കാഞ്ഞങ്ങാട്
ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ശക്തി പ്രകടനമായി എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം. നോർത്ത് കോട്ടച്ചേരിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പൊതുയോഗം എൻആർഇജി വർക്കേഴ്സ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളിലായി ആയിരക്കണക്കിന് സ്ത്രീകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. നാല് മണിയോടെ നോർത്ത് കോട്ടച്ചേരിയിലെ മൈതാനം നിറഞ്ഞ് കവിഞ്ഞു. ഗതാഗതക്കുരുക്കിന് വഴിവക്കുമെന്നതിനാൽ കേന്ദ്രീകരിച്ച പ്രകടനമുണ്ടായിരുന്നില്ല. ആളുകളെ ഉൾക്കൊള്ളാനാകാതെ നോർത്ത് കോട്ടച്ചേരിയിൽ ജനസാഗരം നിരത്തിലേക്കും കെട്ടിടത്തിന്റെ മുകളിലൂം ഇടംപിടിച്ചു.
തൊഴിലുറപ്പ് വിഹിതം
കുത്തനെ കുറച്ചു
തൊഴിലുറപ്പ് പദ്ധതിക്ക് എങ്ങനെ കോടാലി വെക്കണമെന്ന് ആലോചിക്കുന്ന കേന്ദ്ര സർക്കാർ, തൊഴിലുറപ്പ് വിഹിതം കുത്തനെ കുറച്ചതായും തൊഴിലും കൂലിയും സംരക്ഷിക്കാൻ ഇടതുപക്ഷത്തെ പാർലമെന്റിലേക്ക് അയക്കണമെന്നും എം വി ബാലകൃഷ്ണൻ പറഞ്ഞു. രാജ്യമെങ്ങും വിലക്കയറ്റത്തിൽ പൊറുതി മുട്ടുമ്പോൾ മോദി വാചക കസർത്ത് മാത്രം നടത്തുകയാണ്. തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ അതിനെ തടയാൻ യുഡിഎഫ് എംപിമാർക്കായില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം ഗൗരി അധ്യക്ഷയായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം എം രാജൻ, പി ദിവാകരൻ, കെ വി ദാമോദരൻ, കയനി കുഞ്ഞിക്കണ്ണൻ, പാറക്കോൽ രാജൻ, എ വി രമണി, കെ സന്തോഷ് കുമാർ, എം ശാന്ത എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി ടി എം എ കരീം സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..