25 April Thursday

ജില്ലയുടെ വൈദ്യുതിക്ഷാമത്തിന്‌ 
പരിഹാരമാകും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

മന്ത്രി കൃഷ്‌ണൻകുട്ടി ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തശേഷം വിദ്യാനഗറിൽ കാസർകോട് വൈദ്യുതിഭവൻ, 
മുള്ളേരിയ ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫീസ് എന്നിവയുടെ ശിലാഫലകങ്ങൾ എൻ എ നെല്ലിക്കുന്ന് എംഎൽഎ 
അനാഛാദനം ചെയ്യുന്നു

 കാസർകോട്‌

ജില്ലയുടെ വൈദ്യുതിക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ  ഉഡുപ്പി കരിന്തളം വയനാട് ഹരിത പവർ ഹൈവേ യാഥാർഥ്യമാകുന്നതോടെ സാധിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കാസർകോട് വൈദ്യുതിഭവനവും മുള്ളേരിയ ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫീസ്‌ കെട്ടിടവും വിദ്യാനഗറിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
750 കോടി ചെലവിലാണ്‌ ഉഡുപ്പി കരിന്തളം 400 കെവി പവർ ഹൈവേ വൈദ്യുത ലൈൻ നിർമാണം നടക്കുന്നത്‌. നിർമാണോദ്ഘാടനം കഴിഞ്ഞ കരിന്തളം വയനാട് ലൈനിന് 800 കോടിയാണ്  ചെലവ്‌. നെല്ലിക്കുന്ന് സെക്‌ഷൻ വിഭജിക്കണമെന്നും വിദ്യാനഗർ, ബോവിക്കാനം, അഡൂർ സെക്‌ഷൻ ഓഫീസുകൾ ആരംഭിക്കണമെന്നുമുള്ള ആവശ്യം പരിഗണിക്കും. ചീമേനിയിൽ  100 മെഗാവാട്ട്‌ സോളാർ പദ്ധതിക്കായി സ്ഥലം ലഭ്യമാക്കാനുള്ള പ്രവർത്തനം നടക്കുന്നു. കഴിഞ്ഞ ഒരുവർഷം കൊണ്ട് 173 മെഗാവാട്ട് ഉൽപാദനശേഷി വർധിപ്പിച്ചു.  സേവനങ്ങൾ വീടുകളിലെത്തിക്കുന്ന വാതിൽപ്പടി സേവനം കുറ്റമറ്റതാക്കും. കേന്ദ്രനയങ്ങൾ വകുപ്പിന്റെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ടെങ്കിലും കെഎസ്ഇബിയെ പൊതുമേഖലാ സ്ഥാപനമായി നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു.
എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എ കെഎം അഷറഫ്,  കാസർകോട് നഗസഭാ ചെയർമാൻ വി എം  മുനീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ, ജില്ലാ പഞ്ചായത്തംഗം ജാസ്മിൻ കബീർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, കാറഡടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ  ഗോപാലകൃഷ്ണ, പി ഖദീജ, എ എസ്  തസ്നി എന്നിവർ സംസാരിച്ചു. കെഎസ്ഇബി വിതരണ വിഭാഗം ഡയറക്ടർ സി സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്ഇബി ചെയർമാൻ ഡോ. ബി അശോക് സ്വാഗതവും കെഎസ്ഇബി ഉത്തര മലബാർ വിതരണവിഭാഗം ചീഫ് എൻജിനിയർ എൻ എൽ ബിജോയ് നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top