25 April Thursday

കരുവാച്ചേരിയിൽ തളിർക്കുന്നു നാട്ടുമാവും തണലും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇല്ലാതാകുന്ന മുത്തശ്ശിമാവുകള്‍ക്ക് പകരമായി കരുവാച്ചേരി ഫാമിൽ നട്ടുവളർത്തുന്ന മാവിൻതൈകൾ.

നീലേശ്വരം
മുത്തശ്ശിമാവുകൾക്ക് വിട; പകരം നൂറോളം മാവിൻതൈകൾ കിളിർക്കുന്നു.  കരുവാച്ചേരി വളവ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇല്ലതാകുന്ന നൂറുവര്‍ഷത്തിലധികം പഴക്കമുള്ള മുത്തശ്ശിമാവുകള്‍ക്ക് പകരമായാണ് പടന്നക്കാട് ഗവ. കാര്‍ഷിക കോളേജിന് കീഴിലെ കരുവാച്ചേരി ഇന്‍സ്ട്രക്‌ഷണല്‍ ഫാമിലെ അഞ്ചാം ബ്ലോക്കില്‍ ഒന്നര ഏക്കറോളം സ്ഥലത്താണ് മാവിൻതൈകൾ നട്ടത്.  
തൊണ്ണൂറോളം മുത്തശ്ശി മാവുകളാണ്  ഇല്ലാതാവുന്നത്.  ഒരുനൂറ്റാണ്ടുകാലം തണലും തണുപ്പും മധുരവും നാടിന് പകര്‍ന്ന ഈ മാവിനങ്ങളെ സംരക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണ് കരുവേച്ചേരി തോട്ടത്തിലെ ജീവനക്കാരും തൊഴിലാളികളും. ഈ സംരംഭത്തിന് പൂര്‍ണപിന്തുണയുമായി കാര്‍ഷിക കോളേജ് അധികൃതരും ഒപ്പമുണ്ട്. ഒരുവര്‍ഷം മുന്‍പാണ് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ഒന്നാംഘട്ടത്തില്‍ 17 മാവിനങ്ങളിലായി മുന്നൂറോളം തൈകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ 170 എണ്ണം നട്ട് പരിപാലിച്ച് വരുന്നുണ്ട്. കോശ്ശേരി, മല്‍ഗോവ, കാലപ്പാടി, നീലം, ചന്ദ്രക്കാരന്‍, വെള്ളായിക്കൊലുമ്പന്‍, ഫിറങ്കിലുടുവ, കര്‍പ്പൂരം, ഹുദയുദ്ദീന്‍ ഇന്‍ഡു കാലപ്പാടി, പ്രയോര്‍ എന്നിവ നട്ടുവളർത്തുന്നു. 
 വയനാട് മുത്തങ്ങയില്‍ നിന്നും മാങ്ങാണ്ടികള്‍ എത്തിച്ച്  മുളപ്പിച്ചാണ് തൈകള്‍ ഒരുക്കിയത്.  മുറിച്ചുമാറ്റുന്ന മുത്തശ്ശിമാവുകളില്‍ നിന്നും കമ്പുകള്‍  ശേഖരിച്ച് തൈകളില്‍ ഒട്ടിച്ചു. ഇങ്ങനെയാണ് മുത്തശ്ശിമാവുകള്‍ക്ക് പുതുജീവന്‍ നല്‍കിയത്. ഇവ രണ്ടടി വിസ്താരത്തില്‍ കുഴിയെടുത്ത് മേല്‍മണ്ണും കമ്പോസ്റ്റും ചാണകവും ചേര്‍ത്താണ് നട്ടത്. ആഴ്ചയില്‍ ഒരുതവണ വെള്ളം നനയ്ക്കുകയും ചെയ്യും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top