25 April Thursday

കാലിക്കടവ് പാലത്തിന് കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
ഭീമനടി   
മലയോര ജനതയുടെ ചിരകാല സ്വപ്നമായ കാലിക്കടവ് പാലത്തിന്റെ കല്ലിടൽ  എം രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. ചൈത്രവാഹിനി പുഴയിൽ കാലിക്കടവ് കടവിൽ പാലം വേണമെന്നത് മലയോര ഗ്രാമങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ വർഷങ്ങളായ ആവശ്യമായിരുന്നു.  ആവശ്യത്തിനൊപ്പം എം രാജഗോപാലൻ എംഎൽഎ നടത്തിയ പരിശ്രമമാണ് യാഥാർഥ്യത്തിലെത്തിയത്. 
സിപിഐ എം കാലിക്കടവ് ബ്രാഞ്ചാണ് ആവശ്യം ആദ്യമുന്നയിച്ചത്. ഭീമനടി ലോക്കൽ കമ്മിറ്റിയും എളേരി ഏരിയാ കമ്മിറ്റിയും  സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. സിപിഐ എം മലയോര വികസന സെമിനാറിലും  തയ്യാറാക്കിയ വികസന രേഖയിലും ഒന്നാമത്തെ ആവശ്യമായി കാലിക്കടവ് പാലം വന്നതോടെയാണ്  സ്വപ്നത്തിന് ചിറക് മുളച്ചത്. 
ആദ്യ ടേമിൽ ബജറ്റിൽ ഉൾപ്പെടുത്തുകയും കിഫ്ബിയിൽ പണം അനുവദിപ്പിച്ച് നിരവധിയായ പ്രതിസന്ധികൾ തരണം ചെയ്തശേഷമാണ് പാലം നിര്‍മാണത്തിലേക്കെത്തിച്ചത്. ഒന്നാംഘട്ട പ്രവർത്തനമായാണ് കാലിക്കടവ് പാലത്തിന് 3.77 കോടി രൂപയുടെ ലഭിച്ചത്. ആദ്യം അനുവദിച്ച 2.40 കോടി രൂപയുടെ ഡിപിആർ സർക്കാരിന്റെ റേറ്റ് റിവിഷന്റെ ഭാഗമായാണ് 3.77 കോടി രൂപയായിട്ടുള്ളത്. 30 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളോട് കൂടിയതും 200 മീറ്റർ അപ്രോച്ച് റോഡും ഇരു ഭാഗങ്ങളിലും ഓരോ മീറ്റർ വീതം നടപ്പാതയും ഏഴ് മീറ്റർ വീതിയിൽ ടാറിങും ഉൾപ്പെടുത്തിയിട്ടുള്ളതാണ് പദ്ധതി. 
പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ വിജയൻ അധ്യക്ഷനായി.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എം സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ മോളിക്കുട്ടി പോൾ, സി വി അഖില,  ടി വി രാജീവൻ, നിര്‍മാണകമ്മിറ്റി ചെയർമാൻ പി ആർ ചാക്കോ, സിപിഐ എം ഏരിയാ സെക്രട്ടറി ടി കെ സുകുമാരൻ. എ സി ജോസ്, കെ പി സഹദേവൻ, ജാതിയിൽ അസിനാർ, ഷാജി വെള്ളാംകുന്നേൽ, കെ ജെ വർക്കി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ്‌  എൻജിനിയർ എ പ്രദീപ്കുമാർ സ്വാഗതവും അസിസ്റ്റന്റ് എൻജിനിയർ സി ജി രവീന്ദ്രൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top