09 December Saturday

ഹൊ! നടുങ്ങിപ്പോയി

സ്വന്തം ലേഖകൻUpdated: Tuesday Sep 26, 2023

പള്ളത്തടുക്കയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ തകർന്ന ഓട്ടോ

കാസർകോട്‌
ഇടിയുടെ ആഘാതത്തിൽ തകർന്ന മുഖവുമായാണ്‌ അഞ്ചുപേരേയും നാല്‌ ആംബുലൻസുകളിലായി കാസർകോട്‌ ജനറൽ ആശുപത്രിയിൽ എത്തിച്ചത്‌. ആംബുലൻസ്‌ സൈറനിട്ട്‌ മോർച്ചറി ഭാഗത്തേക്ക്‌ പാഞ്ഞുവരുമ്പോൾ ജനക്കൂട്ടവും ആകാംക്ഷയോടെ കൂട്ടംകൂടി. വൈകിട്ട്‌ ആറരയോടെ ആദ്യ മൃതദേഹം ആശുപത്രിയിലേക്ക്‌ എത്തിച്ചു. മരിച്ചവരിൽ മൂന്നുപേർ സഹോദരിമാരും മൊഗ്രാൽ കടവത്ത്‌ സ്വദേശികളുമായതിനാൽ നാട്ടുകാരാകെ ആശുപത്രിയിലുണ്ടായിരുന്നു. മരിച്ചവരുടെ ബന്ധുക്കളും അവരുടെ കൈപിടിച്ച്‌ മറ്റുള്ളവരും. ആകെ ദുഃഖാർത്തമായ അന്തരീക്ഷം. അപ്പോഴും വിവരങ്ങൾ തിരക്കി ആളുകൾ എത്തിക്കൊണ്ടിരുന്നു.
ഒരേ കുടുംബം ആകെ ഉലഞ്ഞു
നെക്രാജെയിൽ ബന്ധു മരിച്ചവീട്‌ സന്ദർശിച്ച്‌ മടങ്ങുകയായിരുന്നു ഓട്ടോയിലുണ്ടായവർ. വൈകിട്ടോടെ നെക്രാജെയിൽനിന്നും വരുന്നവഴി പെർളയിലെ ബന്ധുവീടും സന്ദർശിക്കാനുള്ള പോക്കായിരുന്നു മരണത്തിൽ കലാശിച്ചത്‌.
മരിച്ചവരിൽ മൊഗ്രാൽപുത്തൂർ ദിഡുപ്പയിലെ ഉമ്മു ഹലീമ, ബെള്ളൂരിലെ നഫീസ, മൊഗറിലെ ബീഫാത്തിമ എന്നിവർ സഹോദരിമാരാണ്‌. ഇവരുടെ പിതൃസഹോദരന്റെ ഭാര്യയാണ്‌ മരിച്ച ദിഡുപ്പയിലെ ബീഫാത്തിമ. ഫലത്തിൽ ഒരേവീട്ടിലാണ്‌ ദുരന്തം പെയ്‌തിറങ്ങിയത്‌. 
മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം രാത്രിയോടെ കാസർകോട് ജനറൽ ആശുപത്രിയിൽ പൂർത്തിയായി. നഫീസയുടെ മൃതദേഹം ബെള്ളൂർ ജുമാ മസ്‌ജിദ്‌ കബർസ്ഥാനിലും ഷെയ്ഖ് അലിയുടെ ഭാര്യ ബീഫാത്തിമയുടെ മൃതദേഹം കോട്ടക്കുന്ന് ജുമാ മസ്‌ജിദ്‌ കബർസ്ഥാനിലും ഉസ്മാന്റെ ഭാര്യ ബീഫാത്തിമയുടെ മൃതദേഹം മൊഗർ ജുമാ മസ്‌ജിദ്‌ കബർസ്ഥാനിലും ഉമ്മാലിമ്മയുടെ മൃതദേഹം മൊഗ്രാൽപുത്തൂർ ജുമാ മസ്‌ജിദ്‌ കബർസ്ഥാനിലും അബ്ദുൾറൗഫിന്റെ മൃതദേഹം തായലങ്ങാടി ഖിളർ ജുമാ മസ്‌ജിദ്‌ കബർസ്ഥാനിലും കബറടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top