19 April Friday

ഉറപ്പാണ്‌ 
സുരക്ഷ

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

കാസർകോട്‌

ജിഷ മുതൽ വിസ്‌മയ വരെ കേരളത്തിലെ 
സ്‌ത്രീനീതി വിഷയങ്ങളിൽ കരളുറപ്പോടെ 
ഇടപെട്ട സംസ്ഥാന സർക്കാരാണ്‌ ഇവിടെയുള്ളത്‌. നടിയെ അക്രമിച്ച കേസിലും നീതി പുലരുമെന്ന ഉറച്ച ബോധ്യത്തിലാണ്‌ സ്‌ത്രീ സമൂഹം. അവരിൽ ചിലരുടെ പ്രതികരണമിതാ...
ഇത്‌ മുന്നറിയിപ്പ്‌
വിസ്‌മയ കേസിൽ നീതി ലഭ്യമാക്കിയ കോടതി വിധിയും നീതി ഉറപ്പുവരുത്താൻ  സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനവും കുറ്റം ചെയ്യാൻ പോകുന്നവർക്ക്  മുന്നറിയിപ്പാണ്. സർക്കാർ ഉണർന്ന്‌ പ്രവർത്തിച്ചാൽ അതിവേഗ വിധികൾ കോടതികളിൽനിന്ന്‌ ലഭിക്കുമെന്നുള്ളതാണ്‌  ജിഷ മുതൽ വിസ്മയ വരെയുള്ള കേസുകളിൽ വ്യക്തമാകുന്നത്‌. 
 കെ വി ലയന, മോരാംഗലം, മടിക്കൈ
രാത്രിയിലും വഴിനടക്കാനാകണം
സ്ത്രീകൾക്ക് രാത്രിയിലും  വഴിനടക്കാൻ സാധിക്കുന്ന സംസ്ഥാനമായി കേരളവും മാറണം. 
ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്ക് താങ്ങും തണലുമായി ഇവിടെ സർക്കാരുണ്ട്. സമീപകാലങ്ങളിലുണ്ടായ ഉത്ര, വിസ്മയ, നടി കേസുകളിൽ സർക്കാരിന്റെ ജാഗ്രതയും മാതൃകാ പരമാണ്.
 അഞ്ജനാ രാജീവൻ, ഡിഗ്രി വിദ്യാർഥി, ഭീമനടി
സംരക്ഷണം അനുഭവിച്ചറിയാം
സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന സർക്കാറാണ് കേരളത്തിലുള്ളതെന്ന് തെളിയിക്കുന്നതാണ്  വിസ്മയ കൊലക്കേസ് വിധി.  സ്ത്രീകൾക്കെതിരെയുള്ള ഏത് ആക്രമണവും വലിപ്പച്ചെറുപ്പം നോക്കാതെ സർക്കാർ ഇടപെടുക തന്നെ ചെയ്യുമെന്നതിനുള്ള തെളിവ് കൂടിയാണത്‌. നടിയെ അക്രമിച്ച കേസിലും അതിജീവിതയ്‌ക്കൊപ്പമാണ്‌ ഈ സർക്കാരെന്ന്‌ മുഖ്യമന്ത്രി തന്നെ അസന്ദിഗ്‌ദമായി പ്രഖ്യാപിച്ചതാണ്‌.  
ശ്രീജ അനിൽ, എരോൽ ഉദുമ
സൂപ്പർ സ്‌റ്റാറിനെ ജയിലിലടച്ച സർക്കാർ
സമാനതകളില്ലാത്ത ഒരു ക്വട്ടേഷൻ മാനഭംഗ കേസിലെ അതിജീവിതയ്ക്ക് വേണ്ടി എന്നും അനുകൂല നിലപാടാണ് ഇടതുപക്ഷ സർക്കാർ എടുത്തിട്ടുള്ളത്. സമൂഹത്തിൽ എല്ലാ മേഖലയിലും സ്വാധീനമുള്ള ദിലീപിനെ കുറ്റവാളിയാണെന്ന് കണ്ടെത്തി മാസങ്ങളോളം കാരാഗൃഹത്തിൽ അടച്ചതും ഇതേ സർക്കാർ തന്നെയാണ്. വിസ്മയ കേസ് ഉൾപ്പെടെയുള്ള എല്ലാ കേസിലും സർക്കാരിന്റെ സ്ത്രീപക്ഷ നിലപാട് വ്യക്തമാണ്. സർക്കാരിൽ വലിയ പ്രതീക്ഷയുണ്ട്.
ഡോ. മീനാ ചന്ദ്രൻ, ജയപുരം, മുന്നാട്‌
വലിയ ആത്മവിശ്വാസം നൽകി
വിസ്‌മയ കേസടക്കമുള്ള കോടതി വിധികൾ സ്‌ത്രീധനത്തിനെതിരായ പോരാട്ടങ്ങൾക്ക്‌ വലിയ ആത്മവിശ്വാസം നൽകുന്നതാണ്‌. ഇത്തരത്തിൽ ജിഷ മുതൽ വിസ്‌മയ വരെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും. നടിയെ അക്രമിച്ച കേസിലും സർക്കാർ എടുത്ത നിലപാട്‌ പൊതുസമൂഹത്തിന്‌ വലിയ പ്രതീക്ഷ നൽകുന്നു. നടൻ ദിലീപിനെപ്പോലുള്ള ആൺ സമ്മർദ്ദ ശക്തികളെ ജയിലിൽ അടക്കാൻ കഴിഞ്ഞത്‌ നിസാര സംഗതിയല്ല.
എം രമ്യ, സ്‌പെഷ്യൽ ഗ്രേഡ്‌ അസിസ്‌റ്റന്റ്‌, കെഎസ്‌എഫ്‌ഇ കാസർകോട്‌
വിസ്‌മയ കേസ്‌ വഴിത്തിരിവ്‌
സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ തടയാൻ സംസ്ഥാനസർക്കാർ ഏറെ ശ്രദ്ധചെലുത്തിയതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ വിസ്മയ കേസ്‌ വിധി.  സ്ത്രീകൾ ആക്രമിക്കപ്പെട്ടാലും ഗാർഹിക പീഡനത്തിന്റെ പേരിൽ മരിച്ചാലും നീതി ലഭിക്കാത്ത അവസ്ഥയുണ്ടാകാറുണ്ട്‌. എന്നാൽ വിസ്മയ കേസിൽ വേഗത്തിൽ പ്രതിക്ക് ശിക്ഷവാങ്ങി കൊടുക്കാൻ കഴിഞ്ഞത്‌ അഭിമാനകരമായ കാര്യമാണ്‌. 
 ഷീജാ കൃഷ്ണൻ അയ്യങ്കാവ്, എംഡിഎസ് ലാബ്, പൂടംകല്ല്
വിസ്മയ വിധി കരുത്താകും
വിസ്മയ കേസിലെ കോടതിവിധി വിധി സ്വാഗതാർഹമാണ്. പിഴവുകൾ ഇല്ലാത്തതും ബാഹ്യ സമ്മർദ്ദത്തിന് അതീതമായതുമായ അന്വേഷണവും സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതും സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയുമുള്ള വിട്ടുവീഴ്ചയില്ലാത്ത  സർക്കാർ നിലപാടുമാണ് ഇത്തരമൊരു വിധിയിലേക്ക് നയിച്ചത്. സാമൂഹിക അനാചാരങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഈ വിധി പകരുന്ന ശക്തി ചെറുതല്ല.
 ബി എം സുജന്യ, ബിരുദ വിദ്യാർഥി, ഗവ. കോളേജ് കാസർകോട്
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top