പ്രൊഫ. വി രാജീവ്‌, കെ സുജിത്,  ഡോ. ടി കെ അനീഷ്‌ കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top