25 April Thursday
അമേരിക്കൻ കമ്പനിയും രംഗത്ത്‌


കെൽ: ഉൽപ്പന്നങ്ങൾക്ക്‌ ഓർഡർ എത്തി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

കാസർകോട്‌ 

കേന്ദ്രസർക്കാരിൽ നിന്ന്‌ തിരിച്ചു വാങ്ങിയ കെൽ ഇലക്‌ട്രിക്കൽ മെഷീൻസ്‌ ലിമിറ്റഡി(കെൽ ഇഎംഎൽ)ന്‌  ഓർഡറുകളുടെ അന്വേഷണം തുടങ്ങി.  വീണ്ടും ഐഎസ്‌ഒ അംഗീകാരം ലഭിച്ചതോടെ നിരവധി സ്ഥാപനങ്ങൾ ഇഎംഎല്ലിന്റെ ആൾട്ടർനേറ്റർ, ജനറേറ്റർ എന്നിക്കായി സമീപിക്കുന്നുണ്ട്‌. 
പാഴ്‌വസ്‌തുക്കളിൽനിന്ന്‌ വൈദ്യുതി ഉൽപാദിപ്പിക്കുന്ന അമേരിക്കൻ കമ്പനി ജനറേറ്ററിനാണ്‌ താൽപര്യം പ്രകടപ്പിച്ചത്‌. ചെന്നൈയിൽ നിന്നുള്ള മറ്റൊരു കമ്പനി ആൾട്ടർനേറ്ററിന്റെ  സാധ്യതയാണ്‌ അന്വേഷിക്കുന്നത്‌. മുമ്പ്‌ റെയിൽവെയിൽ നിന്ന്‌ ലഭിച്ച ഓഡറുകൾ തിരിച്ചു പിടിക്കാനുള്ള ശ്രമം കമ്പനിയും തുടങ്ങി. ഇലക്‌ട്രിക്‌ വെഹിക്കിൾ ചാർജ്‌ യൂണിറ്റ്‌  നിർമിച്ചു നൽകാമെന്ന നിർദേശം സംസ്ഥാന സർക്കാരിന്‌ മുന്നിൽ വച്ചിട്ടുണ്ട്‌. 
സർക്കാർ സ്ഥാപനങ്ങൾക്ക്‌ ടെൻഡറില്ലാതെ കെൽ ഇഎംഎല്ലിൽ നിന്ന്‌ ഉൽപന്നം വാങ്ങാമെന്ന സംസ്ഥാന സർക്കാർ ഉത്തരവ്‌ കമ്പനിക്ക്‌ ഗുണം ചെയ്യും.  വൈദ്യുതി ബോർഡിന് സ്മാർട്ട് മീറ്ററും സർക്കാരിന്റെ വിവിധ സ്ഥാപനങ്ങൾക്ക്‌ മെഷീനുകളും ജനറേറ്ററുകളും  നിർമിച്ചു നൽകാൻ കഴിയും. കമ്പനി തുടങ്ങുന്ന ദിവസം തന്നെ ജില്ലാ പഞ്ചായത്തിന്റെ  ചട്ടഞ്ചാൽ ഓക്‌സിജൻ പ്ലാന്റിന്‌ 200 കെ വി ജനറേറ്ററിനും ജില്ലാ ആശുപത്രിക്കായി 160 കെവി ജനറേറ്ററിനു ഓർഡർ ലഭിച്ചിരുന്നു. 
ഐഎസ്‌ഒ സർട്ടിഫിക്കറ്റ്‌ ലഭിച്ചതോടെ ചെന്നെയിലെ  റെയിൽവേ കോച്ച്‌ ഫാക്ടറിയുമായി  വാണിജ്യചർച്ചക്കും തുടക്കം കുറിച്ചു.  പ്രതിരോധ മേഖലയിലേക്കും റെയിൽവേക്കും ആവശ്യമായ ഉപകരണങ്ങൾ നേരത്തെ കാസർകോട്‌ യൂണിറ്റിൽ നിന്ന്‌  നൽകിയിരുന്നു. ആ ഓർഡറുകൾ തിരിച്ചുലഭിക്കുമെന്നാണ്‌ പ്രതീക്ഷ.
ഭെല്ലിൽനിന്ന്‌ തിരിച്ചു കിട്ടിയ ശേഷം എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച 77 കോടിയുടെ  പാക്കേജിൽ ഒന്നാം ഗഡുവായി 20 കോടി രൂപയാണ്‌ ലഭിച്ചത്‌. അതുപയോഗിച്ചാണ്‌ ജീവനക്കാരുടെ കുടിശികയായ ആനുകൂല്യങ്ങളും നവീകരണവും പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചത്‌.  
അടുത്ത ഗഡു കൂടി ലഭിച്ചാൽ ഉൽപാദനത്തിന്‌ വേഗത കൈവരിക്കാനാവും. യൂണിറ്റ്‌ മാനേജർ വിരമിക്കാനിരിക്കുകയാണ്‌.  വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപി എം  മുഹമ്മദ്‌ ഹനീഫാണ്‌ സിഎംഡി. കെൽ എംഡിയാണ്‌  കാര്യങ്ങൾ നോക്കുന്നത്‌. മൂന്ന്‌ വർഷത്തിനകം പ്രവർത്തനലാഭത്തിലെത്തിക്കാനാണ്‌ സർക്കാർ നിർദേശം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top