27 April Saturday

സെക്യൂരിറ്റിയാണ്‌; പക്ഷേ സെക്യൂരിറ്റിയില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
കാസർകോട്‌ 
നാടും നഗരവും ഉറങ്ങുമ്പോൾ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്വത്തുക്കൾക്കും കാവൽ നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാരുടെ സ്വന്തം ജീവിതത്തിന്  ഒരു സെക്യൂരിറ്റിയുമില്ല. സ്ഥാപന ഉടമകളുടേയും ഏജൻസികളുടേയും ചൂഷണങ്ങൾക്ക് നിരന്തരം വിധേയരാണിവർ. രാത്രിയിൽ മദ്യപാനികളുടേയും സാമൂഹ്യ ദ്രോഹികളുടേയും മോഷ്ടാക്കളുടേയും ഉപദ്രവം പതിവാണ്‌.  ഈ കോവിഡ് കാലത്താണ് മഞ്ചേശ്വരത്ത് സ്വർണക്കടയിലുണ്ടായ മോഷണ ശ്രമത്തിനിടയിലെ ആക്രമണത്തിൽ  അബ്ദുള്ള എന്ന ജീവനക്കാരന്‌ പരിക്കേറ്റിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുടെ അനുഭവം ഇതിലും വലുതാണ്.
കുറച്ചു നാൾ മുമ്പ്‌ ചെറുവത്തൂരിലെ സ്ഥാപനത്തിൽ രാത്രിജോലി ചെയ്യുകയായിരുന്ന  സെക്യൂരിറ്റി ജീവനക്കാരൻ നെഞ്ചുവേദനയാൽ അസ്വസ്ഥനായപ്പോൾ കൂടെ ഉണ്ടായിരുന്ന വളർത്തു നായയുടെ ബഹളം കേട്ട് അതുവഴി വന്ന യാത്രക്കാരാണ്‌ ആശുപത്രിയിൽ എത്തിച്ചത്. 
പൈവളിഗെ സോളാർ പാർക്കിൽ 300 ഏക്കറോളം വരുന്ന പാറക്കെട്ടിൽ എട്ടുപേരാണ് രാത്രിജോലി ചെയ്യുന്നത്. അഞ്ച്‌ താൽക്കാലിക കാബിനുകളാണ് ഉള്ളത്. ഇഴ ജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും ശല്യം നിരന്തരം നേരിടേണ്ടി വരുന്നു. ഇവിടെ കുടിവെള്ളം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. യൂണിയനുകളും ലേബർ ഓഫീസറും ഇടപെട്ടാണ്‌ താൽക്കാലികമായെങ്കിലും പരിഹരിച്ചത്‌.  
 
ജില്ലയിൽ 4000 പേർ
ജില്ലയിൽ നാലായിരത്തിലധികം തൊഴിലാളികൾ സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും ഏജൻസികളുടെ കീഴിലുമായി ജോലി ചെയ്യുന്നു. വൻകിട വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ,  ചെറുകിട കച്ചവട സ്ഥാപനങ്ങൾ , സർക്കാർ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ, ചെറുതും  വലുതുമായ ആരാധനാലയങ്ങൾ മുതൽ വീടുകളിൽ വരെ ഇന്ന് സുരക്ഷാ ജീവനക്കാർ ജോലി ചെയ്യുന്നു.
കൂടുതൽ  പേർക്കും ആവശ്യമായ തൊഴിൽ സുരക്ഷയോ മിനിമം കൂലിയോ നിയമാനുസൃത ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.  
 65 വയസുവരെ വരെ  തൊഴിൽ ചെയ്യാമെന്നുള്ള നിയമ പരിരക്ഷ ഉള്ളതിനാലും അത് കഴിഞ്ഞും ജോലി ചെയ്യാൻ സേവന ദാതാവും തൊഴിൽ ഉടമയും സന്നദ്ധമാകുകയാണെങ്കിൽ തുടരാമെന്നതിനാലും ആദ്യ കാലങ്ങളിൽ 50 വയസിനു മുകളിൽ ഉള്ളവരും പ്രരാബ്ധത്തിൽ വഴിമുട്ടുന്നവരുമായിരുന്നു ഈ മേഖലയിൽ കൂടുതലും.  ഇന്ന് സ്ഥിതിമാറി, യുവാക്കൾ ധാരാളമായി കടന്നുവരുന്നുണ്ട്‌.  
 
16 മണിക്കൂർവരെ ജോലി 
 12 മുതൽ 16 മണിക്കൂർ വരെയാണ് ജോലി . അതിൽ മാനേജ്മെന്റുകളും  ഏജൻസികളും വ്യത്യാസമില്ല.  ഇത്രയും മണിക്കൂർ ജോലി ചെയ്യുമ്പോഴും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം  ഒട്ടുമിക്ക സ്ഥലങ്ങളിലും ഇല്ല. അവ ഉപയോഗിക്കാൻ സമ്മതിക്കാത്ത സ്ഥാപനങ്ങളുമുണ്ട്‌.  
 
യൂണിഫോറം
 സെക്യൂരിറ്റി ജീവനക്കാർ അലക്കിതേച്ച യൂണിഫോറം ധരിക്കണമെന്നാണ് ഉടമയുടേയും ഏജൻസിയുടേയും കർശന നിർദ്ദേശം. അത് സ്വന്തം കാശ് കൊടുത്ത് വാങ്ങി തയ്‌പിച്ച്  ധരിക്കണം. ചില ഏജൻസികൾ വർഷത്തിൽ രണ്ടു ജോഡി യൂണിഫോറം നൽകും. തയ്യൽ കൂലി ഉൾപ്പെടെ തൊഴിലാളികളുടെ ശംബളത്തിൽ നിന്നും പിടിച്ചെടുക്കും. യൂണിഫോം അലവൻസും മാസത്തിൽ 100 രൂപ വാഷിംഗ് അലവൻസും അനുവദിക്കണമെന്ന്‌ മിനിമം വേജസ് കമ്മിറ്റിയുടെ നിർദേശവും പാലിക്കാറില്ല. 
 
നിയമമുണ്ട്. നടപ്പാക്കുന്നില്ല
അനധികൃത ഏജൻസികൾക്കും, മിനിമം വേതനം നൽകാത്ത സ്ഥാപനങ്ങൾക്കും എതിരെ നടപടി എടുക്കാൻ ഇപ്പോൾ  നിയമമുണ്ട്‌.  അത് ഫലപ്രദമായി നടപ്പാക്കുന്നില്ല.  ലേബർ വകുപ്പ്‌ ഉദ്യോഗസ്ഥമാർ തൊഴിലാളികളെ സമീപിക്കുമ്പോൾ  തൊഴിൽ നഷ്ടപ്പെടും എന്ന     ആശങ്ക കാരണം വേതന നിഷേധത്തിലെ യഥാർഥ വസ്തുത പറയാൻ തൊഴിലാളി തയ്യാറാവാറില്ല. ഇത്‌ ഫലത്തിൽ അനധികൃത ഏജൻസികൾക്ക്‌ വളമാകുന്നു.  അതിനാൽ തൊഴിൽവകുപ്പ്‌ ഉദ്യോഗസ്ഥരും തൊഴിലാളികളും കൃത്യമായി ഇടപെടണം. 
 2019 ൽ തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം  ജില്ലയിൽ   ചില നടപടി ഉണ്ടായി. കാസർകോട്‌, കാഞ്ഞങ്ങാട് പ്രദേശങ്ങളിൽ ലേബർ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി. നാലു ഏജൻസികൾക്ക് പിഴ ചുമത്തിയിട്ടുണ്ട്‌.
നാരായണൻ തെരുവത്ത്‌  
ജില്ലാസെക്രട്ടറി,  സെക്യൂരിറ്റി ആൻഡ്‌ ഹൗസ്‌ കീപ്പിങ് 
വർക്കേഴ്‌സ്‌ യൂണിയൻ(സിഐടിയു) 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top