23 April Tuesday
എൻഡോസൾഫാൻ സഹായം നൽകുന്നത്‌ കേന്ദ്രമെന്ന്‌ ബിജെപിക്കാർ

സഹായത്തിന്‌ ഉടക്കിട്ടു; 
വ്യാജപ്രചാരണം ബാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022
കാസർകോട്‌
എൻഡോസൾഫാൻ ദുരിത ബാധിതർക്ക്‌ അഞ്ചുലക്ഷം വീതം സംസ്ഥാന സർക്കാർ സഹായ വിതരണം പൂർത്തിയാകാനിരിക്കെ, വ്യാജപ്രചാരണവുമായി ബിജെപി നേതാക്കൾ. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ മുൻ പ്രസിഡന്റ്‌ കുമ്മനം രാജശേഖരനടക്കമുള്ളവരാണ്‌, സഹായം നൽകുന്നത്‌ കേന്ദ്രസർക്കാരാണെന്ന പച്ചക്കള്ളം വീടുകയറി പ്രചരിപ്പിച്ചത്‌.
സുപ്രീം കോടതി വിധിപ്രകാരം കഴിഞ്ഞ മാസം മുതലാണ്‌ കുടുംബങ്ങൾക്ക്‌ അഞ്ചുലക്ഷം വീതം സംസ്ഥാന സർക്കാർ നൽകിത്തുടങ്ങിയത്‌. ഈ മാസത്തോടെ വിതരണം 90 ശതമാനവും പൂർത്തിയാകുമെന്ന്‌ എൻഡോസൾഫാൻ സെൽ യോഗത്തിൽ ചെയർമാൻ മന്ത്രി എം വിഗോവിന്ദൻ തന്നെ പ്രഖ്യാപിച്ചു. ഇതിനിടയ്‌ക്കാണ്‌  കാറഡുക്ക, ബെള്ളൂർ, കുമ്പഡാജെ, എൻമകജെ പഞ്ചായത്തുകളിലെ ചില വീടുകളും ബജകുട്‌ലുവിലെ ബഡ്‌സ് സ്‌കൂളും സന്ദർശിച്ച്‌ കുമ്മനം രാജശേഖരനടക്കമുള്ളവർ വ്യാജപ്രചാരണം നടത്തിയത്‌.
ദുരന്തബാധിതർക്ക്‌ സഹായം നേരിട്ട്‌ എത്തിക്കണമെന്നും എൻഡോസൾഫാൻ നിരോധിക്കണമെന്നും സുപ്രീംകോടതി വിധിക്കാൻ ഇടയാക്കിയത്‌ ഡിവൈഎഫ്‌ഐ നടത്തിയ നീണ്ട നിയമപോരാട്ടമാണ്‌.  അഞ്ചുലക്ഷം വീതം നൽകണമെന്ന ദേശീയ മനുഷ്യാകാശ കമ്മീഷൻ ഉത്തരവ്‌ നടപ്പാക്കണമെന്ന്‌ സുപ്രീംകോടതിയും വിധിച്ചു. 
എൻഡോസൾഫാൻ ഉൽപാദകരായ കമ്പനികളോട്‌ നഷ്ടപരിഹാരം ഈടാക്കി, അത്‌ സംസ്ഥാന സർക്കാർ വഴി നൽകണമെന്നാണ്‌ കോടതി ഉത്തരവിലുള്ളത്‌. ബഹുരാഷ്ട്ര കമ്പനികളോട്‌ നഷ്ടപരിഹാരം ആവശ്യപ്പെടാൻ നിലവിൽ കേന്ദ്രസർക്കാരിന്‌ മാത്രമെ പറ്റൂ. കമ്പനികളിൽ ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന്‌ സംസ്ഥാന സർക്കാരും പി കരുണാകരൻ എംപിയും നിരവധി തവണ കത്തെഴുതിയിരുന്നു. അന്നൊന്നും രാഷ്ട്രീയ സമ്മർദ്ദത്തിന്‌ നിൽക്കാതെ  ഉടക്കിട്ടവരാണ്‌ ഇപ്പോൾ നുണ പ്രചാരണം നടത്തുന്നത്‌. 
 
ഇതുവരെ നൽകിയത്‌ 51.68 കോടി
ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർക്ക്‌ ഇതുവരെ 1308 പേർക്കായി 51.68 കോടി രൂപ സംസ്ഥാന സർക്കാർ നൽകി. ദുരിത ബാധിത പട്ടികയിലുൾപ്പെട്ട രോഗിയുടെ വീട്ടിൽ അതേ രോഗാവസ്ഥയിലുള്ള മറ്റൊരാൾ കൂടി  ഉണ്ടെങ്കിൽ ആ രോഗിക്ക്കൂടി  സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന്  പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. പഞ്ചായത്തുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ബഡ്‌സ്‌ സ്‌കൂളുകളെ സർക്കാർ  ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ കാര്യങ്ങളെല്ലാം സെൽ യോഗം ചേർന്ന്‌ സമയ ബന്ധിതമായി നടത്തുമ്പോഴാണ്‌ ബിജെപി നേതാക്കൾ ജില്ലയിലെത്തി കള്ളപ്രചാരണം നടത്തുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top