കാസർകോട്
പുഴയിൽ മുങ്ങാംകുഴിയിട്ടും ചുമടെടുത്തും മണൽവാരിക്കൂട്ടിയിട്ടും ന്യായമായ വേതനം ലഭിക്കാത്ത മണൽവാരൽ തൊഴിലാളികൾ കാസർകോട് തുറമുഖ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
നീലേശ്വരം അഴിമുഖത്ത് മണൽ വാരുന്ന അംഗീകൃത തൊഴിലാളികളാണ് കൂലി വർധന ആവശ്യപ്പെട്ട് മാർച്ച് നടത്തിയത്. നീലേശ്വരം അഴിമുഖം മാന്വൽ ഡ്രഡ്‌ജിങ് തൊഴിലാളിസ സംരക്ഷണ സമിതി നേതൃത്വത്തിൽ നടന്ന സമരത്തിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു.
അനുമതിയോടെ മണൽ വാരുന്ന തൊഴിലാളികൾ കൂലിക്കുറവ് അടക്കമുള്ള കടുത്ത അവഗണനയാണ് നേരിടുന്നത്. കോട്ടപ്പുറം മാട്ടുമ്മൽ കടവ്, അച്ചാംതുരുത്തി, മടക്കര, കൈതക്കാട്, ഓരി കടവുകളിലെ നൂറുകണക്കിന് തൊഴിലാളികളാണ് പ്രയാസം നേരിടുന്നത്.
ടണ്ണിന് 250 രൂപയെങ്കിലും കൂലി കൂട്ടുക, പഞ്ചായത്തിന് കിട്ടുന്ന വിഹിതത്തിൽ നിന്ന് തൊഴിലാളി ക്ഷേമ ഫണ്ട് നീക്കിവക്കുക, തൊഴിലുപകരണങ്ങൾ നൽകുക, തോണി വാടക അനുവദിക്കുക, വിശേഷ ദിവസങ്ങളിൽ ഇൻസെന്റീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മാർച്ചും ധർണയും സിഐടിയു ജില്ലാസെക്രട്ടറി പി കമലാക്ഷൻ ഉദ്‌ഘാടനം ചെയ്‌തു. പി പി കൃഷ്‌ണൻ അധ്യക്ഷനായി. എം കുഞ്ഞമ്പു, എഐടിയുസി ജില്ലാസെക്രട്ടറി ബിജു ഉണ്ണിത്താൻ, ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി വി ബാലകൃഷ്‌ണൻ, കെ കെ കൃഷ്‌ണൻ, പി കെ സത്യൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..