29 March Friday

കുന്നുംകെെ പരപ്പച്ചാലിലെ സിമന്റ്‌ലോറി അപകടം നാട്ടിലേക്ക്‌ റഹീമിനൊപ്പം ഇനി അമ്മാവനില്ല

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

പരപ്പച്ചാലിൽ തോട്ടിലേക്ക് മറിഞ്ഞ സിമന്റ്‌ ലോറിയിൽ ശനി പകൽ നടന്ന രക്ഷാപ്രവർത്തനം

വെള്ളരിക്കുണ്ട്   
കോയമ്പത്തൂർ വാളയാർ മധുക്കരയിൽ നിന്ന് കുന്നുംകൈയിലേക്ക് സിമന്റുമായി വന്ന് അപകടത്തിൽ പെട്ട ലോറിയിൽ ഉണ്ടായിരുന്നത് അമ്മാവനും മരുമകനും. ഡ്രൈവർ റഹീമിന്റെ അമ്മാവനാണ് മരിച്ച ഹബീബ്. പാചകക്കാരനായ ഹബീബിനെ നാടുകാണിക്കാൻ ഒപ്പം കൂട്ടിയതാണ് റഹീം. 
വെള്ളി റഹീമിന്റെ വിവാഹ നിശ്ചയമായിരുന്നു. വ്യാഴാഴ്ച കോയമ്പത്തൂരിൽ നിന്ന് സിമന്റ് കയറ്റി മണ്ണാർകാട് എത്തിച്ച് വെള്ളി വിവാഹ നിശ്ചയവും കഴിഞ്ഞ് രാത്രി എട്ടിനാണ് രണ്ടുപേരും യാത്ര തിരിക്കുന്നത്. അപകടത്തിൽ പെടുന്നതിന് ഒരു കിലോമീറ്റർ മുമ്പേ, കാലിച്ചാമരത്ത് എത്തിയപ്പോൾ സിമന്റ്‌ ഇറക്കേണ്ട കടയുടമ ബിജുവിനെ ഡ്രൈവർ ഫോൺ വിളിച്ചിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ കഴിഞ്ഞാൽ  സിമന്റ് ഇറക്കേണ്ട സ്ഥലമായി. 
അപകടം നടക്കുന്നതിന് ഏതാണ്ട് 200 മീറ്റർ മുമ്പേ തന്നെ ലോറിയുടെ നിയന്ത്രണം വിട്ടിരുന്നു. ഡ്രൈവർ വളരെ പരിശ്രമം നടത്തിയതിനാലാണ് അപകടം ഇങ്ങനെയെങ്കിലും ആയത്‌.  സമീപത്തെ വീടിനോട് ചേർന്നാണ്‌ ലോറി മറിയുന്നത്‌.   എന്നാൽ അവിടെ നിന്ന് വെട്ടിച്ച് മാറിയതിനാൽ ദുരന്തം അത്രയും കുറഞ്ഞു. 
പാലത്തിന്റെ കൈവരിയും  തകർത്ത് വൈദ്യുതി പോസ്റ്റും തെങ്ങും മരവും കവുങ്ങും എല്ലാം തകർത്താണ് ലോറി തോട്ടിലേക്ക് വീണത്‌.  പാടിച്ചാൽ, കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറിയിൽ കുടുങ്ങിയ ഹബീബിനെ ഹൈഡ്രോളിക്ക് കട്ടിങ്‌ മെഷീൻ ഉപയോഗിച്ച് ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top