പെരിയ
സൗജന്യ ഡയാലിസിസ് നൽകി ആതുരേസവന മേഖലയിൽ സാന്ത്വനത്തിന്റെ കൈയൊപ്പ് ചാർത്തുകയാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പെരിയയിലെ ജീവനം ഡയാലിസിസ് കേന്ദ്രം.
നിലവിൽ 23 വൃക്കരോഗികൾക്കാണ് സൗജന്യ ഡയാലിസിസ് നൽകുന്നത്. പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ജീവനത്തിൽ എട്ട് ഡയാലിസിസ് മെഷീനും കിടക്കയുമുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടുമുതൽ പകൽ 12 വരെയും ഒന്നുമുതൽ അഞ്ചുവരെയും രണ്ട് ഷിഫ്റ്റുകളിൽ 12 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു.
സ്വകാര്യ മേഖലയിൽ ഒരു ഡയാലിസിസിന് 1500 മുതൽ 2000 രൂപവരെ ചെലവ് വരും. മിക്കവാറും പേർക്ക് ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വരെ വേണ്ടിവരും. വൃക്ക സംബന്ധമായ രോഗങ്ങൾക്കുള്ള മരുന്നും സൗജന്യമായി ലഭ്യമാണ്.
കാസർകോട് വികസന പാക്കേജ്, മുൻ എംഎൽഎ കെ കുഞ്ഞിരാമന്റെ പ്രാദേശിക വികസനഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് വികസനഫണ്ട് എന്നിവ ഉപയോഗിച്ചാണ് ജീവനം ഡയാലിസിസ് കേന്ദ്രം ആരംഭിച്ചത്. പള്ളിക്കര, പുല്ലൂർ പെരിയ, ഉദുമ, അജാനൂർ, മടിക്കൈ പഞ്ചായത്തുകളിൽ നിന്നായി അഞ്ചുലക്ഷം രൂപവീതവും ബ്ലോക്ക് പഞ്ചായത്ത് വിഹിതം 15 ലക്ഷവും പദ്ധതിക്ക് വിനിയോഗിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..